ഇനി ചിലത് പറയേണ്ടതുണ്ട്

Thursday 23 August 2018 3:07 am IST

കുട്ടനാട്ടിലടക്കം ജലനിരപ്പ് കുറഞ്ഞില്ലെങ്കിലും മഹാ പ്രളയത്തിന്റെ ഭീതി ഒഴിഞ്ഞു. ഇനി പുനരധിവാസവും പുനര്‍ നിര്‍മ്മാണവുമാണ് അടിയന്തരമായി ചെയ്തുതീര്‍ക്കാനുള്ളത്. ഇതിനായി മാനുഷരെല്ലാരും ഒന്നിച്ച് അണിനിരന്നിട്ടുണ്ട്. അതിന് ജാതിയില്ല, മതമില്ല, രാഷ്ട്രീയവുമില്ല. എന്നാല്‍ ചില കുബുദ്ധികള്‍ കലങ്ങിയ വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുകയാണ്. അതിന്റെ ഒന്നാന്തരം ഉദാഹരണമാണ് കഴിഞ്ഞദിവസം കണ്ടത്. മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയത് എന്തെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രേരണയോ സമ്മര്‍ദ്ദമോ കൊണ്ടല്ല. സ്വമേധയാ രക്ഷാപ്രവര്‍ത്തനത്തില്‍ മുഴുകി തിരിച്ചെത്തിയവരെ ഭരണകക്ഷിക്കാര്‍ ഹൈജാക്ക് ചെയ്തു. ചെങ്കൊടിയും പിടിച്ച് അവരെ രക്തഹാരമണിയിച്ചാനയിച്ചത് ഒരു മന്ത്രിയാണ്. 

കരയിലിരുന്ന് ദുരന്തം ആസ്വദിച്ച ടൂറിസം മന്ത്രി സുരേന്ദ്രന്‍ പട്ടാളത്തെ ആക്ഷേപിക്കാനും തയ്യാറായി. തോക്കുംപിടിച്ച് ദൂരെ നില്‍ക്കാനേ പട്ടാളത്തിന് കഴിയൂ എന്ന പ്രസ്താവന നടത്തിയ മന്ത്രിയെ ശാസിക്കാന്‍ പോലും മുഖ്യമന്ത്രി തയ്യാറായില്ല. ചികിത്സയ്ക്കുള്ള അമേരിക്കന്‍ യാത്ര മാറ്റിവച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തേ സഹമന്ത്രിയോട് വിശദീകരണം ചോദിച്ചില്ല എന്ന ചോദ്യത്തിന് ഇനിയും ഉത്തരമുണ്ടായിട്ടില്ല. ജലനിരപ്പ് ഓര്‍ക്കാപ്പുറത്ത് ഉയര്‍ന്നതു സംബന്ധിച്ച് ഇപ്പോള്‍ പല ചോദ്യങ്ങളും സംശയങ്ങളും ഉയരുന്നു. സര്‍ക്കാര്‍ സംവിധാനത്തിന്റെ നിരുത്തരവാദപരമായ പെരുമാറ്റമാണ് പ്രളയത്തിന് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. യഥാസമയം തുറക്കാത്ത ഡാമുകള്‍ ഒരു മുന്നറിയിപ്പുമില്ലാതെ ഒറ്റയടിക്ക് തുറന്നതാണ് പ്രശ്‌നമായത്.

പത്തനംതിട്ടയിലെ  മലയോരപ്രദേശങ്ങള്‍ മുതല്‍ കുട്ടനാട് വരെ മഹാപ്രളയത്തില്‍ മുങ്ങാന്‍ കാരണം പമ്പ, കക്കി - ആനത്തോട് ജലസംഭരണികള്‍ വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ തുറന്നതാണ്. രാത്രിയില്‍ ഷട്ടറുകള്‍ അപകടകരമായ രീതിയില്‍ തുറക്കരുതെന്ന ദുരന്തനിവാരണ അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശം പോലും പാലിക്കാഞ്ഞത് ഭയാനകമായ അവസ്ഥയ്ക്കാണു വഴിവച്ചത്. ഇടുക്കി കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജലസംഭരണശേഷിയുള്ളവയാണ് ശബരിഗിരി പദ്ധതിയിലെ പമ്പ, കക്കി - ആനത്തോട് ഡാമുകള്‍. കഴിഞ്ഞ ഒന്‍പതാം തീയതി തന്നെ  ഇവയുടെ  ഷട്ടറുകള്‍ കുറച്ച്  തുറന്നിരുന്നു. തുടര്‍ന്ന്  പമ്പ കരകവിയുകയും താഴ്ന്നസ്ഥലങ്ങള്‍ വെള്ളത്തിലാകുകയും ചെയ്തു. 

