മഴമാറിയിട്ടും ഭീതിയൊഴിയാതെ ചെക്യേരി കോളനി നിവാസികള്‍

Wednesday 22 August 2018 7:40 pm IST

 

കണ്ണൂര്‍: മഴമാറിയിട്ടും ഭീതിയൊഴിയാതെ കഴിയുകയാണ് കോളയാട് ചെക്യേരി കോളനിയിലെയും പരിസര പ്രദേശത്തെയും നൂറോളം കുടുംബങ്ങള്‍. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയില്‍ ഉരുള്‍ പൊട്ടലുണ്ടായ കൊട്ടിയൂര്‍ മേഖലയിലാണ് കണ്ണവം റിസര്‍വ്വ് ഫോറസ്റ്റിന്റെ ഭാഗമായ ചോക്യേരി മല. മലയുടെ ഒരു ഭാഗം കോളയാട് പഞ്ചായത്തും ഒരു ഭാഗം കണിച്ചാര്‍ പഞ്ചായത്തുമാണ്. കനത്ത മഴയില്‍ മലയുടെ ഭാഗത്ത് ഇരുനൂറ് മീറ്ററോളം ചുറ്റളവില്‍ വിണ്ട് കീറിയതാണ് പ്രദേശവാസികളെ ആശങ്കയിലാക്കുന്നത്. ഇപ്പോള്‍ മഴമാറിയിട്ടുണ്ടെങ്കിലും തുടര്‍ന്ന് മഴയുണ്ടായാല്‍ ഉരുള്‍പൊട്ടി മലയുടെ ഒരു ഭാഗം തന്നെ ഒലിച്ച് പോകാന്‍ സാധ്യതയുണ്ട്. ഉരുള്‍പൊട്ടലുണ്ടായാല്‍ കോളനിയിലെ നാല്‍പതോളം കുടുംബങ്ങളെ അത് ദോഷകരമായി ബാധിക്കും. അതോടൊപ്പം പുന്നപ്പാലം, കണ്ണവം തുടങ്ങിയ പ്രദേശങ്ങളിലും നാശനഷ്ടങ്ങളുണ്ടാക്കും. 

തുടര്‍ച്ചയായ കുന്നിടിക്കലും ക്വാറികളുടെയും ക്രഷറിന്റെയും പ്രവര്‍ത്തനവുമാണ് ഇവിടെ ഭീഷണിയായി നില്‍ക്കുന്നത്. നേരത്തെ ഈ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കെതിരെ ജനകീയ പ്രതിരോധമുണ്ടായതിനെ തുടര്‍ന്ന് ഐടിഡിസി ഓഫീസര്‍, സ്ഥലം സിഐ, എസ്‌ഐ തുടങ്ങിയവര്‍ പ്രദേശം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെങ്കിലും ക്വാറികളുടെയും ക്രഷറുകളുടെയും പ്രവര്‍ത്തനം നിര്‍ബാധം തുടരുകയാണ്. ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഇവിടെ വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. അധികൃതരുടെ ഭാഗത്ത് നിന്ന് ശക്തമായ ഇടപെടലുണ്ടായില്ലങ്കില്‍ ഇവിടെ വലിയ ദുരന്തത്തിന് സാധ്യതയുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.