തിരിച്ചു വരവ്

Wednesday 22 August 2018 6:00 am IST

കൊച്ചി:  കേരളത്തെ തകര്‍ത്തെറിഞ്ഞ പ്രളയം പിന്‍വാങ്ങിത്തുടങ്ങി. എല്ലാം നഷ്ടപ്പെട്ട്, ജീവഭയത്തില്‍ പലായനം ചെയ്ത പതിനായിരങ്ങള്‍ വീടുകളില്‍ തിരിച്ചെത്തിത്തുടങ്ങി. വിലപിടിച്ചതൊന്നുമില്ല ബാക്കി, കാല്‍മുട്ടുവരെ താഴ്ന്നു പോകുന്ന തരത്തില്‍ ചെളി നിറഞ്ഞിരിക്കുന്നു. ഇനിയെന്ത്? എന്ന് അമ്പരന്നു നിന്നവര്‍ സന്നദ്ധപ്രവര്‍ത്തകരുടേയും സൈന്യത്തിന്റേയും പോലീസിന്റേയും കൈപിടിച്ച് ജീവിതം മെല്ലെ തിരിച്ചുപിടിക്കാന്‍ ഒരുങ്ങുകയാണ്. ജീവിതത്തിലേക്കുള്ള മടങ്ങിവരവിന്റെ ദൃശ്യങ്ങളാണ് എവിടെയും. 

ചെങ്ങന്നൂര്‍, തിരുവല്ല, കുട്ടനാട് അടക്കം പല മേഖലകളിലും വെള്ളം വലിയ തോതില്‍ ഇറങ്ങിയിട്ടുണ്ട്. കടുത്ത വെല്ലുവിളികള്‍ നേരിട്ടും ജനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ വീടുകള്‍ വൃത്തിയാക്കി താമസയോഗ്യമാക്കിവരികയാണ്.

ദുരിതാശ്വാസ, പുനരധിവാസ  പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരാതെ നോക്കുകയാണ് ഇനിയുള്ള കടമ്പ. ഭക്ഷണം, വസ്ത്രം, മരുന്ന്, ധനസഹായം തുടങ്ങിയവയെല്ലാം കേരളത്തിലേക്ക് പ്രവഹിക്കുകയാണ്. ഇവയെല്ലാം കൃത്യമായി സര്‍ക്കാരിനോ ഏതെങ്കിലും  സന്നദ്ധ സംഘടനകള്‍ക്കോ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അവരിത് കൃത്യമായി ചെലവിടുന്നുണ്ടെന്നും  ക്രമക്കേട് നടക്കുന്നില്ലെന്നും സര്‍ക്കാരും സന്നദ്ധ സംഘടനകളും ഉറപ്പാക്കണം. സഹായങ്ങള്‍ ലക്ഷ്യത്തിലെത്താതെ പോകുകയും അനര്‍ഹര്‍ തട്ടിയെടുക്കുകയുമാണ് പതിവ്.

ലക്ഷക്കണക്കിനാളുകളുടെ വീടുകളടക്കമുള്ള  ജീവിത സമ്പാദ്യങ്ങള്‍ പൂര്‍ണമായും നശിപ്പിച്ചതുപോലെ പ്രളയം കേരളത്തിന്റെ കാര്‍ഷിക മേഖലയേയും തകര്‍ത്തെറിഞ്ഞു. ഹെക്ടര്‍ കണക്കിന് പാടശേഖരങ്ങളിലെ കൃഷി നശിച്ചുവെന്നു മാത്രമല്ല സമീപകാലത്തെങ്ങും കൃഷിയിറക്കാന്‍ സാധ്യമല്ലാത്ത അവസ്ഥയിലായി പാടങ്ങളും കര്‍ഷകരും. 

  കുട്ടനാട്ടിലെ 90 ശതമാനം പേരും ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്.  പത്തനംതിട്ട ജില്ലയിലെ റാന്നിയിലും, പന്തളത്തും, തിരുവല്ല, ചാത്തങ്കരി, പെരിങ്ങര അടക്കമുള്ള അപ്പര്‍കുട്ടനാടും  ആലപ്പുഴയിലെ ചെങ്ങന്നൂര്‍, പാണ്ടനാട് മേഖലകളിലും കൃഷി പൂര്‍ണമായി നശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.