മന്ത്രി തിരിച്ചെത്തി, എംപിമാരോ?

Wednesday 22 August 2018 3:24 am IST
മടങ്ങിയത്തിയ മന്ത്രി ആരോപണങ്ങളെല്ലാം നിഷേധിച്ചു. മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും വിദേശപര്യടനം അറിയാമായിരുന്നു. ഈ നാണക്കേട് മൂടിവയ്ക്കാന്‍ മന്ത്രിരാജുവിനോട് വിശദീകരണം ചോദിക്കുമെന്ന മഹാമനസ്‌കതയാണ് കാനം രാജേന്ദ്രന്‍ കാണിച്ചത്. ആര്‍ക്കുവേണം ഈ വിശദീകരണം. ആര് ഉള്‍ക്കൊള്ളും ഈ മന്ത്രിയെ? രാജി എന്ന വാക്കാണ് മന്ത്രിയില്‍ നിന്ന് കേള്‍ക്കേണ്ടത്. അത് വാങ്ങിക്കാന്‍ സിപിഐ തയ്യാറാകുമോ? മുഖ്യമന്ത്രി രാജി ആവശ്യപ്പെടുമോ? സൗജന്യമായി കാബിനറ്റ് പദവിയുള്ള ചീഫ് വിപ്പിനെ കിട്ടിയിട്ടും അതാരെന്ന് തീരുമാനിക്കാന്‍ ത്രാണിയില്ലാത്ത പാര്‍ട്ടിക്ക് എങ്ങിനെ നേരും നെറിയുമില്ലാത്ത മന്ത്രിയെ രാജിവയ്പിക്കാനാകും!

റോമാനഗരം കത്തുമ്പോള്‍ വീണവായിച്ച നീറോയുടെ കഥ കേള്‍ക്കാത്തവരുണ്ടാകില്ല. നീറോയുടെ പുനരവതാരങ്ങള്‍ കേരളത്തിലാണുണ്ടായത്. കേരളം മുമ്പൊരിക്കലും കാണാത്ത കഠിന ദുരന്തം പ്രളയത്തിലൂടെ എത്തിയപ്പോള്‍ ഒരു മന്ത്രിയും ചില എം.പിമാരും വിദേശത്തായിരുന്നു. പ്രളയക്കെടുതി അതിജീവിക്കാനും ഏകോപനം നടത്താനും നിയോഗിക്കപ്പെട്ടയാളാണ് മന്ത്രി. കോട്ടയം ജില്ലയുടെ ചുമതലയിലായിരുന്ന വനം മന്ത്രി കെ.രാജു ജര്‍മ്മനിയിലേക്കാണ് പറന്നത്. 

ലോകമലയാളി സംഘടനയുടെ സമ്മേളനത്തിനാണ് മന്ത്രി കാടും നാടും വിട്ട് ജര്‍മ്മനിയിലെത്തിയത്. ലോകം കണ്ട ഏറ്റവും വലിയ ക്രൂരനായ ഭരണാധികാരി ഹിറ്റ്‌ലറുടെ ആധിപത്യത്തിലായിരുന്ന ജര്‍മ്മനിയില്‍ മന്ത്രി പോകുന്നതില്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടിക്ക് എതിര്‍പ്പുണ്ടായിരുന്നില്ല. മാര്‍ക്‌സിസ്റ്റായ മുഖ്യമന്ത്രി പിണറായി വിജയനും പോണമെങ്കില്‍ പോയിക്കോ എന്ന നിലപാടായിരുന്നു. കേരളമാകെ മുങ്ങിയപ്പോള്‍ കേരളത്തില്‍ നിന്നും മന്ത്രി മുങ്ങാക്കയത്തിലായത് വിവാദമായപ്പോഴാണ് മന്ത്രി പോയത് അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചത്. പലരും മൂക്കത്ത് വിരല്‍വച്ചു. ഇതെന്താ വെള്ളരിക്കാ പട്ടണമോ?

മുഖ്യമന്ത്രി അറിയാതെ ഒരു മന്ത്രി വിദേശത്ത് പോവുകയോ? ആ മന്ത്രിയുടെ വകുപ്പ് ആര്? ആരെ ഏല്പിച്ചു? ചോദ്യം ശക്തമായപ്പോഴാണ് വകുപ്പ് സ്വന്തം പാര്‍ട്ടിക്കാരനായ തിലോത്തമനെ എല്‍പ്പിച്ചു എന്ന വിശദീകരണം വന്നത്. പക്ഷേ അക്കാര്യം മുഖ്യമന്ത്രി അറിഞ്ഞില്ല. പൊതുഭരണവകുപ്പും അറിഞ്ഞില്ല. മന്ത്രി രാജു സ്വന്തം ലെറ്റര്‍ പാഡില്‍ തിലോത്തമനോട് വനം വകുപ്പുകൂടി താങ്കള്‍ നോക്കണമെന്നറിയിച്ചത്. കേട്ടുകേള്‍വിയില്ലാത്തതാണിത്. അഭിഭാഷകന്‍ കൂടിയായ മന്ത്രി രാജുവിന് വിദ്യാഭ്യാസം ഇല്ലെന്നാരും പറയില്ല. പക്ഷേ വിവരദോഷി എന്ന് വിശേഷിപ്പിക്കേണ്ടിവരും. 

