ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഒരു മാസത്തെ സൗജന്യ മരുന്നുകള്‍ നല്‍കും

Thursday 23 August 2018 3:06 am IST

തിരുവനന്തപുരം: പ്രളയ ദുരന്തത്തെത്തുടര്‍ന്ന് ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഒരു മാസത്തെ സൗജന്യ മരുന്നുകള്‍ നല്‍കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. ക്യാമ്പുകളിലുള്ളവര്‍ക്കും ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങിയവര്‍ക്കുമാണ് മരുന്നുകള്‍ നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി. എറണാകുളം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന പ്രത്യേക അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. 

ആവശ്യമായ മരുന്നുകള്‍ സ്റ്റോക്കുണ്ട്.  പല മേഖലകളില്‍ നിന്നും മരുന്നുകള്‍ ലഭിക്കുന്നുണ്ട്. ഏതെങ്കിലും ക്യാമ്പുകളില്‍ മരുന്നുകളുടെ കുറവുണ്ടെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയോ കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിച്ചാല്‍ എത്രയും വേഗം ലഭ്യമാക്കും. പതിനായിരങ്ങള്‍ ക്യാമ്പിലുള്ളതിനാല്‍ മരുന്നിന് കുറവുണ്ടെന്ന് ബോധ്യമായാല്‍ മറ്റ് സംസ്ഥാനങ്ങള്‍ സഹായിക്കാമെന്നേറ്റിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഏതെങ്കിലും ഭാഗത്ത് മരുന്നിന്റേയോ ഡോക്ടര്‍മാരുടേയോ കുറവുണ്ടായാല്‍ വിളിച്ചറിയിക്കാന്‍ സ്റ്റേറ്റ് കണ്‍ട്രോള്‍ റൂമും ജില്ലകള്‍ തോറും ജില്ലാ കണ്‍ട്രോള്‍ റൂമും സജ്ജീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് ഡയറക്ടറും അഡീഷണല്‍ ഡയറക്ടറുമാണ് ഇതിന്റെ ചുമതല വഹിക്കുന്നത്. ഇതുകൂടാതെ ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വേഗത്തില്‍ നടപടിയെടുക്കാനാകുമെന്നും മന്ത്രി പറഞ്ഞു. 

എറണാകുളം ജില്ലാ കളക്ടര്‍ വൈ.മുഹമ്മദ് സഫീറുള്ള, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കുട്ടപ്പന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. മാത്യൂസ് നമ്പേലി, ആയുഷ് മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ജയനാരായണന്‍, ആയുര്‍വേദ ഡിഎംഒ  ഡോ. ഉഷ, ഹോമിയോ ഡിഎംഇ ഡോ. ലീനറാണി എന്നിവര്‍ പങ്കെടുത്തു.

ആരോഗ്യമന്ത്രി പറഞ്ഞത്

ക്യാമ്പുകളില്‍ പരമാവധി ഡോക്ടര്‍മാരേയും നഴ്സുമാരേയും എത്തിക്കും.

പകര്‍ച്ചവ്യാധി പ്രതിരോധത്തിനും ശുചീകരണത്തിനും പ്രത്യേക ടീം.

വളര്‍ത്തുമൃഗങ്ങളുടെ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാനുള്ള നടപടിക്ക് കളക്‌ട്രേറ്റില്‍ പ്രത്യേക സംവിധാനം

ടണ്‍ കണക്കിന് ക്ലോറിനും ബ്ലീച്ചിംഗ് പൗഡറും ആവശ്യമുണ്ട്. മഹാരാഷ്ട്ര ആരോഗ്യമന്ത്രി സഹായിക്കും.

അണുനശീകരണത്തിന് ക്ലോറിനും ബ്ലീച്ചിംഗ് പൗഡറും ഉപയോഗിക്കാന്‍  പരിശീലനം സിദ്ധിച്ച ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് മേല്‍നോട്ട ചുമതല. 

പകര്‍ച്ചവ്യാധി ശ്രദ്ധയില്‍പ്പെട്ടാല്‍ അത് മറച്ചു വയ്ക്കാതെ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം. ഇത് റിപ്പോര്‍ട്ട് ചെയ്യാന്‍ എന്‍എച്ച്എം പിആര്‍ഒമാരെ നിയോഗിക്കും.  ചിക്കന്‍പോക്സ് പോലെയുള്ള രോഗമുള്ളവരെ പ്രത്യേകം മാറ്റി ചികിത്സിക്കും. ഇതിന് താലൂക്ക് തലം മുതലുള്ള ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡ് സജ്ജീകരിച്ചിട്ടുണ്ട്. 

ആയുര്‍വേദ, ഹോമിയോ വിഭാഗങ്ങളും ക്യാമ്പുകളില്‍ യൂണിറ്റ് തുടങ്ങിയിട്ടുണ്ട്. എല്ലാ കുടുംബങ്ങള്‍ക്കും ആയുര്‍വേദ പ്രതിരോധ കിറ്റുകള്‍ നല്‍കും.

എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് മാനസികാരോഗ്യപ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്.  ഇവരെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ ക്യാമ്പുകളിലും വീടുകളിലും കൗണ്‍സലിംഗ് നടത്തും.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.