മഹാപ്രളയത്തിന് കാരണം ഡാം മാനേജ്‌മെന്റിലെ പാളിച്ച

Wednesday 22 August 2018 11:21 am IST
ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ ഉയര്‍ത്തിയതാണു വയനാട്ടിലെ പ്രളയം രൂക്ഷമാക്കിയത്.

കൊച്ചി: കേരളത്തിലുണ്ടായ മഹാപ്രളയത്തിന് കാരണം ഡാം മാനേജ്‌മെന്റിലെ പാളിച്ചയെന്ന് വിമര്‍ശനം. വൈദ്യുതി ഉണ്ടാക്കി വിറ്റ് കാശ് ഉണ്ടാക്കാനുള്ള കെ‌എസ്‌ഇ‌ബിയുടെ അത്യാര്‍ത്തി വിനയായി. ഇടുക്കിയിലടക്കം ജലനിരപ്പ് താഴ്ത്തണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചില്ല. 

അണക്കെട്ടുകള്‍ ഒന്നിച്ചു തുറന്നതോടെ കാര്യങ്ങള്‍ കൈവിട്ടു. ബാണാസുര സാഗര്‍ തുറന്ന് വിട്ടത് മുന്നറിയിപ്പ് പോലും നല്‍കാതെയാണ്. ബാണാസുര സാഗര്‍ തുറന്നത് ഏഴ് പഞ്ചായത്തുകളെ വെള്ളത്തിലാക്കി. ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ ഉയര്‍ത്തിയതാണു വയനാട്ടിലെ പ്രളയം രൂക്ഷമാക്കിയത്. ശബരിഗിരി പഞ്ചായത്തിലെ മൂന്ന് ഡാമുകളും ഒന്നിച്ച്‌ തുറന്നു. ഇത് പത്തനംതിട്ടയിലും ചെങ്ങന്നൂരിലും പ്രളയത്തിന് കാരണമായി.

ജൂലൈ 15ന് ആണു ബാണാസുര സാഗറിന്റെ നാലു ഷട്ടറുകളില്‍ മൂന്നെണ്ണം ആദ്യമായി തുറന്നത്. ഷട്ടര്‍ ആദ്യം തുറക്കുന്നതിനു മുന്‍പു മുന്നറിയിപ്പു നല്‍കിയിരുന്നെങ്കിലും പിന്നീടു പടിപടിയായി 290 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തിയതും നാലാമത്തെ ഷട്ടര്‍ തുറന്നതും നാട്ടുകാരെ മുന്‍കൂട്ടി അറിയിക്കാതെയായിരുന്നു. ഇതോടെ, ഒട്ടേറെ വീടുകള്‍ക്കു മുകളില്‍ വരെ വെള്ളമുയര്‍ന്നു.

പിന്നീടു മഴ കുറഞ്ഞപ്പോള്‍ ഷട്ടറുകള്‍ 80 സെന്റിമീറ്ററിലേക്കു താഴ്ത്തിയെങ്കിലും രാത്രി മുന്നറിയിപ്പില്ലാതെ വീണ്ടും 90 സെന്റിമീറ്ററാക്കി ഉയര്‍ത്തി. ഷട്ടറുകളുടെ ഉയരം വര്‍ധിപ്പിക്കുമ്ബോഴുള്ള അനൗണ്‍സ്‌മെന്റോ മറ്റു പ്രചാരണങ്ങളോ ഉണ്ടായില്ല. അണക്കെട്ടുകള്‍ തുറന്നതില്‍ ജാഗ്രതക്കുറവുണ്ടായെന്നാണ് താമരശേരി അതിരൂപതയുടെ വിമര്‍ശനം. പ്രളയത്തിന് ശേഷം പ്രതിപക്ഷവും ഇതേ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. 

എല്ലായിടത്തും ഒരുമിച്ച്‌ ഡാമുകള്‍ തുറക്കാന്‍ ഇടയാക്കിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യം പ്രതിപക്ഷ ശക്തമാക്കിയിട്ടുണ്ട്. അതേ സമയം പ്രകൃതിയോട് കാട്ടിയ അലംഭാവമാണ് കേരളത്തിന്‍റെ മഹാ പ്രളയത്തിന്റെ പ്രഭവകേന്ദ്രമെന്ന് മാധവ് ഗാഡ്ഗില്‍ പറഞ്ഞിരുന്നു.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നെങ്കില്‍ ഇത്ര വലിയ ദുരന്തം ഉണ്ടാവില്ലായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ റിപ്പോര്‍ട്ടിനെ ഏറ്റവും കൂടുതല്‍ എതിര്‍ത്തവരില്‍ കത്തോലിക്ക സഭയുമുണ്ടായിരുന്നു. ഇതോടെ പ്രളയയത്തിന് ശേഷം സഭയെ വിമര്‍ശിച്ച്‌ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.