ഇങ്ങനെ ആശങ്കാകരമായ സ്ഥിതിക്കിടെയാണ് 14നു രാത്രിയില്‍ ഷട്ടറുകള്‍ കൂടുതലായി തുറന്ന് പമ്പയിലേക്ക് ജലമൊഴുക്കിയത്. ഇതു സംബന്ധിച്ച് വ്യക്തമായ മുന്നറിയിപ്പുകളുമില്ലായിരുന്നു. വൈദ്യുതി ബോര്‍ഡിന്റെ അതിമോഹം സമാനതകളില്ലാത്ത മഹാദുരന്തത്തിനാണ് വഴിവച്ചത്. ഗുരുതരമായ പ്രതിസന്ധി ജനങ്ങള്‍ക്കും സംസ്ഥാനത്തിനും ഉണ്ടായതിനെക്കുറിച്ചുള്ള ബോര്‍ഡ് ചെയര്‍മാന്റെ വിശദീകരണത്തിന് പുല്ലുവിലപോലും നല്‍കരുത്. ഇതിനിടയിലും കേന്ദ്ര സര്‍ക്കാറിനെ പ്രതികൂട്ടില്‍ നിര്‍ത്താന്‍ ചില ചാനലുകളും പാര്‍ട്ടികളും നടത്തുന്ന ശ്രമങ്ങള്‍ മാപ്പര്‍ഹിക്കാത്തതാണ്. മുമ്പൊരുകാലത്തും ഒരു സര്‍ക്കാരും സ്വീകരിക്കാത്ത മുന്‍കരുതലുകളും സഹായങ്ങളുമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇനിയും ഒരുപാടുകാര്യങ്ങള്‍ ചെയ്യാന്‍ സന്നദ്ധതയും പ്രകടിപ്പിച്ചിട്ടുണ്ട്. അതിനെ ലഘൂകരിച്ച് ആക്ഷേപിക്കാന്‍ മുതിരുന്നത് നീചമാണ്. അതിനൊരു ഉദാഹരണമാണ് കേരളത്തിലെത്തിച്ച അരിയുടെ കാര്യത്തില്‍ നടന്ന ദുഷ്പ്രചാരണം. 

കേരളത്തിലെ ദുരന്ത മേഖലകളിലേക്ക് വിതരണം ചെയ്യുന്നതിനായി അടിയന്തരമായി എത്തിച്ച അരി സൗജന്യമായാണ് നല്‍കിയത്. അരിക്ക് കേന്ദ്രം കേരളത്തോട് പണം വാങ്ങുമെന്ന മലയാള ദൃശ്യമാധ്യമങ്ങളിലെ  വാര്‍ത്തകള്‍ വ്യാജമാണെന്ന് കേന്ദ്രഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്‍ അറിയിച്ചിട്ടും അത് പ്രസിദ്ധീകരിക്കാതെ തെറ്റായ വാര്‍ത്തയ്ക്ക് പ്രചാരം നല്‍കാനാണ് ചില മുത്തശ്ശി പത്രങ്ങള്‍ തയ്യാറായത്.

ഒരു കിലോയ്ക്ക് 25 രൂപ നിരക്കില്‍ പണം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചെന്നായിരുന്നു വാര്‍ത്ത. അടിയന്തര സഹായമായി വ്യോമസേനാ വിമാനങ്ങളിലും ട്രെയിനുകളിലുമാണ് 89,540 മെട്രിക് ടണ്‍ അരി കേരളത്തിലെത്തിച്ചത്. ഈ അരിക്ക് 233 കോടി രൂപ കേരളം നല്‍കണമെന്നായിരുന്നു മലയാളം ചാനലുകള്‍ നല്‍കിയ വാര്‍ത്ത. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആസൂത്രിത പ്രചാരണം ചില മാധ്യമപ്രവര്‍ത്തകരും സിപിഎമ്മുകാരും ആരംഭിച്ചിരുന്നു. അരിക്ക് മൂന്നുമാസത്തേക്ക് പണം നല്‍കേണ്ടെന്നും പിന്നീട് പണം നല്‍കിയില്ലെങ്കില്‍ കേന്ദ്രധനസഹായത്തില്‍ നിന്ന് തിരിച്ചുപിടിക്കുമെന്നുമായിരുന്നു വാര്‍ത്ത. 

എന്നാല്‍ കേരളത്തിന് പ്രത്യേകമായി തികച്ചും സൗജന്യമായാണ് അരി എത്തിച്ചതെന്ന് കേന്ദ്രഭക്ഷ്യമന്ത്രാലയം അറിയിച്ചതോടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ അപഹാസ്യരായി. കേരളം ഇന്ത്യയുടെ ഭാഗമാണ്. രാഷ്ട്ര ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് ക്ഷാമമുണ്ടായാല്‍ അത് രാഷ്ട്രത്തിന്റെ പ്രശ്‌നമാണ്. അതുകൊണ്ടുതന്നെയാണ് ഭരിക്കുന്ന കക്ഷിയുടെ നിറവും മണവും നോക്കാതെ രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും സംസ്ഥാനത്തേക്ക് സഹായം പ്രവഹിക്കുന്നത്. ഏതെങ്കിലും പാര്‍ട്ടിയുടെ മിടുക്കുകൊണ്ടല്ല മഹാപ്രളയത്തില്‍ നിന്നു കേരളത്തെ കരകയറ്റാനുള്ള പരിശ്രമം വിജയമായത്. അത് മനസ്സിലാക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ സഹപ്രവര്‍ത്തകരെ ബോധ്യപ്പെടുത്താനും ശ്രമിക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.