ഇ-മെയില്‍ ചോര്‍ത്തല്‍ കേസ്: കോടതിയില്‍ ക്രൈംബ്രാഞ്ചിനെ കുറ്റപ്പെടുത്തി സര്‍ക്കാര്‍

Thursday 23 August 2018 2:34 am IST

തിരുവനന്തപുരം: സംസ്ഥാന പോലീസ് ആസ്ഥാനത്ത് നടന്ന ഇ- മെയില്‍ ചോര്‍ത്തല്‍ കേസ് നിയമപരമായി നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ബോധിപ്പിച്ചു. കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത് സര്‍ക്കാരിന്റെ മുന്‍കൂര്‍ പ്രോസിക്യൂഷന്‍  അനുമതി വാങ്ങാതെയാണെന്നും പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ബീന കോടതിയില്‍ പറഞ്ഞു. 

 സര്‍ക്കാരിന്റെ കക്ഷിയായ ക്രൈംബ്രാഞ്ചിനെ സര്‍ക്കാര്‍ തന്നെ കുറ്റപ്പെടുത്തിയത് കോടതിയില്‍ നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. മതസ്പര്‍ധ ആരോപണക്കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കും മുമ്പ് ജില്ലാ കളക്ടറില്‍ നിന്നു ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 196 പ്രകാരം പ്രോസിക്യൂഷന്‍ അനുമതി വാങ്ങേണ്ടതുണ്ട്. ഈ കേസില്‍ ക്രൈംബ്രാഞ്ച് കൃത്യവിലോപം കാട്ടിയതായാണ് സര്‍ക്കാര്‍ വാദിച്ചത്. അതിനാല്‍ കേസ് ഉടന്‍ പിന്‍വലിക്കാന്‍ അനുവദിച്ച് പ്രതികളെ കുറ്റവിമുക്തരാക്കി വിട്ടയയ്ക്കണമെന്നും  വാദിച്ചു. എന്നാല്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച പിന്‍വലിക്കല്‍ ഹര്‍ജി അടിയന്തരമായി കേള്‍ക്കേണ്ട സാഹചര്യമില്ലെന്ന് നിരീക്ഷിച്ച കോടതി കേസ് സപ്തംബര്‍ 13 ലേക്ക് മാറ്റി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എ.എസ്. മല്ലികയാണ് ഹര്‍ജി പരിഗണിച്ചത്.

പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ രഹസ്യാന്വേഷണ വിഭാഗമായ  ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലില്‍ നിന്നു രേഖകള്‍ ചോര്‍ത്തി  മതസ്പര്‍ധയുണ്ടാക്കി വര്‍ഗീയ കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്ന കേസില്‍ 2015 ഒക്ടോബര്‍ 12നാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 

ഹൈടെക് സെല്ലിലെ റിസര്‍വ് സബ് ഇന്‍സ്‌പെക്ടര്‍ ബിജു സലിം, നേമം പഴയ കാരക്കാമണ്ഡപം പത്തുമുറി ലെയിനില്‍ ഡോ. ദസ്തക്കീര്‍, അട്ടക്കുളങ്ങര പത്തരത്ത് കോമ്പൗണ്ടില്‍ ഷാനവാസ്,   ചെങ്ങന്നൂര്‍  മഹാദേവ ക്ഷേത്രത്തിന് സമീപം വൈജയന്ത് വീട്ടില്‍ വിജു വി. നായര്‍, മുക്കം വില്ലേജില്‍ ചേന്നമംഗലം കുന്നുമാന്തൊടി വീട്ടില്‍ അബ്ദു റഹ്മാന്‍, കോഴിക്കോട് കൊളത്തറ മാര്‍സ് ഹൗസില്‍ പി.കെ. പാറക്കടവ് എന്ന മുഹമ്മദ്  എന്നിവരാണ് വര്‍ഗീയവിദ്വേഷ കേസിലെ പ്രതികള്‍. 

 പ്രതികള്‍ക്ക് ആഭ്യന്തരവകുപ്പിലുളള സ്വാധീനമാണ് രാജ്യസുരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യം ആരോപിക്കുന്ന കേസ് വിചാരണ കൂടാതെ പിന്‍വലിക്കാനുളള സര്‍ക്കാര്‍ ഉത്തരവിന് പിന്നിലെന്നാണ് ആക്ഷേപം. പ്രതികള്‍ക്ക് വിചാരണയില്‍ രക്ഷപ്പെടാനുള്ള പഴുതുകളിട്ടാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചതെന്ന്  ആരോപണം ഉയര്‍ന്നിരുന്നു.

