കടലാഴമുള്ള സ്‌നേഹത്തിന്റെ മക്കള്‍

Wednesday 22 August 2018 3:16 am IST
മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ സംസ്ഥാന ചുമതലയുള്ളവരും പ്രവര്‍ത്തകരും അതിന് പുറത്തുള്ള മത്സ്യത്തൊഴിലാളികളും തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് ജീവന്‍ വെടിഞ്ഞ ഹതഭാഗ്യരുടെ എണ്ണം വളരെ കുറഞ്ഞത്. അല്ലായിരുന്നെങ്കില്‍ സ്ഥിതി ഗുരുതരമാവുമായിരുന്നു. ആരുടെയെങ്കിലും ആഹ്വാനമോ, വാഗ്ദാനമോ, സമ്മാനമോ പ്രതീക്ഷിച്ചായിരുന്നില്ല അവര്‍ ഇക്കാര്യത്തിനായി ഇറങ്ങിത്തിരിച്ചത്. ദുരിതത്തിന്റെ തീവ്രതയും വേദനയും ഇത്രത്തോളം അറിഞ്ഞ മറ്റൊരു സമൂഹമുണ്ടാവില്ല.

കടലാഴത്തോളം കരുതലും കരുത്തും കാരുണ്യവുമുള്ളവരാണ് മത്സ്യത്തൊഴിലാളികള്‍ എന്ന് ആലങ്കാരികമായി പറയാറുണ്ട്. എന്നാല്‍ അത് അക്ഷരം പ്രതി ശരിവെക്കുന്ന നേര്‍ക്കാഴ്ചയാണ് പ്രളയകാലത്തുണ്ടായത്. കേരളത്തിലെ തീരപ്രദേശങ്ങളില്‍ നിന്ന് ദുരന്തമുഖത്തെത്തിയ മത്സ്യത്തൊഴിലാളികള്‍ നിസ്സഹായരുടെ മുമ്പില്‍ ദൈവത്തെപ്പോലെയായിരുന്നു. കടലമ്മയുടെ ലാളനയും രൗദ്രതയും വേണ്ടുവോളം കണ്ടും അനുഭവിച്ചും ഇരുത്തം വന്ന കടലിന്റെ മക്കള്‍ ആര്‍ത്തിരമ്പിയെത്തുന്ന വെള്ളപ്പാച്ചിലില്‍ നെടുങ്കോട്ടയായാണ് ഭൂരിപക്ഷം മനുഷ്യജീവിതങ്ങള്‍ക്കും രക്ഷ നല്‍കിയത്. അവരുടെ നിശ്ചയദാര്‍ഢ്യത്തിനും ഒത്തൊരുമയ്ക്കും പ്രവര്‍ത്തനങ്ങള്‍ക്കും മുമ്പില്‍ എല്ലാ തടസ്സങ്ങളും ഒഴിവാകുകയായിരുന്നു.

മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ സംസ്ഥാന ചുമതലയുള്ളവരും പ്രവര്‍ത്തകരും അതിന് പുറത്തുള്ള മത്സ്യത്തൊഴിലാളികളും തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് ജീവന്‍ വെടിഞ്ഞ ഹതഭാഗ്യരുടെ എണ്ണം വളരെ കുറഞ്ഞത്. അല്ലായിരുന്നെങ്കില്‍ സ്ഥിതി ഗുരുതരമാവുമായിരുന്നു. ആരുടെയെങ്കിലും ആഹ്വാനമോ, വാഗ്ദാനമോ, സമ്മാനമോ പ്രതീക്ഷിച്ചായിരുന്നില്ല അവര്‍ ഇക്കാര്യത്തിനായി ഇറങ്ങിത്തിരിച്ചത്. ദുരിതത്തിന്റെ തീവ്രതയും വേദനയും ഇത്രത്തോളം അറിഞ്ഞ മറ്റൊരു സമൂഹമുണ്ടാവില്ല. 

എന്നാല്‍ അവരുടെ വേദനകളിലേക്ക് ചെറിയൊരു കണ്ണോട്ടം പോലും നടത്താത്തവരാണ് ബഹുഭൂരിപക്ഷം പേരുമെന്ന് ഓര്‍ക്കേണ്ടതുണ്ട്. അവഗണനയുടെ ചതുപ്പു നിലങ്ങളില്‍ നിസ്സഹായരായി കഴിയുന്ന അവര്‍ക്ക് അര്‍ഹിക്കുന്നവ പോലും നല്‍കാന്‍ അധികൃതര്‍ തയാറാവാറില്ല എന്ന ദുഃഖസത്യം കൂടി ഇതിനൊപ്പം ചേര്‍ത്തുവെക്കണം. ഇത്രയൊക്കെ വേദനയ്ക്കും അവഗണനയ്ക്കും വിധേയരായി കഴിയുന്ന അവരാണ് ദുരന്തത്തിന്റെ ആദ്യ വിവരം ലഭിച്ചപ്പോള്‍ തന്നെ അവിടേക്ക് കുതിച്ചതെന്നറിയുമ്പോള്‍ അഭിമാനം കൊണ്ട് രോമാഞ്ചമണിഞ്ഞുപോവുന്നു. 

