ഇന്ത്യക്ക് ശുഭദിനം

Wednesday 22 August 2018 3:45 am IST

ജക്കാര്‍ത്ത: പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസിന്റെ മൂന്നാം ദിനത്തില്‍ ഇന്ത്യക്ക് അഞ്ച് മെഡലുകള്‍. ഒന്നുവീതം സ്വര്‍ണവും വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്നലെ ഇന്ത്യ നേടിയത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ സമ്പാദ്യം മൂന്ന് വീതം സ്വര്‍ണം, വെള്ളി, 4 വെങ്കലവുമടക്കം 10 ആയി.

ഇന്നലെ പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ സൗരഭ് ചൗധരിയാണ് സ്വര്‍ണത്തിന് അവകാശിയായത്. ഈയിനത്തില്‍ അഭിഷേക് ചൗധരിയും പുരുഷ വിഭാഗം സെപക് താക്രോ ടീം ഇനത്തില്‍ ഇന്ത്യ വെങ്കലം നേടി. സെമിയിലെത്തിയാല്‍ ഈയിനത്തില്‍ വെങ്കലം ലഭിക്കും. എന്നാല്‍ സെമിയില്‍ തായ്‌ലന്‍ഡിനോട് തോറ്റതോടെ ഫൈനലിലേക്ക് മുന്നേറാനായില്ല. 

ഷൂട്ടിങ്ങ് 50 മീറ്റര്‍ എയര്‍ റൈഫിള്‍ 3 പൊസിഷനില്‍ സഞ്ജീവ് രജ്പുതാണ് ഇന്ത്യക്കായി വെള്ളി നേടിയത്.

ഗുസ്തി ഗോദയില്‍ നിന്നാണ് ഇന്നലെ മറ്റൊരു വെങ്കലം ലഭിച്ചത്. വനിതകളുടെ 68 കി.ഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ദിവ്യ കക്‌റാനാണ് മെഡല്‍ പട്ടികയില്‍ ഇടംനേടിയത്. വെങ്കലത്തിനായുള്ള പോരാട്ടത്തില്‍ തായ്‌പെയ് താരം ചെന്‍ വെന്‍ ലിങിനെയാണ് ദിവ്യ മലര്‍ത്തിയടിച്ചത്.

വുഷുവില്‍ ഇന്ത്യ വെങ്കലം ഉറപ്പിച്ചു. വനിതകളുടെ 60 കി.ഗ്രാം വിഭാഗത്തില്‍ നവോറെം ദേവി സെമിയിലെത്തിയതോടെയാണ് വെങ്കലം ഉറപ്പിച്ചത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ പാക്കിസ്ഥാന്‍ താരത്തെയാണ് ഇന്ത്യന്‍ താരം തോല്‍പ്പിച്ചത്.

ടെന്നീസ് കോര്‍ട്ടില്‍ നിന്നും ശുഭസൂചനയാണ് ഇന്ത്യക്ക് ലഭിച്ചത്. പുരുഷ ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണ-ദിവിജ് ശരണ്‍ സഖ്യവും രാംകുമാര്‍ രാംനാഥന്‍-സുമിത് നഗല്‍ സഖ്യവും ക്വാര്‍ട്ടറിലെത്തി.

ബൊപ്പണ്ണ സഖ്യം 6-3, 6-1 എന്ന സ്‌കോറിന് തായ്‌ലന്‍ഡ് സഖ്യത്തെയും രാംകുമാര്‍ സഖ്യം 7-6 (5), 7-6 (2) എന്ന സ്‌കോറിന് ചൈനീസ് തായ്‌പെയ് സഖ്യത്തെയും പരാജയപ്പെടുത്തിയാണ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്.

പുരുഷ സിംഗിള്‍സില്‍ രാംകുമാര്‍ രാംനാഥനും  പ്രജ്ഞേഷ് ഗുന്നേശ്വരനും പ്രീ ക്വാര്‍ട്ടറിലെത്തി. രാംകുമാര്‍ ഹോങ്കോങ്ങിന്റെ വോങ് ഹോങ് കിറ്റിനെയും പ്രജ്ഞേഷ് ഇന്തോനേഷ്യയുടെ ഫ്രിട്രിയാഡി എം. റഫിഖിയെയും തോല്‍പ്പിച്ചാണ് പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്.

വനിതാ സിംഗിള്‍സില്‍ അങ്കിത റെയ്‌ന 6-1, 6-2 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് ജപ്പാന്റെ ഹെറി ഒസുമിയെ തകര്‍ത്ത് ക്വാര്‍ട്ടറിലെത്തി. അതേസമയം മറ്റൊരു മത്സരത്തില്‍ കമ്രാന്‍ കൗര്‍ തന്‍ഡി  6-2, 4-6, 6-7 (4) എന്ന സ്‌കോറിന് തായ്‌പെയ്‌യുടെ യലിയാങ് ഷുവിനോട് പരാജയപ്പെട്ടു പുറത്തായി.

അതേസമയം വനിതാ വോളിബോളില്‍ ഇന്ത്യ തുടര്‍ച്ചയായ രണ്ടാം പരാജയം ഏറ്റുവാങ്ങി. കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയയോട് തോറ്റ ഇന്ത്യ ഇന്നലെ വിയറ്റ്‌നാമിനോടാണ് നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെട്ടത്. സ്‌കോര്‍: 18-25, 22-25, 13-25.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.