വിസ്മയമായി സൗരഭ് ചൗധരി

Wednesday 22 August 2018 3:36 am IST

ജക്കാര്‍ത്ത: ഗുസ്തി ഗോദയിലെ രണ്ട് സ്വര്‍ണത്തിനു പിന്നാലെ ഷൂട്ടിങ് റേഞ്ചില്‍ നിന്നും ഇന്ത്യ പൊന്നണിഞ്ഞു. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് ഇന്ത്യയുടെ സ്വര്‍ണനേട്ടം. സ്വര്‍ണം നേടിയതോടെ വെറും 16 വയസ്സുള്ള സൗരഭ് ചൗധരിയും. അതും മുന്‍ ലോകചാമ്പ്യനെവരെ അട്ടിമറിച്ച് ഗെയിംസ് റെക്കോഡോടെയും. 

യോഗ്യതാ റൗണ്ടില്‍ 586 പോയിന്റുമായി ഒന്നാമനായാണ് സൗരഭ് ഫൈനലിലേക്ക് യോഗ്യത നേടിയത്. ഫൈനലില്‍ ജപ്പാന്റെ മുന്‍ ലോകചാമ്പ്യന്‍  ടൊമൊയുകി മാറ്റ്‌സുഡ, 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സ്-ലോക ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണമെഡല്‍ ജേതാവ് ദക്ഷിണ കൊറിയയുടെ ജിന്‍ ജോ ഓ എന്നിവരെ പിന്തള്ളിയാണ് സൗരഭ് ഇന്ത്യയുടെ വിസ്മയമായത്. 240.7 പോയിന്റ് നേടി പുതിയ ഏഷ്യന്‍ ഗെയിംസ് റെക്കോഡും സൗരഭ് സ്വന്തം പേരിലാക്കി. 239.7 പോയിന്റുമായി ജപ്പാനീസ് താരം വെള്ളി നേടിയപ്പോള്‍ വെങ്കലവും ഇന്ത്യക്ക് സ്വന്തമായി. 219.3 പോയിന്റുമായി അഭിഷേക് വര്‍മയാണ് മെഡല്‍ നേടിയത്. 

യോഗ്യതാ റൗണ്ടില്‍ ആറാമനായാണ് അഭിഷേക് വര്‍മ്മ ഫൈനലിലേക്ക് യോഗ്യത നേടിയത്. ദക്ഷിണ കൊറിയയുടെ ഒളിമ്പിക് ചാമ്പ്യന്‍ ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

സീനിയര്‍ വിഭാഗത്തില്‍ ആദ്യമായാണ് സൗരഭും അഭിഷേകും മത്സരിക്കാനിറങ്ങിയത്. അരങ്ങേറ്റ മത്സരത്തില്‍ തന്നെ മെഡല്‍ നേടാന്‍ കഴിഞ്ഞത് ഏറെ അഭിമാനാര്‍ഹമാണ്. 

ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ സ്വര്‍ണം നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമെന്ന ബഹുമതിയും സൗരഭ് ചൗധരി എന്ന പ്ലസ് 1 വിദ്യാര്‍ഥി സ്വന്തമാക്കി. ഈ വര്‍ഷം തന്നെ സുളില്‍ നടന്ന ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണം നേടിയിരുന്നു. ഇതിന് മുന്‍പ് ഏഷ്യന്‍ യൂത്ത് ഒളിമ്പിക്‌സ് ഗെയിംസ് യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ ലോക റെക്കോഡ് സൃഷ്ടിച്ചിട്ടുമുണ്ട്. ഒരു ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ ഒളിമ്പിക് മെഡല്‍ ജേതാവ് ജീത്തു റായിയെ വരെ അട്ടിമറിച്ച് അത്ഭുതം സൃഷ്ടിച്ചിരുന്നു സൗരഭ്.

ഉത്തര്‍പ്രദേശിലെ കലിന വില്ലേജിലെ ജാട്ട് കര്‍ഷക കുടുംബത്തിലാണ് സൗരഭിന്റെ ജനനം. ഷൂട്ടിങ്ങ് കഴിഞ്ഞാല്‍ സൗരഭിന് ഏറ്റവും ഇഷ്ടം കൃഷിയാണ്. പഠനവും കൃഷിയുമായി നടക്കുന്നതിനിടെ മൂന്ന് കൊല്ലം മുന്‍പാണ് സൗരഭിന്റെയുള്ളില്‍ ഷൂട്ടിങ്ങിനോട് ഇഷ്ടം തോന്നിയത്. മീററ്റില്‍ നിന്ന് 50 കി.മീ അകലെ ബാഗ്പതിലെ അമിത് ഷെറോണ്‍ അക്കാദമിയിലായിരുന്നു പരിശീലനം തുടങ്ങിയത്. 

വലിയ മത്സരപരിചയമില്ലാതിരുന്ന സൗരഭ് ആദ്യ ഏഷ്യന്‍ ഗെയിംസിനുവേണ്ടി വലിയ തയ്യാറെടുപ്പാണ് നടത്തിയത്. ആദ്യമായി സീനിയര്‍ ലെവലില്‍ അരങ്ങേറ്റം കുറിക്കാനിറങ്ങുന്നതുകൊണ്ട് മുതിര്‍ന്ന താരങ്ങളുമായി മത്സരിച്ചും അവര്‍ക്കൊപ്പം പരിശീലനം നടത്തിയുമാണ് സൗരഭ് ജക്കാര്‍ത്തയിലെത്തിയത്. പിന്നീട് നടന്നത് ചരിത്രം. പാലെംബാങ് ജാക്കാബാറിങ് ഷൂട്ടിങ് റേഞ്ചില്‍ സൗരഭിന്റെ കൃത്യതയാര്‍ന്ന വെടിയുതിര്‍ക്കലില്‍ സ്വര്‍ണം നെഞ്ചോടു ചേര്‍ത്തപ്പോള്‍ കടപുഴകിയത് ലോക, ഒളിമ്പിക്‌സ് ചാമ്പ്യന്മാരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.