ബാങ്കു വായ്പകള്‍ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം: ബാങ്കേഴ്‌സ് കമ്മിറ്റി

Thursday 23 August 2018 3:02 am IST

തിരുവനന്തപുരം: ദുരിതബാധിത പ്രദേശങ്ങളിലുള്ളവര്‍ക്ക് ബാങ്കുകളില്‍ നിന്നെടുത്ത വായ്പകള്‍ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റി തീരുമാനിച്ചു. എല്ലാ ഷെഡ്യൂള്‍ഡ് ബാങ്കുകളും ചെറുകിട ഫിനാന്‍സ് ബാങ്കുകളും പ്രാദേശിക ബാങ്കുകളും സഹകരണ ബാങ്കുകളും ഇത് നടപ്പില്‍ വരുത്തണം. ജൂലായ് 31 മുതല്‍ ഒരു വര്‍ഷമായിരിക്കും മൊറട്ടോറിയം കാലാവധി. 

വിദ്യാഭ്യാസ വായ്പകള്‍ക്ക് ഇത് ആറുമാസം മാത്രമായിരിക്കും. എല്ലാ വായ്പകളും 5 വര്‍ഷത്തേക്ക് പുതുക്കും. വായ്പ എടുത്തയാള്‍ ഇതിനായി പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. പുതിയ വായ്പകള്‍ക്കും കൂടുതല്‍ വായ്പകള്‍ക്കുമായി ഡിസംബര്‍ 31നുള്ളില്‍ അപേക്ഷിക്കണം. കാര്‍ഷിക വിള വായ്പയ്ക്കായി അടുത്ത കൊയ്ത്തുകാലത്തിനുള്ളില്‍ അപേക്ഷിക്കണം. എല്ലാ ബാങ്കുകളും മൂന്നുമാസത്തേക്ക് ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കും. ബാങ്കുമായി ബന്ധപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ടവര്‍ ഉത്കണ്ഠപ്പെടേണ്ടതില്ലെന്നും ഡാറ്റകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്നും ലീഡ് ബാങ്കായ കനറാ ബാങ്ക് ചെയര്‍മാന്‍ ടി.എം. മനോഹരന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടറും എസ്എല്‍ബിസി ചെയര്‍പേഴ്‌സണുമായ പി.വി. ഭാരതി, തിരുവനന്തപുരം സര്‍ക്കിള്‍ ജനറല്‍ മാനേജര്‍ ജി.കെ. മായ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

കെവൈസി രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ബാങ്ക് കെവൈസി നല്‍കും. കാര്‍ഷിക വായ്പകള്‍ക്കനുവദിക്കുന്ന സൗജന്യം വ്യാപാരത്തിനുള്‍പ്പെടെയുള്ള ചെറുകിട വായ്പകള്‍ക്കും ലഭ്യമാക്കും. വീട് റിപ്പയര്‍, പുനുരദ്ധാരണം, റീഫര്‍ണിഷിംഗ്, പുനര്‍നിര്‍മാണം എന്നിവയ്‌ക്കെല്ലാം വായ്പ അനുവദിക്കും. അതേ സമയം വായ്പകള്‍ക്ക് പലിശ ഒഴിവാക്കിക്കൊടുക്കുന്ന കാര്യം ബാങ്കുകള്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.