വിസ്മരിക്കരുത്, ജലഗതാഗതവകുപ്പിന്റെ രക്ഷാപ്രവര്‍ത്തനങ്ങളെ

Thursday 23 August 2018 2:30 am IST
"കുട്ടനാട് കിടങ്ങറയില്‍ നിന്ന് ചങ്ങനാശേരിയിലേക്ക് രക്ഷപ്പെടുന്നതിന് ജലഗതാഗതവകുപ്പിന്റെ ബോട്ടില്‍ കയറാനുള്ള തിരക്ക് (ഫയല്‍ ഫോട്ടോ)"

ആലപ്പുഴ: പ്രളയം സര്‍വനാശം വിതച്ചപ്പോള്‍ കുട്ടനാട്ടിലെയും കോട്ടയം, എറണാകുളം ജില്ലകളിലെയും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കുടുങ്ങിയ ജനങ്ങളെ രക്ഷിച്ചതില്‍ ജലഗതാഗത വകുപ്പിന്റെ പങ്ക് ഓര്‍മിക്കപ്പെടേണ്ടതാണ്. വെള്ളപ്പൊക്കത്തില്‍ വളരെ സാഹസികമായി ബോട്ട് ഓടിച്ചായിരുന്നു ജീവനക്കാരുടെ രക്ഷാപ്രവര്‍ത്തനം.

 ബഹുഭൂരിപക്ഷം പ്രദേശത്തും ജെട്ടികള്‍ മുങ്ങിപ്പോയതിനാല്‍ ബോട്ട് അടുപ്പിക്കുക അതീവ ദുഷ്‌ക്കരമായിരുന്നു. കാറ്റിലും കോളിലും ബോട്ട് നിയന്ത്രിച്ചതും സാഹസികമായായിരുന്നു. ബോട്ടുകളിലെല്ലാം അനുവദീനമായതിന്റെ പല മടങ്ങ് ആളുകളെ കയറ്റിയായിരുന്നു സര്‍വീസ്. ആലപ്പുഴ, എറണാകുളം ജില്ലകളിലെ ജലഗതാഗത വകുപ്പിന്റെ 45 ലധികം സര്‍വീസ് ബോട്ടുകളും അഞ്ച് ആംബുലന്‍സ് ബോട്ടുകളും ഉപയോഗിച്ച്, അഞ്ഞൂറോളം ജീവനക്കാര്‍ അഞ്ചു ദിവസങ്ങള്‍ രാപകല്‍ ഇല്ലാതെ അധ്വാനിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം.

  കുട്ടനാട്ടിലെ കാവാലം, വെളിയനാട്, നെടുമുടി, എടത്വ, ചമ്പക്കുളം, പുളിങ്കുന്ന്, വൈക്കം, കുമരകം, വേണാട്ടുകാട്, എറണാകുളം ജില്ലയിലെ പിഴല, കുറംകോട്ട, കടമക്കുടി, താന്തോന്നിത്തുരുത്ത് എന്നിവിടങ്ങളിലെ 1,29,800 പേരെ ഒന്‍പതിനായിരത്തോളം ട്രിപ്പുകള്‍ നടത്തി ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മറ്റു സുരക്ഷിതസ്ഥാനങ്ങളിലേക്കും മാറ്റുവാന്‍ വകുപ്പിന് സാധിച്ചു. ജീവനക്കാര്‍ സ്വന്തം ജീവന്‍ തൃണവല്‍ഗണിച്ചാണ് എല്ലാ സ്ഥലങ്ങളിലും എത്തിച്ചേര്‍ന്നു ഒറ്റപ്പെട്ടുപോയ ജനങ്ങളെ ബോട്ടില്‍ കയറ്റിയത്. 

കുട്ടനാട്ടിലെ കിടപ്പു രോഗികളടക്കം അത്യാവശ്യ ചികിത്സകള്‍ ലഭിക്കേണ്ടിയിരുന്ന പലര്‍ക്കും റെസ്‌ക്യു ആംബുലന്‍സ് ബോട്ട് വളരെയേറെ ആശ്വാസകരമായി. എല്ലാ ഉള്‍പ്രദേശങ്ങളിലേക്കും ആംബുലന്‍സ് ബോട്ടില്‍ ഡോക്ടര്‍, നഴ്‌സ് എന്നിവരെ അതിവേഗത്തില്‍ എത്തിച്ച് പ്രാഥമിക ചികിത്സാസൗകര്യം ഏര്‍പ്പെടുത്താന്‍ കഴിഞ്ഞു.  രാത്രി ഒരുമണി വരെ കഴിയാവുന്നത്ര ജനങ്ങളെ കരയില്‍ എത്തിക്കുന്നതിന് വകുപ്പ് ജീവനക്കാര്‍ പരിശ്രമിച്ചു. 

വളര്‍ത്തുമൃഗങ്ങളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റാനും വകുപ്പിന്റെ സേവനം പരമാവധി പ്രയോജനപ്പെടുത്താന്‍ സാധിച്ചു. ചൊവ്വാഴ്ച മുതല്‍ കുട്ടനാട്ടിലേക്കുള്ള ജലഗതാഗത വകുപ്പിന്റെ സര്‍വീസുകള്‍ നിര്‍ത്തി. ഇവിടുത്തെ ജനങ്ങള്‍ ഏതാണ്ട് പൂര്‍ണമായും സമീപപ്രദേശങ്ങളിലെ ദുരിതാശ്വാസകേന്ദ്രങ്ങളിലും ബന്ധുവീടുകളിലും അഭയം തേടിയ സാഹചര്യത്തിലാണ് നടപടി.

പി. ശിവപ്രസാദ്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.