മരണവായില്‍ നിന്ന് മടങ്ങിയെത്തി

Wednesday 22 August 2018 2:32 am IST

ശബരിമലക്കാടുകളില്‍ നിന്ന് കുത്തിയൊലിച്ചെത്തിയ മലവെള്ളത്തിന്റെ തണുപ്പ് മാറിയെങ്കിലും മനസ്സില്‍ നിന്നൊഴിയാന്‍ നാളുകള്‍ വേണം. 32 മണിക്കൂര്‍... മരണത്തെ മുഖാമുഖം കണ്ടു എന്നല്ല, മരണം ഒഴിവാക്കാനാകില്ല എന്നു മനസ്സുകൊണ്ട് അംഗീകരിച്ച, ആ നിമിഷങ്ങള്‍ എങ്ങനെ മറികടക്കും എന്നു ആലോചിച്ച മണിക്കൂറുകള്‍... 

ചെങ്ങന്നൂരിലെ വീടിന്റെ ആദ്യനില മുങ്ങി, രണ്ടാം നിലയില്‍ വെള്ളം കയറിത്തുടങ്ങിയപ്പോഴാണ് കാര്യങ്ങള്‍ കൈവിട്ടുപോകുന്നുവെന്ന് ബോധ്യമായത്. വെള്ളം അരയറ്റം എത്തിയിട്ടും സഹായത്തിനായി എല്ലാവര്‍ക്കും സന്ദേശം അയച്ചിട്ടും ഒരു ബോട്ട് പോലും ആ വഴിക്ക് വന്നില്ല... ആഗസ്ത് 14ന് രാവിലെ വരെ അധികൃതരുടെ സംവിധാനം അനുസരിച്ച് ഒരു ബോട്ടിനും ആ വഴി വരാനാകുമായിരുന്നില്ല. അത്രയ്ക്കായിരുന്നു ഒഴുക്ക്. ബുധനാഴ്ച രാത്രിയായിരുന്നു ഏറ്റവും ഭീകരം. വീടിനു ചുറ്റും ആര്‍ത്തലച്ചു ഒഴുകുന്ന കല്ലും ചെളിയുമുള്ള മലവെള്ളം. കടുത്ത ഇരുട്ടും തണുപ്പും. ദൂരെ എവിടെയൊക്കെയോ ഉയരുന്ന നിലവിളികള്‍. വളര്‍ത്തുമൃഗങ്ങളുടെ കരച്ചില്‍.

രണ്ടാം നിലയിലെ, സുരക്ഷിതമെന്നു തോന്നിയ മൂലയ്ക്കിരുന്ന ഞങ്ങളുടെ കാലുകളില്‍ വെള്ളം വന്നു തട്ടിയപ്പോള്‍ ഉള്ളൊന്നു കാളി. പിന്നെ നേരം വെളുത്തപ്പഴേക്കും വെള്ളം അരയറ്റം. 82 വയസുള്ള അമ്മയും ഭാര്യയൂം അമ്പരന്നിരുന്നു. ഞാന്‍ പക്ഷെ തകര്‍ന്നുപോയത് എന്നെ കെട്ടിപിടിച്ചു അടുത്തിരുന്നു നമഃശിവായ ചൊല്ലുന്ന 12 വയസ്സുകാരന്‍ മകന്റെ മുഖം കണ്ടപ്പോഴാണ്. അവനെ മാത്രം ആരെങ്കിലും രക്ഷിച്ചെങ്കില്‍ എന്നു പോലും ആശിച്ചു. പക്ഷേ, കടന്നുപോകുന്ന ഓരോ നിമിഷത്തോടും ഒപ്പം ആ പ്രതീക്ഷയും നശിക്കുകയിരുന്നു.

 വിജയവാഡയില്‍ പഠിക്കുന്ന മകളെ വിളിച്ചു. ഞങ്ങള്‍ പോയാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ അവളോട് അക്കമിട്ടു പറഞ്ഞു. നിലവിളി മാത്രമായിരുന്നു മറുപടി. പക്ഷേ പറയാതിരിക്കാനാകുമായിരുന്നില്ല. സ്ഥിതിഗതികള്‍ അനുനിമിഷം മോശമാകുകയായിരുന്നു. കുടിവെള്ളവും തീര്‍ന്നു, ഒപ്പം മൊബൈലും നിശ്ചലമായി. ഒടുവില്‍ വ്യാഴാഴ്ച ഉച്ചയോടെ അവസാന മണിക്കൂറിന്റെ അവസാനത്തില്‍ ഒരു മത്സ്യബന്ധന ബോട്ടിന്റെ വിളിയാണ് ഞങ്ങളെ ജീവിതത്തിലേക്ക് വീണ്ടും വലിച്ച് കയറ്റിയത്...

ആരുടെയും പേര് എടുത്തുപറയുന്നില്ല. എങ്കിലും ഈ പരീക്ഷണത്തില്‍പ്പെട്ടപ്പോള്‍ രക്ഷിക്കാന്‍ പ്രവര്‍ത്തിച്ചവര്‍ക്കും പ്രാര്‍ത്ഥിച്ചവര്‍ക്കും സ്‌നേഹം, നന്ദി. ഞങ്ങള്‍ അനുഭവിച്ച ഭ്രമാവസ്ഥ ഒട്ടും കുറവില്ലാതെ അങ്ങ് ബഹ്റിനിലിരുന്ന് അനുഭവിച്ചു എന്റെ അനുജന്‍ രഞ്ജിത് ഗോപാലകൃഷ്ണന്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.