കൊടുക്കുന്നവന് വിവരമില്ലെങ്കില്‍ വാങ്ങുന്നവന്‍ അറിയേണ്ടതല്ലേ? അതും ഉണ്ടായില്ല. സംഗതി വഷളാകുന്നു എന്നറിഞ്ഞപ്പോഴാണ് തത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റെ ഹോള്‍സെയില്‍കാരനായ കാനം രാജേന്ദ്രന് വിവരം വന്നത്. മന്ത്രി രാജുവിനോട് ഉടന്‍ മടങ്ങണമെന്ന് നിര്‍ദ്ദേശം നല്‍കി.

ആഗസ്റ്റ് 16 ന് രാജ്യം വിട്ട മന്ത്രിയുടെ മണ്ഡലമായ പുനലൂരില്‍ മഴയും കാറ്റും നാശം വിതച്ചിരുന്നു. കേരളമാകെ കേഴുകയും ചെയ്തു. 20 ന് മടങ്ങിയത്തിയ മന്ത്രി ആരോപണങ്ങളെല്ലാം നിഷേധിച്ചു. മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും വിദേശപര്യടനം അറിയാമായിരുന്നു. ഈ നാണക്കേട് മൂടിവയ്ക്കാന്‍ മന്ത്രിരാജുവിനോട് വിശദീകരണം ചോദിക്കുമെന്ന മഹാമനസ്‌കതയാണ് കാനം രാജേന്ദ്രന്‍ കാണിച്ചത്. ആര്‍ക്കുവേണം ഈ വിശദീകരണം. ആര് ഉള്‍ക്കൊള്ളും ഈ മന്ത്രിയെ? രാജി എന്ന വാക്കാണ് മന്ത്രിയില്‍ നിന്ന് കേള്‍ക്കേണ്ടത്. അത് വാങ്ങിക്കാന്‍ സിപിഐ തയ്യാറാകുമോ? മുഖ്യമന്ത്രി രാജി ആവശ്യപ്പെടുമോ? സൗജന്യമായി കാബിനറ്റ് പദവിയുള്ള ചീഫ് വിപ്പിനെ കിട്ടിയിട്ടും അതാരെന്ന് തീരുമാനിക്കാന്‍ ത്രാണിയില്ലാത്ത പാര്‍ട്ടിക്ക് എങ്ങിനെ നേരും നെറിയുമില്ലാത്ത മന്ത്രിയെ രാജിവയ്പിക്കാനാകും!

പൊന്നാനി എം.പി മുഹമ്മദ് ബഷീര്‍ വനം വകുപ്പ് മന്ത്രിയോടൊപ്പമുണ്ടായിരുന്നു. അയാളെ തിരിച്ചുവിളിക്കാന്‍ തങ്ങളാരും ആവശ്യപ്പെട്ടതായി കണ്ടില്ല. ഏതായാലും തെങ്ങേല്‍ കേറിയതല്ലെ ഇനി താളിയും പറിച്ചിറങ്ങാം എന്ന മനോഭാവത്തിലാണോ എം.പി.എന്നറിയില്ല. എം.പി. വന്നാലും വന്നില്ലേലും കോണിയുണ്ടല്ലോ എന്ന ഭാവത്തിലാകും അണികളെല്ലാം.

തലസ്ഥാന നഗരത്തെ പ്രതിനിധീകരിക്കുന്ന എം.പി.ശശി തരൂര്‍ ഹിന്ദു പാകിസ്ഥാനിലാണെന്നാണ് ധരിച്ചത്. ട്വീറ്റ് കണ്ടപ്പോഴാണ് ജനീവയിലാണെന്നറിഞ്ഞത്. ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സഹായവും സാധനസാമഗ്രികള്‍ സംഘടിപ്പിക്കാനുമാണ് ജനീവയിലെ ദൗത്യമെന്നാണ് ട്വീറ്റ്. കേരളത്തില്‍ വെള്ളം പൊങ്ങിയപ്പോള്‍ ജനീവയില്‍ മുങ്ങിയതിന്റെ കാരണം ദുരൂഹമാണ്. ഏതായാലും ഐക്യരാഷ്ട്രസഭ ഇന്ത്യയിലെ ഏത് പ്രതിസന്ധിയേയും നേരിടാന്‍ കേന്ദ്രസര്‍ക്കാരിന് കെല്‍പുണ്ടെന്ന് വ്യക്തമാക്കി. കേന്ദ്ര-കേരള സര്‍ക്കാരുകള്‍ നല്ല രീതിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നടക്കുന്നതായും വ്യക്തമാക്കി. മാത്രമല്ല, ഇന്നത്തെ സാഹചര്യത്തില്‍ പ്രളയം നേരിടാന്‍ ഐക്യരാഷ്ട്രസഭയുടെ സഹായം ആവശ്യമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. എന്നിട്ടും തരൂരിന്റെ തിരിഞ്ഞുകളി എന്തിനാവും?

700 കോടി യുഎഇ സര്‍ക്കാര്‍ നല്‍കുന്നു എന്നു കേട്ടപ്പോള്‍ ചില അന്തം കമ്മികള്‍ കൈകാലിട്ടടിക്കുകയാണ്. പ്രധാനമന്ത്രി 500 കോടിയല്ലേ പ്രഖ്യാപിച്ചുള്ളൂ എന്നാണവരുടെ അരിശം. യുഎഇ നല്‍കിയതിന്റെ പതിന്മടങ്ങാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചുകൊണ്ടിരിക്കുന്നത്. അരിശം കൊള്ളുന്നവര്‍ പിണറായിയുടെ മിത്രങ്ങളല്ല, ശത്രുക്കളാണ്. അക്കൂട്ടത്തില്‍ പാര്‍ട്ടി സെക്രട്ടറിയുമുണ്ടെന്നതാണ് രസകരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.