നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഓഫീസ് കെട്ടിടം ഇനി ഓര്‍മ്മയിലേക്ക്

Wednesday 22 August 2018 7:43 pm IST

 

തളിപ്പറമ്പ്: തളിപ്പറമ്പിലെ വര്‍ഷങ്ങളോളം പഴക്കമുള്ള സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടം ഇനി ഓര്‍മ്മയിലേക്ക്. സംസ്ഥാനത്ത് പഴയ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 52 സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ പുതുക്കിപ്പണിയുന്നതിന് ഈ മാസം 9 ന് തിരുവനന്തപുരത്ത് മന്ത്രി ജി.സുധാകരന്‍ വിളിച്ചുചേര്‍ത്ത സബ് രജിസ്ട്രാര്‍മാരുടെ സംസ്ഥാന തല അവലോകന യോഗത്തിലാണ് തീരുമാനം.

ജില്ലയില്‍ തളിപ്പറമ്പ് കൂടാതെ ഉളിയില്‍ സബ് രജിസ്ട്രാര്‍ ഓഫീസുകൂടി പുതുക്കിപ്പണിയും. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേരളാ കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനാണ് ഏറ്റെടുത്തിരിക്കുന്നത്. ഈ മാസം തന്നെ കെട്ടിടം പോളിച്ചുനീക്കല്‍ പ്രവൃത്തി ആരംഭിക്കുമെന്ന് തളിപ്പറമ്പ് സബ് രജിസ്ട്രാര്‍ അറിയിച്ചു. കെട്ടിടം പൊളിക്കുന്നതിന്റെ ഭാഗമായി സബ് രജിസ്ട്രാര്‍ ഓഫീസ് 29 മുതല്‍ തൃച്ചംബരം ഡ്രീംപാലസ് ഓഫീസിന് സമീപത്തെ വാടക കെട്ടിടത്തിലായിരിക്കും പ്രവര്‍ത്തിക്കുക.

ജില്ലയില്‍ ഏറ്റവും കൂടുതല്‍ രജിസ്‌ട്രേഷനുകള്‍ നടക്കുന്ന തളിപ്പറമ്പ് സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടം കാലപ്പഴക്കം കാരണം ശോചനീയാവസ്ഥയിലായിരുന്നു. 1865 മുതല്‍ പ്രവര്‍ത്തനമാരംഭിച്ച തളിപ്പറമ്പ് സബ് രജിസ്ട്രാര്‍ ഓഫീസ് 1884 ല്‍ ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച കെട്ടിടത്തിലാണ് ഇപ്പോഴും പ്രവര്‍ത്തിച്ചു വരുന്നത്. തളിപ്പറമ്പ് നഗരമദ്ധ്യത്തില്‍ 28 സെന്റ് സ്ഥലത്ത് 134 വര്‍ഷം പഴക്കമുളള സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടം നൂറ്റാണ്ടിന്റെ അവശതയും പേറിയാണ് നിലനിന്നിരുന്നത്.

ഈ കെട്ടിടത്തിലെ റിക്കാര്‍ഡ് മുറിയിലെ ചോര്‍ച്ച ഒഴിവാക്കാനായി ഓടിനു കീഴില്‍ ആസ്പ്പറ്റോസ് ഷീറ്റ് സ്ഥാപിച്ചത് മാത്രമാണ് കഴിഞ്ഞ 134 വര്‍ഷത്തിനിടയില്‍ നടത്തിയ നവീകരണ പ്രവര്‍ത്തനം. 1865 മുതലുളള റിക്കോര്‍ഡുകള്‍ സൂക്ഷിക്കുന്ന മുറിയില്‍ ആധാരപ്പകര്‍പ്പു വാല്യങ്ങള്‍കൊണ്ട് നിറഞ്ഞു കവിഞ്ഞ് സ്റ്റാഫ് റൂമിലും റിക്കോര്‍ഡ് സൂക്ഷിക്കേണ്ട അവസ്ഥയാണ്. 1988 ന് ശേഷമുളള രേഖകള്‍ മാത്രമാണ് ഡിജിറ്റല്‍ രേഖകളാക്കി സുക്ഷിക്കുന്നത്. തളിപ്പറമ്പ് സബ് രജിസ്ട്രാര്‍ ഓഫീസ് പൊളിച്ചുമാറ്റുന്നതോടെ നഗരത്തിലെ ഏറ്റവും പഴക്കമുള്ള സര്‍ക്കാര്‍ ഓഫീസാണ് ഓര്‍മ്മയായി മാറുന്നത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.