വെള്ളം നേരത്തേ ഒഴുക്കി കളയാമായിരുന്നു: ബിബിസി

Thursday 23 August 2018 2:39 am IST

കൊച്ചി: കേരളത്തിലെ മഹാപ്രളയ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്ന് ബിബിസി റിപ്പോര്‍ട്ട്. ലേഖകന്‍ നവീന്‍ സിങ് ഖഡ്ക വിശദമായ പഠനത്തിനും വിശകലനത്തിനും ശേഷം തയാറാക്കിയ റിപ്പോര്‍ട്ടില്‍ ഇതിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്നും വ്യക്തമാക്കുന്നു.

ദക്ഷിണേന്ത്യയില്‍ ജലസ്രോതസ്സുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഏറ്റവും മോശം കേരളമാണെന്ന് ഒരുമാസംമുമ്പ് റിപ്പോര്‍ട്ടുണ്ടായിരുന്നു.42 കാര്യങ്ങള്‍ അടിസ്ഥാനമാക്കി സംസ്ഥാനങ്ങളെ തരംതിരിച്ചപ്പോള്‍ അപകട സാധ്യതപ്പട്ടികയില്‍ കേരളം പന്ത്രണ്ടാമതാണ്. ഗുജറാത്ത്, മധ്യപ്രദേശ്, ആന്ധ്രപ്രദേശ് എന്നിവയാണ് മുന്നില്‍. 

44 നദികളുള്ള സംസ്ഥാനത്തെ 30 അണക്കെട്ടുകളില്‍നിന്ന് ഘട്ടം ഘട്ടമായി വെള്ളം തുറന്നു വിട്ടിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നുവെന്ന് വിദഗ്ധരും ഉദ്യോഗസ്ഥരും സമ്മതിക്കുന്നു. 

'അണക്കെട്ടുകള്‍ നിറയാനും കവിഞ്ഞൊഴുകാനും കാത്തുനില്‍ക്കാതെ വെള്ളം തുറന്നു വിട്ടിരുന്നെങ്കില്‍ ഇതൊഴിവാക്കാമായിരുന്നു,' സൗത്ത് ഏഷ്യാ നെറ്റ്‌വര്‍ക്ക് ഓണ്‍ ഡാംസ്, റിവര്‍ ആന്‍ഡ് പീപ്പിള്‍ സംഘടയിലെ ജലപഠന വിദഗ്ദ്ധന്‍ ഹിമാംശു ഥാക്കര്‍ പറഞ്ഞു. 

കേരളം വെള്ളപ്പൊക്കത്തിലായശേഷമാണ് ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകള്‍ തുറന്നത്. ഇത് സ്ഥിതി കുടുതല്‍ ഗുരുതരമാക്കി. ഥാക്കര്‍ അഭിപ്രായപ്പെട്ടു.

വെള്ളപ്പൊക്കം ഉണ്ടാകാവുന്ന 10 സംസ്ഥാനങ്ങളിലൊന്ന് കേരളമാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഈവര്‍ഷമാദ്യം നടത്തിയ വിലയിരുത്തലിലും  കെണ്ടത്തിയിരുന്നു. കേന്ദ്ര ജല കമ്മീഷന്‍ ഈ മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്നും വിദഗ്ദ്ധര്‍ പറയുന്നു. ഇടുക്കി, ഇടമലയാര്‍ പോലുള്ള സ്ഥലങ്ങളില്‍ വെള്ളപ്പൊക്ക പ്രവചന  സംവിധാനമില്ല, നിരീക്ഷണ സംവിധാനമേയുള്ളു. 

''നൂറ്റാണ്ടിനിടെ ഉണ്ടായ പ്രകൃതിക്ഷോഭമായിരുന്നു, ആരും ഇത്രത്തോളം മഴയുണ്ടാവുമെന്നും മുന്നറിയിപ്പു നല്‍കിയില്ല, അതിനാല്‍ മുന്‍കരുതലും ഇല്ലായിരുന്നു,''വെന്ന് സംസ്ഥാന സര്‍ക്കാരിനെ ജലവിഷയങ്ങളില്‍ ഉപദേശിക്കുന്ന ജെയിംസ് വില്‍സണ്‍ ബിബിസിയോട് പറഞ്ഞു. ''എല്ലാവര്‍ഷവും വെള്ളപ്പൊക്കമുണ്ട്. ഇത്തവണ അസാധാരണമായി, അതിനാല്‍ അണക്കെട്ടുകള്‍ തുറക്കാന്‍ നിര്‍ബന്ധിതരായി.''

വെള്ളം ഉള്‍ക്കൊണ്ടിരുന്ന നീര്‍ത്തടങ്ങളും ജലാശയങ്ങളും മറ്റു സവാഭാവിക സംവിധാനങ്ങളും നിര്‍മാണവും നഗരവല്‍ക്കരണവും മൂലം മൂടിപ്പോയി. എങ്കിലും ഡാമുകളിലെ വെള്ളമാണ് ഏറെ അപകടകാരണമായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.