ദുരന്ത സമയത്ത് സുഖസുന്ദരമായി മൊബൈല്‍ ഫോണില്‍ കമന്റിട്ട് രസിച്ചിരിക്കുന്നവരുടെ മുമ്പില്‍ ഈ മത്സ്യത്തൊഴിലാളി സഹോദരങ്ങളുടെ പ്രവൃത്തിയെ വിശേഷിപ്പിക്കുവാന്‍ വാക്കുകളില്ല തന്നെ. കാസര്‍കോട് ജില്ലയിലെ ഹോസ്ദുര്‍ഗ്, അജാനൂര്‍,കണ്ണൂരിലെ നീര്‍ക്കടവ്, തലശ്ശേരി, ന്യൂമാഹി, ഗോപാലപേട്ട, തലായ്, കോഴിക്കോട് ജില്ലയിലെ കാപ്പാട്, ഗുരുകുലം ബീച്ച്,  കണ്ണങ്കടവ്, വെള്ളയില്‍, പയ്യോളി, പുതിയാപ്പ, കൊല്ലം, മലപ്പുറത്തെ പരപ്പനങ്ങാടി, താനൂര്‍, തൃശൂര്‍ ജില്ലയിലെ ചാവക്കാട്, വാടാനപ്പള്ളി, നാട്ടിക, കൊടുങ്ങല്ലൂര്‍ കാരകടപ്പുറം, എറണാകുളത്തെ ചെല്ലാനം, ഇടക്കൊച്ചി, പെരുമ്പടപ്പ്, മുനമ്പം, വൈപ്പിന്‍, ഫോര്‍ട്ടുകൊച്ചി, പള്ളുരുത്തി, ആലപ്പുഴയിലെ ചേര്‍ത്തല, അരൂര്, തോട്ടപ്പള്ളി, പുന്നപ്ര, പുറക്കാട്, കൊല്ലത്തെ കായംകുളം, കരുനാഗപ്പള്ളി, നീണ്ടകര, തിരുവനന്തപുരത്തെ പൂന്തുറ, വിഴിഞ്ഞം എന്നിവിടങ്ങളില്‍ നിന്നാണ് പരിചയസമ്പന്നരായ മത്സ്യത്തൊഴിലാളി സഹോദരങ്ങള്‍ രക്ഷാ പ്രവര്‍ത്തനത്തിന് സാമഗ്രികളുമായി ഇറങ്ങിത്തിരിച്ചത്. 

സ്വയംസന്നദ്ധരായി പോയവര്‍ പ്രളയം അടങ്ങിയ ശേഷം ആരുടേയും ഭംഗിവാക്കിനും പാരിതോഷികങ്ങള്‍ക്കും കാത്തു നില്‍ക്കാതെ സ്വന്തം സ്ഥലങ്ങളിലേക്ക് തിരിക്കുകയും ചെയ്തു. അതില്‍ ഏതാണ്ട് ആറു പേര്‍ക്കാണ് സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ക്കിടെ ജീവന്‍ വെടിയേണ്ടിവന്നത്.

ഓഖി, സുനാമി വേളകളില്‍ കണ്ണീരും കൈയുമായി ജീവിതത്തിന്റെ നൂല്‍പ്പാലത്തിലൂടെ നടന്നുപോവാന്‍ വിധിക്കപ്പെട്ട മത്സ്യത്തൊഴിലാളി സഹോദരന്മാരോട് പൊതു സമൂഹം എന്തു നിലപാടു സ്വീകരിച്ചുവെന്ന് ഇത്തരുണത്തില്‍ ഓര്‍ത്താല്‍ നന്ന്. ഔദ്യോഗിക സംവിധാനങ്ങളോ ഫണ്ടോ ഇല്ലാതെ സ്വന്തം കൈയിലുള്ള പണമെടുത്താണ് ദുരന്തമുഖത്ത് അവര്‍ കൈമെയ് മറന്ന് പ്രവര്‍ത്തിച്ചതെന്നോര്‍ക്കുമ്പോള്‍ കടലമ്മയുടെ മക്കള്‍ക്ക് എന്ത് നല്‍കിയാണ് നാം കടം വീട്ടുക? തിരിച്ചറിവിന്റെ തീര്‍ഥയാത്രയില്‍ അവരെ നമുക്കൊപ്പം ചേര്‍ത്തു നിര്‍ത്തുകയത്രെ പുണ്യം. താനൂര്‍ ചാപ്പപ്പടിയിലെ ജൈസല്‍ എന്ന മത്സ്യത്തൊഴിലാളി സ്വന്തം ശരീരം ചവിട്ടുപടിയാക്കി രക്ഷാ ബോട്ടിലേക്ക് ആളുകളെ കയറ്റിയ പ്രവൃത്തിയെ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത് എന്നറിയുന്നില്ല.

ഒന്നും ആഗ്രഹിക്കാത്ത മത്സ്യത്തൊഴിലാളി സഹോദരന്മാര്‍ തങ്ങളുമായി രക്തബന്ധമില്ലാത്ത ആയിരങ്ങളെ സ്വസഹോദരങ്ങളെപ്പോലെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് ജീവിതത്തിന്റെ സുരക്ഷാ പാതയിലേക്ക് കൊണ്ടുവന്നതില്‍ നാട് ഒന്നടങ്കം അഭമാനിക്കുകയാണ്. എന്നും കടലിന്റെ കാര്‍ക്കശ്യത്തിന് വിധേയരായി കഴിയുന്ന അവര്‍ക്കുവേണ്ടി സകലരുടെയും ഹൃദയത്തില്‍ ഒരിത്തിരി സ്ഥലം നീക്കിവെക്കണം. ഓരോ പ്രഭാതം പൊട്ടിവിടരുമ്പോഴും പേരറിയാത്ത, എവിടെയോ കഴിയുന്ന മത്സ്യത്തൊഴിലാളി സഹോദരനെ നന്ദിയോടെ സ്മരിക്കണം. അവര്‍ക്ക് അതു മതി, ഏതുപഹാരത്തിനും അഭിനന്ദനത്തിനും മുകളില്‍ അത് സൂര്യതേജസ്സോടെ ജ്വലിച്ചുനില്‍ക്കും. അവുടെ പേരില്‍ ഞങ്ങളും അഭിമാനം കൊള്ളുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.