അപ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തം; നാലുപേര്‍ മരിച്ചു

Thursday 23 August 2018 2:38 am IST

മുംബൈ: മുംബൈയില്‍ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ മരിച്ചു. 16 പേര്‍ക്ക് പരിക്കേറ്റു. പറേലില്‍ ഹിന്ദ്മാതാ സിനിമയ്ക്കു സമീപം ക്രിസ്റ്റല്‍ ടവര്‍ റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റിന്റെ പന്ത്രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്. പരിക്കേറ്റവരെ കെഇഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് അഗ്നിശമനസേനാ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇലക്ട്രിക്കല്‍ വയറിങ്ങില്‍ നിന്നാണ് തീപടര്‍ന്നതെന്ന് കരുതുന്നു.  

തീയും പുകയും നിറഞ്ഞതോടെ മുകള്‍ നിലയില്‍ ആളുകള്‍ അകപ്പെട്ടു പോയി. രാവിലെ 8.55നാണ് തീപിടിച്ചത്. 10.15ഓടെ തീ നിയന്ത്രണ വിധേയമാക്കി. കതകുകള്‍ തകര്‍ത്താണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കെട്ടിടത്തിലെ അഗ്നിശമന സംവിധാനം തകരാറിലായതും പരിഭ്രാന്തരായ ജനങ്ങള്‍ തിങ്ങിനിറഞ്ഞതും കെട്ടിടത്തിന്റെ ഉയരവുമെല്ലാം തീ നിയന്ത്രിക്കുന്നതിന് വിനയായി. 

മുകളിലെ നിലകളിലും ഗോവണികളിലും പുറത്തോട്ടുള്ള വഴികളിലുമെല്ലാം പുക നിറഞ്ഞിരിക്കുകയായിരുന്നുവെന്ന് ചീഫ് ഫയര്‍ ഓഫീസര്‍ പി. രഹാങ്‌ഡേല്‍ പറഞ്ഞു. ക്രെയിന്‍ ഉപയോഗിച്ചാണ് കെട്ടിടത്തില്‍ കുടങ്ങിയവരില്‍ ചിലരെ പുറത്തെത്തിച്ചത്. 

ഈ മാസം ഇത് രണ്ടാം തവണയാണ് പറേലില്‍ തീപിടിത്തം ഉണ്ടാകുന്നത്. കഴിഞ്ഞ ഡിസംബറില്‍ മുംബൈയിലെ കമലാ മില്‍സ് കോമ്പൗണ്ടില്‍ രണ്ട് പബ്ബുകളിലുണ്ടായ തീപിടിത്തത്തില്‍ 14 പേര്‍ മരിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.