 2012-ല്‍ ആണ് കേസിനാസ്പദമായ സംഭവം. മുസ്ലിം മതവിഭാഗക്കാരായ രാഷ്ട്രീയക്കാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും മറ്റു മുസ്ലിം സമുദായക്കാരുടെയും ഇ-മെയില്‍ പോലീസ് ചോര്‍ത്തുന്നുവെന്ന് കളവായി സ്ഥാപിച്ചെടുക്കാന്‍ വ്യാജരേഖകള്‍ തയാറാക്കി മാധ്യമം വാരികക്ക് നല്‍കുകയും അവര്‍ അത് പ്രസിദ്ധീകരിച്ച് സംസ്ഥാനത്തെ മതസൗഹാര്‍ദം തകര്‍ത്ത് മുസ്ലിം മതവികാരം ആളിക്കത്തിച്ച് വര്‍ഗീയ കലാപത്തിന് ശ്രമിച്ചുവെന്നുമാണ് കേസ്. അതിലേക്കായി ഇന്റലിജന്റ്‌സ് അഡീഷണല്‍ ഡിജിപിയുടെ പേരില്‍ വ്യാജകത്ത് നിര്‍മിച്ചതായും ക്രൈംബ്രാഞ്ച് സിജെഎം കോടതിയില്‍ 2015 ല്‍  സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ ആഭ്യന്തര സുരക്ഷാവിഭാഗം എസ്പിയുടെ ഒപ്പ്  വ്യാജമായി നിര്‍മിച്ചതായും കുറ്റപത്രത്തിലുണ്ട്. പോലീസ് ആസ്ഥാനത്തെ അടിയന്തിര ഇടപെടല്‍ കൊണ്ടു മാത്രമാണ് വര്‍ഗീയ ലഹളയുണ്ടാകാത്തതെന്നും കുറ്റപത്രത്തില്‍ പറയുന്നു. 

 2012 ജനുവരി 24ന് ഹൈടെക് ക്രൈം എന്‍ക്വയറി  സെല്‍ അസിസ്റ്റന്റ്കമാന്‍ഡന്റ് ആണ് സംഭവം കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തത്. അന്ന് തന്നെ ബിജു സലിമിനെ സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. പോലീസ് ആസ്ഥാനത്ത് നിന്നുള്ള പരാതിയില്‍ മ്യൂസിയം പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. രണ്ടു പ്രതികളെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് കോടതി റിമാന്‍ഡ് ചെയ്തു. തെളിവെടുപ്പില്‍  പ്രതികളുടെ കെട്ടിടത്തില്‍ നിന്നു മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ലഘുലേഖകളും മാസികയും മറ്റും  പിടിച്ചെടുത്തിരുന്നു. നിരോധിത തീവ്രവാദ സംഘടനകളുടെ പങ്കാളിത്തവും അന്വേഷണ പരിധിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ പ്രതികളുടെ ഉന്നത സ്വാധീനത്താല്‍ അന്വേഷണം അട്ടിമറിക്കപ്പെട്ടു.

ക്രിമിനല്‍ കേസിനൊപ്പം പോലീസ് ഡിപ്പാര്‍ട്ട്‌മെന്റല്‍ എന്‍ക്വയറി ആന്‍ഡ് പണിഷ്‌മെന്റ് നിയമപ്രകാരം ആഭ്യന്തര അന്വേഷണവും നടത്തിയിരുന്നു. എന്‍ആര്‍ഐ സെല്‍ എസ്പി ജെ. ക്രിസ്റ്റഫര്‍ ചാള്‍സ് രാജ്  നടത്തിയ അന്വേഷണത്തില്‍ കുറ്റകൃത്യങ്ങള്‍ സംശയാതീതമായി തെളിഞ്ഞെന്ന് കണ്ടെത്തി പിആര്‍ മിനിറ്റ്‌സ് 2012ഒക്ടോബര്‍ 16ന് സമര്‍പ്പിച്ചു. വകുപ്പുതല നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതോടെ 2015 ജനുവരി 7ന് അന്നത്തെ ഡിഐജിയുടെ ചുമതല വഹിച്ചിരുന്ന തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാം ബിജു സലിമിനെ സര്‍വീസില്‍ നിന്നു മുന്‍കാല പ്രാബല്യത്തോടെ (സസ്‌പെന്‍ഷന്‍ തീയതിയായ 2012 ജനുവരി 24 മുതല്‍) പിരിച്ചുവിട്ട് ഉത്തരവിറക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.