ഒരു മാസത്തെ സൗജന്യ മരുന്നുകളുമായി ആരോഗ്യവകുപ്പ്

Wednesday 22 August 2018 4:38 pm IST
പല മേഖലയില്‍ നിന്നും മരുന്നുകള്‍ ലഭിക്കുന്നുണ്ട്. ഏതെങ്കിലും ക്യാമ്പുകളില്‍ മരുന്നുകളുടെ കുറവുണ്ടെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയോ കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിച്ചാല്‍ എത്രയും വേഗം മരുന്നുകള്‍ ലഭ്യമാക്കുന്നതാണ്.

തിരുവനന്തപുരം: പ്രളയ ദുരന്തത്തെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഒരു മാസത്തെ സൗജന്യ മരുന്നുകള്‍ നല്‍കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് അറിയിച്ചു. ക്യാമ്പുകളിലുള്ളവര്‍ക്കും ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങിയവര്‍ക്കുമാണ് അവര്‍ക്കാവശ്യമായ മരുന്നുകള്‍ നല്‍കുക. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ എറണാകുളം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന പ്രത്യേക അവലോകന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. 

ആവശ്യമായ മരുന്നുകള്‍ സ്റ്റോക്കുണ്ടെന്നും ആരോഗ്യ വകുപ്പ് സുസജ്ജമാണെന്നും മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.  പല മേഖലയില്‍ നിന്നും മരുന്നുകള്‍ ലഭിക്കുന്നുണ്ട്. ഏതെങ്കിലും ക്യാമ്പുകളില്‍ മരുന്നുകളുടെ കുറവുണ്ടെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയോ കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിച്ചാല്‍ എത്രയും വേഗം മരുന്നുകള്‍ ലഭ്യമാക്കുന്നതാണ്. പതിനായിരക്കണക്കിന് ആള്‍ക്കാര്‍ ക്യാമ്പിലുള്ളതിനാല്‍ മരുന്നിന് കുറവുണ്ടെന്ന് ബോധ്യമായാല്‍ മറ്റ് സംസ്ഥാനങ്ങള്‍ സഹായിക്കാമെന്നേറ്റിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പകര്‍ച്ചവ്യാധി പ്രതിരോധത്തിനും ശുചീകരണത്തിനും പ്രത്യേക ടീമിനെ തന്നെ നിയോഗിച്ചിട്ടുണ്ട്. വളര്‍ത്തുമൃഗങ്ങളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കല്‍ കൃത്യമായി നടത്തേണ്ടതുണ്ട്. ഇതിനായി കളക്ടറേറ്റില്‍ പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ട്. ഒന്നുരണ്ട് ദിവസത്തിനകം എല്ലാ മൃതദേഹങ്ങളും സംസ്‌കരിക്കേണ്ടതുണ്ട്. അതുകഴിഞ്ഞ് അണുവിമുക്തമാക്കുകയാണ് ലക്ഷ്യം. ടണ്‍ കണക്കിന് ക്ലോറിനും ബ്ലീച്ചിംഗ് പൗഡറുമാണ് ആവശ്യമുള്ളത്. മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് മന്ത്രി ഇക്കാര്യത്തില്‍ സഹായിക്കാമെന്നേറ്റിട്ടുണ്ട്. 

അണുനശീകരണത്തിന് ഒരു നിശ്ചിത അളവില്‍ മാത്രമേ കോറിനും ബ്ലീച്ചിംഗ് പൗഡറും ഉപയോഗിക്കാന്‍ പാടുള്ളൂ. അതിനാല്‍ പരിശീലനം സിദ്ധിച്ച ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി നിയോഗിക്കുന്നത്. ഏതെങ്കിലും ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധി ശ്രദ്ധയില്‍പ്പെട്ടാല്‍ അത് മറച്ചു വയ്ക്കാതെ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കേണ്ടതാണ്. ഇത് റിപ്പോര്‍ട്ട് ചെയ്യാന്‍ എന്‍എച്ച്എം. പി.ആര്‍.ഒ.മാരെ നിയോഗിക്കുന്നതാണ്. 

ആയുര്‍വേദ, ഹോമിയോ വിഭാഗങ്ങളും ക്യാമ്പുകളില്‍ യൂണിറ്റ് തുടങ്ങിയിട്ടുണ്ട്. എല്ലാ കുടുംബങ്ങള്‍ക്കും ആയുര്‍വേദ പ്രതിരോധ കിറ്റുകള്‍ നല്‍കുന്നതാണ്. മാനസികാരോഗ്യം വലിയ പ്രശ്‌നമാണ്. എല്ലാം നഷ്ടപ്പെട്ടവരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടു വരുന്നതിനായി വ്യാപകമായ കൗണ്‍സിലിംഗ് നടത്തേണ്ടതുണ്ട്. ഇതിനായി ക്യാമ്പുകളിലും വീടുകളിലും കൗണ്‍സിലിംഗ് നടത്തുന്നതാണ്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.