ആര്‍ഭാടമൊഴിവാക്കണം,പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കണം: ആര്‍എസ്എസ്

Tuesday 21 August 2018 9:11 pm IST

കോഴിക്കോട്: ആഘോഷങ്ങളില്‍ ആര്‍ഭാടം ഒഴിവാക്കാനും കേരളത്തെ വീണ്ടെടുക്കാനുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സമര്‍പ്പിത മനസ്സോടെ പങ്കാളികളാകാനും  ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ ആഹ്വാനം ചെയ്തു.

മഹാപ്രളയദുരന്തത്തില്‍ ജനത വിറങ്ങലിച്ചു നില്‍ക്കുകയാണ്. അത്യന്തം ഭീതിദവും ദയനീയവുമായ അവസ്ഥയെയാണ് നാം അഭിമുഖീകരിക്കുന്നത്. മഹാനാശത്തിന്റെ ഞെട്ടലില്‍ നിന്ന് കേരളം  മുക്തരായിട്ടില്ല. കേരളത്തെ പുനര്‍സൃഷ്ടിക്കുകയെന്ന മഹാദൗത്യമാണ് ഓരോ പൗരനിലും വന്നുചേര്‍ന്നിരിക്കുന്നത്.

 കരുണാര്‍ദ്രയോടെ സാന്ത്വനത്തിന്റെ കൈത്താങ്ങുമായി കേരളത്തിനകത്തും പുറത്തുമുള്ള സഹോദരങ്ങളും സംഘടനകളും സര്‍ക്കാരുകളും, മറ്റു പലവിധ സംവിധാനങ്ങളും തുണയ്ക്കായി എത്തുന്നുണ്ട്. ഇത് ഹൃദയപൂര്‍വം സ്മരിക്കുന്നു. സകല ഭേദഭാവങ്ങളും വിസ്മരിച്ച് നിസ്വാര്‍ത്ഥവും, ആത്മാര്‍ത്ഥവുമായ സഹകരണം നല്‍കിയ എല്ലാ വ്യക്തികളേയും സംഘടനകളേയും അഭിനന്ദിക്കുന്നു. സ്വജീവന്‍ തൃണവല്‍ഗണിച്ചും നിരവധി ജീവനുകളെ രക്ഷിച്ച മത്സ്യപ്രവര്‍ത്തകസഹോദരങ്ങളോടുള്ള കടപ്പാടും നന്ദിയും സ്മരിക്കുന്നു.

പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ സമാജത്തിന്റേയും സഹായവും സഹകരണവും അഭ്യര്‍ത്ഥിക്കുന്നു. ഓണം, ശ്രീകൃഷ്ണ ജയന്തി, ഗണേശ ചതുര്‍ത്ഥി എന്നീ ഉത്സവങ്ങളില്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കണം. സ്വയംസേവകരോടും, സമൂഹത്തോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ആഘോഷങ്ങളുടെ നടത്തിപ്പിന്  ശേഖരിക്കുന്ന ധനം ദുരിതാശ്വാസ- പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി സമര്‍പ്പിക്കാനും  ആ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാനും അദ്ദേഹം അഭ്യര്‍ഥിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.