കെ. രാജുവിന്റെ മന്ത്രിസ്ഥാനം തുലാസില്‍

Wednesday 22 August 2018 6:02 am IST

തിരുവനന്തപുരം: കേരളം മഹാപ്രളയത്തില്‍ മുങ്ങിയപ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് കോട്ടയം ജില്ലയുടെ ചുമതലയുണ്ടായിരുന്ന കെ. രാജു ജര്‍മനിയില്‍ പോയത് വന്‍ വിവാദമായി. ഈ പ്രശ്‌നം സംബന്ധിച്ച് സിപിഐ ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡി സംസ്ഥാന ഘടകത്തോട് വിശദീകരണം തേടിയിരിക്കുകയാണ്. ദേശീയ മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെയാണ് സംഭവം  ജനറല്‍ സെക്രട്ടറിയുടെ ശ്രദ്ധയില്‍പ്പെട്ടത്. 

മന്ത്രി പി. തിലോത്തമന് വനം വകുപ്പ് കൈമാറിയിട്ടാണ് രാജു ജര്‍മനിയിലേക്ക് പോയത്. യാത്രപോകുന്ന കാര്യമോ വകുപ്പ് കൈമാറിയ വിവരമോ മുഖ്യമന്ത്രിയെയോ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയോ അറിയിച്ചിരുന്നില്ല. മാത്രമല്ല, വകുപ്പ് കൈമാറുമ്പോള്‍ പൊതുഭരണവകുപ്പ് സെക്രട്ടറിക്ക് കത്ത് നല്‍കി ഉത്തരവിറക്കണമെന്നാണ് വ്യവസ്ഥ. ഇത് പാലിക്കാതെയാണ് വകുപ്പ് കൈമാറിയത്. ഈ പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയും കാനവും രോഷാകുലരാണ്.  

 തിരിച്ചെത്തിയ കെ. രാജു മാധ്യമങ്ങളോട് പറഞ്ഞത് മുഖ്യമന്ത്രിയെ വിവരം അറിയിച്ചിരുന്നുവെന്നാണ്. കെ. രാജുവിനെ വിളിച്ചുവരുത്തി കാനം രാജേന്ദ്രനും വിശദീകരണം തേടി. താന്‍ പോകുന്ന ആഗസ്റ്റ് 15 ന് രാത്രി പ്രളയഭീതി ഇല്ലായിരുന്നുവെന്നാണ് മന്ത്രി രാജുവിന്റെ അവകാശവാദം. എന്നാല്‍ 15ന് സ്വാതന്ത്ര്യദിന പരേഡില്‍ അഭിവാദ്യം സ്വീകരിച്ചുകൊണ്ട് മന്ത്രി കെ. രാജു പ്രളയത്തെക്കുറിച്ച് സംസാരിച്ചിരുന്നു. 

സിപിഐയിലെ മറ്റൊരു മന്ത്രിയായ വി.എസ്. സുനില്‍കുമാറിനും ജര്‍മന്‍ സന്ദര്‍ശനത്തിന് ക്ഷണമുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം യാത്ര റദ്ദാക്കുകയായിരുന്നു. ഇതോടെ മന്ത്രി രാജുവിന്റെ വാദം അപ്പാടെ പൊളിയുകയാണ്. സിപിഐയുടെ പ്രതിച്ഛായയ്ക്കും ഈ സംഭവം വലിയ കളങ്കം വരുത്തിവച്ചുവെന്നാണ് വിലയിരുത്തല്‍. പ്രളയവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഏറ്റവും അധികം ഇടപെടുന്ന റവന്യൂ വകുപ്പിന്റെ ചുമതല സിപിഐ മന്ത്രിയായ ഇ. ചന്ദ്രശേഖരനാണ്. അദ്ദേഹത്തെ സഹായിക്കാന്‍ ചുമതലപ്പെട്ട പാര്‍ട്ടിയിലെതന്നെ മറ്റൊരു മന്ത്രി ലക്ഷക്കണക്കിന് ജനങ്ങള്‍ ജീവനുവേണ്ടി കേഴുന്ന അവസരത്തില്‍ വിദേശത്തേക്ക് പുറപ്പെട്ടത് ഒരു കാരണവശാലും വച്ചുപൊറുപ്പിക്കരുതെന്നാണ് ഗ്രൂപ്പിനതീതമായി സിപിഐയിലെ വലിയൊരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നത്.

സംസ്ഥാന കൗണ്‍സില്‍ അംഗമായ കെ. രാജുവിനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കിയേക്കുമെന്നാണ് സൂചന. അതേസമയം മന്ത്രി തിലോത്തമനെതിരെയുള്ള നടപടി താക്കീതില്‍ ഒതുക്കാനാണ് സാധ്യത.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.