ഇത് ഈശ്വരന്‍ നല്‍കിയ രണ്ടാം ജന്മം

Wednesday 22 August 2018 3:28 am IST
ജന്മഭൂമി മാവേലിക്കര ബ്യൂറോയിലെ ലേഖിക അശ്വതി.ജെയുടെ നടുക്കുന്ന അനുഭവം

15-ാം തീയതി അര്‍ദ്ധരാത്രിയില്‍ അയല്‍പ്പക്കത്തെ ചേട്ടന്റെ പരിഭ്രാന്തിയോടെയുള്ള വിളികേട്ടാണ് ഞെട്ടിയുണര്‍ന്നത്. മുറ്റത്തെത്തിയപ്പോള്‍ വെള്ളം. പമ്പയാറ്റില്‍ വലിയ രീതിയില്‍ വെള്ളം ഉയരുന്നതായും രക്ഷപെടാനും പറഞ്ഞു. ഉടന്‍ തന്നെ ഉറങ്ങിക്കിടന്നിരുന്നു മകന്‍ ഒരു വയസ്സുകാരന്‍ ദീക്ഷിതിനെയും വാരിപുണര്‍ന്ന് അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പം മുകളിലത്തെ നിലയിലേക്ക് കയറി. 

പിന്നീട് പരിഭ്രാന്തിയുടെ മണിക്കൂറുകള്‍... നോക്കി നില്‍ക്കെ വെള്ളം ഉയരുന്നു. നേരം പുലര്‍ന്നപ്പോഴേക്കും വീടിന്റെ താഴത്തെ നിലയില്‍ രണ്ടടിയോളം വെള്ളമെത്തി. വിവരം അറിഞ്ഞ് ചെട്ടികുളങ്ങരയില്‍ നിന്നും ഭര്‍തൃസഹോദരന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ കൂടിയായ രാജേഷ് എത്താന്‍ ശ്രമിച്ചെങ്കിലും തിരുവന്‍വണ്ടുരിലേക്കുള്ള വഴികളെല്ലാം വെള്ളത്തിലായിരുന്നു. 

ഉച്ചയ്ക്ക് ശേഷം കിട്ടിയ ഒരു വള്ളത്തില്‍ രക്ഷാപ്രവര്‍ത്തകരുമായി വീട്ടിലെത്തി. വള്ളത്തിലുണ്ടായിരുന്ന അഞ്ചുപേര്‍ക്കൊപ്പം ഞാനും കുഞ്ഞും കയറി. ആദ്യമായാണ് വള്ളത്തില്‍ കയറുന്നത്. കുതിച്ചൊഴുകുന്ന വെള്ളം. വള്ളത്തില്‍ കയറിയപ്പോള്‍ തന്നെ ഭയന്നിരുന്നു. ഈ സമയത്താണ് അടുത്തൊരു വീട്ടില്‍ പ്രായമായ ഒരാള്‍ വളരെ അവശനിലയിലാണെന്ന വിവരം ലഭിക്കുന്നത്. ഇതോടെ വേഗം കൂട്ടിയ വള്ളം ആ ഭാഗത്തേക്ക് തുഴഞ്ഞു. തിരുവന്‍വണ്ടൂര്‍ ക്ഷേത്രത്തിനു സമീപം വടുതലപടിയില്‍ എത്തിയപ്പോള്‍ വള്ളം മരക്കമ്പില്‍ തട്ടി മറിഞ്ഞു. വീഴ്ചയില്‍ മുറുകെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും എന്റെ കുഞ്ഞ് കയ്യില്‍ നിന്നും വഴുതിപോയി. ഞാന്‍ ഒഴുക്കില്‍പ്പെട്ടു. 

 ശക്തമായ ഒഴുക്കില്‍പ്പെട്ട് 100 മീറ്ററോളം പോയപ്പോള്‍ ഒരു ജാതിമരത്തിന്റെ കമ്പില്‍ പിടികിട്ടി. എന്നാല്‍ നിലയില്ലാകയത്തില്‍ ശക്തമായ ഒഴുക്കില്‍ കമ്പില്‍ പിടിച്ചു കിടക്കുക അതിസാഹസമായിരുന്നു. ഓരോ മിനിട്ട് കഴിയുമ്പോഴും ഒഴുക്ക് പിന്നോട്ട് വലിച്ചു കൊണ്ടിരുന്നു. കമ്പില്‍ നിന്ന് പിടിവിട്ടു പോകുമെന്ന അവസ്ഥ. എല്ലാ അവസാനിച്ചെന്ന് ഉറപ്പിച്ച നിമിഷം. കുഞ്ഞ്, അച്ഛന്‍, അമ്മ, അനിയന്‍, ഭര്‍ത്താവ്, ബന്ധുക്കള്‍ എല്ലാവരുടെയും മുഖം മനസ്സിലൂടെ മിന്നിപ്പാഞ്ഞു. കമ്പില്‍ നിന്ന് പിടിവിട്ട അതേ സമയം കുതിച്ചെത്തിയ തിരുവന്‍വണ്ടൂരിലെ വിനോദ് എന്നയാള്‍ എത്തി പിടിച്ചില്ലായിരുന്നെങ്കില്‍ പ്രളയത്തിന്റെ ആഴത്തിലേക്ക് പോകുമായിരുന്നു. 

ഒഴുക്കില്‍ കൈവിട്ടു പോകാതിരിക്കാനായി വിനോദിന്റെ കാലുമായി എന്റെ കാല് കൂട്ടിക്കെട്ടിയാണ് രക്ഷപെടുത്തിയത്. കരയിലെത്തിയപ്പോള്‍ ആദ്യം തെരഞ്ഞത് മകനെ. സുരക്ഷിതനായി ഭര്‍തൃ സഹോദരന്റെ കയ്യില്‍ ഇരിക്കുന്നത് കണ്ടപ്പോള്‍ ആശ്വസമായി. എന്നാല്‍ പിന്നീടാണ് മകന്‍ അത്ഭുതകരമായി രക്ഷപെട്ടത് അറിയുന്നത്. 

