സഞ്ജീവ് രജ്പുതിന് വെള്ളി

Wednesday 22 August 2018 3:49 am IST

ജക്കാര്‍ത്ത: സൗരഭിന്റെ സ്വര്‍ണത്തിന് പിന്നാലെ ഷൂട്ടിങ്ങ് റേഞ്ചില്‍ നിന്ന് ഇന്ത്യക്ക് മറ്റൊരു മെഡല്‍ കൂടി. പുരുഷന്മാരുടെ 50 മീറ്റര്‍ എയര്‍ റൈഫിള്‍ 3 പൊസിഷനില്‍ സഞ്ജീവ് രജ്പുതാണ് ഇന്ത്യക്കായി വെള്ളി മെഡല്‍ നേടിയത്. യോഗ്യതാ റൗണ്ടില്‍ 7-ാമനായാണ് സഞ്ജീവ് ഫൈനലിലേക്ക് യോഗ്യത നേടിയത്. ഫൈനലില്‍ മികച്ച പ്രകടനം നടത്തിയ സഞ്ജീവിന് നേരിയ വ്യത്യാസത്തിലാണ് സ്വര്‍ണം നഷ്ടമായത്. 452.7 പോയിന്റുമായാണ് സഞ്ജീവ് വെള്ളി നേടിയത്.

453.3 പോയിന്റുമായി ചൈനയുടെ ഹ്യു സിചെങ് സ്വര്‍ണം നേടിയപ്പോള്‍ ജപ്പാന്റെ മാറ്റ്‌സുമോട്ടോ തകായുകി 441.4 പോയിന്റുമായി വെങ്കലം നേടി.

ഏഷ്യന്‍ ഗെയിംസില്‍ സഞ്ജീവിന്റെ നാലാം മെഡലാണിത്. 2014ലെ ഇഞ്ചിയോണ്‍ ഗെയിംസില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തിലും 2006ല്‍ ദോഹ ഗെയിംസില്‍ 50 മീറ്റര്‍ എയര്‍ റൈഫിള്‍ 3 പൊസിഷനിലും വെങ്കലവും 2010ലെ ഗ്വാങ്ഷു ഗെയിംസില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ വെള്ളിയും സഞ്ജീവ് നേടിയിരുന്നു. കൂടാതെ കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പില്‍ 4 സ്വര്‍ണവും രണ്ട് വെള്ളിയും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഒന്നുവീതം സ്വര്‍ണവും, വെള്ളിയും, വെങ്കലവും ഐഎസ്എസ്എഫ് ലോകകപ്പില്‍ ഒരു സ്വര്‍ണവും രണ്ട് വെള്ളിയും സഞ്ജീവ് സ്വന്തമാക്കിയിട്ടുണ്ട്.

അതേസമയം ഷൂട്ടിങ് ട്രാപ്പ് മിക്‌സഡ് ടീം ഇനത്തില്‍ ഇന്ത്യയുടെ ലക്ഷയ്-ശ്രേയസി സഖ്യത്തിന് മെഡല്‍ നേടാന്‍ കഴിഞ്ഞില്ല. ഫൈനലില്‍ ആറാം സ്ഥാനത്താണ് ഇന്ത്യന്‍ സഖ്യം എത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.