ഡാമുകള്‍ തുറന്നത് മുന്നൊരുക്കമില്ലാതെ

Wednesday 22 August 2018 7:00 am IST

പത്തനംതിട്ട: പത്തനംതിട്ടയിലെ  മലയോരപ്രദേശങ്ങള്‍ മുതല്‍ കുട്ടനാട് വരെ മഹാപ്രളയത്തില്‍ മുങ്ങാന്‍ കാരണം   പമ്പ, കക്കി - ആനത്തോട് ജലസംഭരണികള്‍ വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ തുറന്നത്. രാത്രിയില്‍ ഷട്ടറുകള്‍ അപകടകരമായ രീതിയില്‍ തുറക്കരുതെന്ന ദുരന്തനിവാരണ അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശം പോലും പാലിക്കാഞ്ഞത് ഭയാനകമായ ദുരന്തത്തിനാണ് വഴിവച്ചത്.

ഇടുക്കി കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജലസംഭരണശേഷിയുള്ളവയാണ് ശബരിഗിരി പദ്ധതിയിലെ  പമ്പ, കക്കി - ആനത്തോട് ഡാമുകള്‍. കഴിഞ്ഞ ഒന്‍പതാം തീയതി തന്നെ  ഇവയുടെ  ഷട്ടറുകള്‍ കുറച്ച്  തുറന്നിരുന്നു. തുടര്‍ന്ന്  പമ്പ കരകവിയുകയും താഴ്ന്നസ്ഥലങ്ങള്‍ വെള്ളത്തിലാകുകയും ചെയ്തു. ഇങ്ങനെ ആശങ്കാകരമായ സ്ഥിതിക്കിടെയാണ്  14നു രാത്രിയില്‍ ഷട്ടറുകള്‍ കൂടുതലായി തുറന്ന് പമ്പയിലേക്ക് ജലമൊഴുക്കിയത്. ഇതു സംബന്ധിച്ച് വ്യക്തമായ മുന്നറിയിപ്പുകളുമില്ലായിരുന്നു.

 14നു വൈകിട്ടുവരെ   പമ്പ ഡാമിന്റെ ആറ് ഷട്ടറുകളില്‍ നാലെണ്ണം  ഉയര്‍ത്തിയിരുന്നു. രണ്ട്ഷട്ടറുകള്‍ ഒരു അടി വീതവും മറ്റ് രണ്ടെണ്ണം ഒന്നര അടിയും തുറന്നിരുന്നു.കക്കി - ആനത്തോട് സംഭരണിയിലെ നാല് ഷട്ടറുകളില്‍ രണ്ടെണ്ണം ഒന്നര അടി വീതമാണ്തുറന്നിരുന്നത്.14ന് രാത്രിയിലാണ്  പത്തു ഷട്ടറുകളും  ആറടി വരെ ഉയര്‍ത്തിയത്. ഇതോടെ പമ്പയിലെ ജലനിരപ്പ്  പതിനഞ്ചടി ഉയര്‍ന്നു.  ഇതോടൊപ്പം മഴയും ശക്തമായി. പമ്പയുടെ വൃഷ്ടിപ്രദേശങ്ങളില്‍ 203 മില്ലിമീറ്ററും കക്കിയില്‍ 296 മില്ലിമീറ്ററും മഴയാണ് 15നു രാവിലെ രേഖപ്പെടുത്തിയത്.16നു കക്കിയില്‍ 244 മില്ലിമീറ്ററും പമ്പയില്‍ 147 മില്ലിമീറ്ററും മഴ ലഭിച്ചു. 17നു കക്കിയില്‍ 222 മില്ലിമീറ്റര്‍ മഴ പെയ്തു.ഇതോടെയാണ് ഷട്ടറുകള്‍ അധികം തുറന്നതെന്നാണ് വിശദീകരണം.

ഇടമലയാര്‍, ഇടുക്കി ഡാമുകള്‍ തുറന്നപ്പോള്‍ കൃത്യമായ മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.