വള്ളം മറിഞ്ഞതോടെ വെള്ളത്തില്‍ പോയ മകന്‍ സമീപത്തുള്ള വാഴകൂട്ടത്തിലേക്കാണ് വീണത്. അതിനാല്‍ ഒഴുക്കില്‍പ്പെട്ടില്ല. വെള്ളത്തില്‍ ഒന്നു പൊങ്ങിയ ഒന്നരവയസ്സുകാരനെ കണ്ട് രക്ഷാപ്രവര്‍ത്തകനായ രാജേഷ് എത്തിയപ്പോഴേക്കും കുഞ്ഞ് വീണ്ടും താണുപോയി. എന്നാല്‍ അത്ഭുതമെന്നെ പറയേണ്ടു, അതേ സ്ഥലത്ത് തന്നെ കുഞ്ഞ് വീണ്ടും ഉയര്‍ന്ന് പൊങ്ങിയതോടെ രാജേഷ് അവനെ വാരിയെടുത്തു മാറോടു ചേര്‍ത്തു.  

ഈശ്വരന്‍ നല്‍കിയ രണ്ടാം ജന്മത്തില്‍ നിറകണ്ണുകളോടെ മകനെയും വാരിപ്പുണര്‍ന്ന് നിന്ന ഞങ്ങളെ രക്ഷാപ്രവര്‍ത്തകര്‍ സമീപത്തെ വീടിന്റെ മുകളിലത്തെ നിലയില്‍ എത്തിച്ചു. വീഴ്ചയില്‍ എന്റെയും ഭര്‍തൃസഹോദരന്റെയും മൊബൈലുകള്‍ വെള്ളത്തില്‍ നഷ്ടപ്പെട്ടു. ഇതോടെ വിവരം ഇരുവീട്ടുകാരെയും അറിയിക്കാന്‍ പറ്റിയില്ല. രക്ഷപ്പെട്ടെത്തിയ വീട്ടിലെ ചേച്ചി നൈറ്റിയും സമീപത്തെ വീട്ടിലെ കുഞ്ഞിന്റെ ഉടുപ്പും നല്‍കി. തണുത്ത് വിറച്ച് ഭയപ്പെടുത്തുന്ന ഓര്‍മ്മകളുമായി ശേഷിച്ച പകലും രാത്രിയും പിന്നിട്ടു. ഇതിനിടയില്‍ വിവരം അറിയാതെ എന്റെ വീട്ടുകാരും ഭര്‍തൃവീട്ടുകാരും പരിഭ്രാന്തരായി. ഞങ്ങളുടെ രണ്ടുപേരുടെയും ഫോണുകളില്‍ ലഭിക്കുന്നില്ല. രണ്ടാം ദിവസമായതോടെ എല്ലാവരുടെയും ഫോണുകള്‍ ഓഫായി. 

വെള്ളിയാഴ്ച പകല്‍ 11മണിയോടെ കിട്ടിയ മുളചങ്ങാടത്തില്‍ അച്ഛന്‍ എത്തിയപ്പോഴാണ് വീട്ടുകാര്‍ വിവരങ്ങള്‍ അറിയുന്നത്. പിന്നീട് അച്ഛന്റെ കൂടെ തിരികെ വീട്ടിലേക്ക്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിവരെ വീടിന്റെ മുകള്‍ നിലയില്‍. കുടിവെള്ളമില്ല, വെളിച്ചമില്ല, സാധനങ്ങള്‍ ഉണ്ടെങ്കിലും പാചകം ചെയ്യാന്‍ മാര്‍ഗമില്ല. ഇടയ്ക്ക് വള്ളത്തില്‍ എത്തിയ രണ്ടു പേര്‍ എറിഞ്ഞു തന്ന രണ്ടു കവര്‍ ബിസ്‌ക്കറ്റ്. ഇടയ്ക്കിടയ്ക്കുള്ള മകന്റെ കരച്ചില്‍. മരുന്ന് കഴിക്കാതായതോടെ അച്ഛന്റെ അവശത...മറക്കാനാവില്ല പിന്നിട്ട ഓരോ നിമിഷവും.

ഞായറാഴ്ച ഉച്ചയ്ക്ക് എത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം വള്ളത്തില്‍ തിരുവന്‍വണ്ടൂര്‍ ജങ്ഷനിലെത്തി ടിപ്പര്‍ ലോറിയില്‍ ചെങ്ങന്നൂരില്‍. 

ഇവിടെ നിന്നും ഓട്ടോറിക്ഷയില്‍ കായംകുളം എരുവയിലെ ഭര്‍തൃസഹോദരന്റെ വീട്ടില്‍. ഇവിടെയെത്തി ഒരു ദിവസം കഴിയുമ്പോഴും പിന്നിട്ട മണിക്കൂറിലെ പേടിപ്പെടുത്തുന്ന ഓര്‍മ്മകള്‍ വേട്ടയാടുന്നു. ഇനി സുഖമായുറങ്ങാന്‍ സാധിക്കുമോ അറിയില്ല...നാലുദിവസത്തെ ഭീതിപ്പെടുത്തുന്ന ഓര്‍മകള്‍ ഉറക്കത്തില്‍ ഞെട്ടിയുണരുന്ന പേടി സ്വപ്നമായി ജീവിതത്തില്‍ എന്നുമുണ്ടാകും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.