പ്രളയബാധിതര്‍ക്കൊരു കൈത്താങ്ങ്: കണ്ണൂര്‍ സേവാഭാരതിയുടെ പ്രവര്‍ത്തനം ശ്രദ്ധേയമാകുന്നു

Wednesday 22 August 2018 7:41 pm IST

 

കണ്ണൂര്‍: കേരളത്തിന്റെ വിവിധ ജില്ലകളില്‍ മഹാപ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവരെ സംരക്ഷിക്കാന്‍ കണ്ണൂര്‍ സേവാഭാരതി നടത്തുന്ന സേവനപ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നു. ജില്ലയിലെ ഗ്രാമഗ്രാമാന്തരങ്ങളില്‍ നിന്ന് മൂവായിരത്തോളം പ്രവര്‍ത്തകരാണ് ഉല്‍പന്നങ്ങള്‍ സംഭരിച്ച് കണ്ണൂര്‍, തളിപ്പറമ്പ്, തലശ്ശേരി എന്നീ സ്ഥലങ്ങളില്‍ ഫ്രവര്‍ത്തിക്കുന്ന സംഭരണ കേന്ദ്രങ്ങളിലെത്തിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങള്‍ക്കൊപ്പം മാനന്തവാടി ജില്ലയിലെ വിവിധ സ്ഥലങ്ങള്‍, ചെങ്ങന്നൂര്‍, ആലുവ തുടങ്ങിയ തെക്കന്‍ ജില്ലകളിലെ വിവിധ പ്രദേശങ്ങളിലും സേവാഭാരതി ഭക്ഷ്യ ധാന്യങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളുമെത്തിച്ചു. ഇതുവരെയായി നാല്‍പത് ടണ്‍ അരി, രണ്ടര ടണ്‍ ധാന്യങ്ങള്‍, നാലായിരത്തിയഞ്ഞൂറ് പേര്‍ക്ക് വസ്ത്രങ്ങള്‍ തുടങ്ങിയവ നല്‍കിക്കഴിഞ്ഞു. ഇതിനു പുറമേ ശുചീകരണ സാമഗ്രികള്‍, പായ, മെഴുകുതിരി, ബിസ്‌കറ്റ്, ടൂത്ത് പേസ്റ്റ്, ടൂത്ത് ബ്രഷ്, പലവ്യഞ്ജനങ്ങള്‍ തുടങ്ങിയവയും എത്തിക്കുന്നുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഇതുവരെ ഇരുപതിനായിരം ലിറ്റര്‍ കുടിവെള്ളമാണ് എത്തിച്ചത്. 

ഇന്ന് രാവിലെ അവശ്യസാധനങ്ങളുമായി പന്ത്രണ്ട് ലോറികള്‍ അങ്കമാലിയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് തിരിക്കും. ഇതോടൊപ്പം പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ നൂറ് സേവാ വളണ്ടിയര്‍മാര്‍ കൂടി പോകും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയിരം സേവാവളണ്ടിയര്‍മാരെയാണ് കണ്ണൂര്‍ സേവാഭാരതി അയക്കുന്നത്. അന്‍പതോളം പേര്‍ നേരത്തെ ആലുവയില്‍ സേവാപ്രവര്‍ത്തനത്തിന് പോയിരുന്നു. എണ്‍പത് സേവാഭാരതി പ്രവര്‍ത്തകര്‍ രണ്ടാഴ്ചയായി ഇരിട്ടി മേഖലയിലെ ദുരിതബാധിത മേഖലയില്‍ പ്രവര്‍ത്തിച്ച് വരികയാണ്. 

സേവാഭാരതി ജില്ലാ സംഘടനാ സെക്രട്ടറി എം.രാജീവന്‍, രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് സേവാ പ്രമുഖ് സജീവന്‍ മാസ്റ്റര്‍, ജില്ലാ സേവാപ്രമുഖ് സുരേഷ് ബാബു, സേവാഭാരതി സംഭാഗ് സംയോജക് ഗിരീഷ്, കെ.സജീവന്‍, ഒ.രാഗേഷ്, മഹേഷ് തുടങ്ങിയവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.