ദുരിതാശ്വാസത്തിന് ഫോര്‍ ഹ്യൂമാനിറ്റി ഇന്ത്യ രംഗത്ത്

Wednesday 22 August 2018 7:44 pm IST

 

കണ്ണൂര്‍: കേരളത്തിലെ പ്രളയ ബാധിതരെ സഹായിക്കാനായി രാജ്യത്തെ പ്രമുഖ സന്നദ്ധ സംഘടനയായ ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റി ഇന്ത്യ രംഗത്ത്. പ്രളയത്തില്‍ അകപ്പെട്ട വീടുകള്‍ പുതുക്കിപ്പണിയുന്നതിനും റിപ്പയര്‍ ചെയ്യുന്നതിനും ആവശ്യമായ സഹായങ്ങള്‍ സംഘടന നല്‍കും. പ്രളയ ബാധിതര്‍ക്ക് അടിയന്തിര ആവശ്യങ്ങള്‍ക്കു വേണ്ട കിറ്റുകളും നല്‍കും. വിവിധ ജില്ലകളില്‍ പ്രളയം ബാധിച്ചവരില്‍ 10,000 കുടുംബങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റി ഇന്ത്യ ഇതിനകം കിറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ട്. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവരുടെ ജീവിതം കരുപ്പിടിപ്പിക്കുന്നതിനുള്ള സഹായങ്ങള്‍ ചെയ്യാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്ന് ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റി ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ രാജന്‍ സാമുവല്‍ പറഞ്ഞു. ഇന്ത്യയടക്കം എഴുപതിലേറെ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റി.

പ്രശസ്ത ബോളിവുഡ് താരവും മോഡലുമായ ജാക്വിലിന്‍ ഫെര്‍ണാണ്ടസാണ് ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റി ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍. പ്രളയ ബാധിതരെ സഹായിക്കാനായി ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റി ഇന്ത്യ സ്വരൂപിക്കുന്ന ഫണ്ടിലേക്ക് ജാക്വിലിന്‍ ഫെര്‍ണാണ്ടസ് അഞ്ചു ലക്ഷം രൂപ സംഭാവന നല്‍കിയിട്ടുണ്ട്. സിനിമാ മേഖലയിലുള്ള മറ്റ് അഭിനേതാക്കളോടും സുഹൃത്തുക്കളോടുമെല്ലാം സഹായം നല്‍കാന്‍ അവര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 

രാജ്യത്ത് പല കാലഘട്ടങ്ങളിലായി ഉണ്ടായ പ്രകൃതി ദുരന്തങ്ങളില്‍ ഉള്‍പ്പെട്ട രണ്ടര ലക്ഷത്തോളം ജനങ്ങള്‍ക്ക് ജീവിതം കരുപ്പിടിപ്പിക്കുന്നതിനാവശ്യമായ സഹായങ്ങള്‍ ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റി ഇന്ത്യ ഇതിനകം നല്‍കിയിട്ടുണ്ട്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.