വിദേശത്തു നിന്നുള്ള സഹായത്തിന് കേന്ദ്രം തടസ്സമെന്ന വാര്‍ത്ത അടിസ്ഥാനരഹിതം

Thursday 23 August 2018 3:04 am IST

കോഴിക്കോട്: പ്രളയദുരിതാശ്വാസത്തിനുള്ള വിദേശ മലയാളികളുടെ സഹായസഹകരണങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തടയിടുന്നു എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതം. ദുരിതാശ്വാസ സാമഗ്രികളുമായി പാക്കിസ്ഥാനില്‍ നിന്നു പുറപ്പെടാനിരുന്ന വിമാനത്തിന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ അനുമതി നല്‍കുന്നില്ലെന്നായിരുന്നു മലയാള മനോരമ പത്രം ഇന്നലെ വാര്‍ത്ത നല്‍കിയത്.

എന്നാല്‍ ഇന്നലെ കരിപ്പൂരില്‍ സാധന സാമഗ്രികള്‍ എത്തിക്കുന്നതിന് യാതൊരു തടസ്സവുമുണ്ടായില്ലെന്ന് ദുരിതാശ്വാസ സാമഗ്രികള്‍ എത്തിക്കുന്നതിന് മുന്‍കൈ എടുത്ത യൂണിവേഴ്‌സല്‍ ഹോസ്പിറ്റല്‍ എംഡി ഡോ. ഷബീര്‍ നെല്ലിക്കോട് പറഞ്ഞു. യുഎഇയിലുള്ള നിരവധി മലയാളി സംഘടനകളുടെ അകമഴിഞ്ഞ സഹായത്തോടെയാണ് സാധന സാമഗ്രികള്‍ എത്തിച്ചത്.  ഇത് എത്തിക്കുന്നതിന് യാതൊരു തടസ്സവുമുണ്ടായിട്ടില്ല. നിലവിലുള്ള നിയമപ്രകാരം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുക മാത്രമേ ഉണ്ടായിട്ടുള്ളു. വിമാനത്തിന് നിശ്ചിത സമയത്തു തന്നെ കരിപ്പൂരിലെത്താനും കഴിഞ്ഞു.

വയനാട്, ചാലക്കുടി, കൂര്‍ഗ്, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനാണ് സാധനങ്ങള്‍ ഉപയോഗിക്കുക. ജില്ലാ കലക്ടര്‍മാരുമായി ബന്ധപ്പെട്ട് ഇവ വിതരണം ചെയ്യും. കേന്ദ്ര തീരുമാനം വൈകിയെന്നും വിമാനം വഴി സാധനങ്ങള്‍ എത്തിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തടസ്സം സൃഷ്ടിക്കുന്നുവെന്ന വാര്‍ത്തയും അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.