പ്രളയം: പ്രതിസന്ധിയിലായത് ഇതര സംസ്ഥാനത്തൊഴിലാളികള്‍

Wednesday 22 August 2018 7:42 pm IST

 

കണ്ണൂര്‍: കേരളത്തിലെ മഹാപ്രളയം ദുരന്തം തീര്‍ത്തത് മലയാളികള്‍ക്ക് മാത്രമല്ല ഇതരസംസ്ഥാനക്കാരെ കൂടിയാണ്. ഓണം-റംസാന്‍ വിപണി ലക്ഷ്യമിട്ട് ശക്തമായ മഴ വരുന്നതിന് ആഴ്ച്ചകള്‍ക്ക് മുമ്പ് തന്നെ അന്യസംസ്ഥാനത്ത് നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിച്ചേര്‍ന്നവരാണ് പ്രളയത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായത്. 

ബംഗാളികളും തമിഴ്‌നാട്ടുകാരുമാണ് കൂടുതലായും കേരളത്തില്‍ കച്ചവടത്തിനായെത്തിയിട്ടുള്ളത്. ഉത്സവങ്ങളോടനുബന്ധിച്ചുള്ള വിപണികള്‍ ലക്ഷ്യമിട്ട് ജീവിതം കെട്ടിപ്പടുക്കുന്നവരാണ് കേരളത്തിലേക്കെത്തുന്ന ഇതരസംസ്ഥാനത്തുകാര്‍. കഴിഞ്ഞ വര്‍ഷത്തെ കച്ചവടം കണക്കുകൂട്ടി ഇവരില്‍ പലരും നേരത്തെ കേരളത്തിലെത്തിയവരാണ്. ലോഡ്ജുകളിലും മറ്റും താമസിച്ച് കച്ചവടത്തില്‍ നിന്നും കിട്ടുന്ന ലാഭം കൊണ്ടാണ് ഇവര്‍ ആഘോഷം കഴിയുന്നത് വരെ ഓരോ നഗരത്തിലും നില്‍ക്കുക. എന്നാല്‍ ഇതിനോടകം കച്ചവടത്തിലൂടെ നല്ലൊരു തുക കയ്യില്‍ കിട്ടേണ്ട ഇവര്‍ നിലവില്‍ ദുരിതക്കയത്തിലായിരിക്കുകയാണ്. പ്രളയം കേരളത്തില്‍ തീര്‍ത്ത ദുരന്തം കാരണം ഓണം-ബക്രീദ് വിപണിക്ക് വലിയ തോതിലുള്ള തിരിച്ചടിയാണ് ഏറ്റത്. കച്ചവടം മന്ദഗതിയിലായതിനെ തുടര്‍ന്ന് ലോഡ്ജിന്റെ വാടക പോലും കൊടുക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. ആഴ്ച്ചകളായി നിര്‍ത്താതെ പെയ്യുന്ന മഴയ്ക്ക് നേരിയ ശമനമുണ്ടായതോടെയാണ് നഗരത്തില്‍ ഇവര്‍ കച്ചവടവുമായിറങ്ങിയത്. 

പ്രളയം സൃഷ്ടിച്ച ദുരന്തത്തെ തുടര്‍ന്ന് സര്‍ക്കാര്‍, വിദ്യാഭ്യാസസ്ഥാപനങ്ങളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളുമെല്ലാം ഓണാഘോഷപരിപാടികള്‍ മാറ്റിവെച്ച് ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നതിനാല്‍ പൂക്കള്‍ക്കും ആവശ്യക്കാരാരുമില്ലാതായി. വര്‍ഷങ്ങളായി ഓണത്തിന് പൂക്കളുമായി കച്ചവടത്തിനെത്തുന്ന അന്യസംസ്ഥാനക്കാര്‍ക്ക് പൂക്കച്ചവടത്തില്‍ വന്‍നഷ്ടം സംഭവിച്ചത് ആദ്യ അനുഭവമാണ്. വീടുകളില്‍ ഓണത്തിന് പൂവിടുന്നതിനായി മാത്രം അല്‍പ്പം പൂക്കള്‍ വാങ്ങുവാന്‍ മാത്രമാണ് നിലവില്‍ ആളുകളെത്തുന്നത്. മലയോരമേഖലയിലുള്ളവരാണ് ഇവരുടെ പ്രധാന ഉപഭോക്താക്കള്‍. കനത്ത മഴ സൃഷ്ടിച്ച ദുരന്തം കാരണം മലയോരത്തുകാര്‍ ഇത്തവണ ഓണവും ബക്രീദും കാര്യമായി ആഘോഷിക്കാത്ത സാഹചര്യമാണുള്ളത്. ഇതോടെ ഇതരസംസ്ഥാന തൊഴിലാളികളുടെ കുടുംബവും ഇത്തവണ പട്ടിണിയിലമര്‍ന്നു. മഴമാറിയതോടെ കച്ചവടം കൂടുമെന്ന പ്രതീക്ഷയിലാണ് ഇതര സംസ്ഥാനത്തൊഴിലാളികള്‍.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.