ചെകുത്താന്മാർ പണി തുടങ്ങി

Thursday 23 August 2018 3:07 am IST
പിണറായി സര്‍ക്കാരിനും സിപിഎമ്മിനും സഹായങ്ങള്‍ വേണ്ട. അവര്‍ക്ക് പണം മതി. പണം മാത്രം മതി. പണം ചെലവഴിച്ച് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങളാണ് അഞ്ച് പൈസപോലും മുടക്കില്ലാതെ കേന്ദ്രസര്‍ക്കാര്‍ ചെയ്തു കൊടുക്കുന്നത്. ദുരിത്വാശ്വാസമാണ് ലക്ഷ്യമെങ്കില്‍ ഇതിനെ സ്വാഗതം ചെയ്യുകയും നന്ദി പറയുകയുമാണ് വേണ്ടത്. ഇതിനുപകരം കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ പഴുതുണ്ടാക്കുകയാണ് മുഖ്യമന്ത്രി പിണറായിയും മറ്റും ചെയ്യുന്നത്.

അടിക്കുറിപ്പ് വേണ്ടാത്ത ചിത്രങ്ങളാണ് ഒന്നര ആഴ്ചയോളമായി പത്ര-ദൃശ്യമാധ്യമങ്ങളില്‍ വന്നുകൊണ്ടിരുന്നത്. വന്‍കലി ബാധിച്ചപോലെ കരകവിഞ്ഞൊഴുകുന്ന പുഴകള്‍, നഗരങ്ങളെന്നോ നാട്ടില്‍ പുറങ്ങളെന്നോ ഭേദമില്ലാതെ നോക്കെത്താ ദൂരത്തോളം നീണ്ടുകിടക്കുന്ന ജലപ്പരപ്പ്, നോക്കിനില്‍ക്കെ അപ്രത്യക്ഷമായ റോഡുകള്‍, വെള്ളത്തിലാണ്ടുപോയ വീടുകളും വാഹനങ്ങളും, ഒലിച്ചുപോയ ജീവനും ജീവിതങ്ങളും, അപരനെ രക്ഷിക്കാന്‍ ശ്രമിച്ച് ജീവന്‍ ബലിയര്‍പ്പിച്ചവര്‍, ജീവിതം ഹോമിച്ച് നിര്‍മ്മിച്ച വീടുകള്‍ തകര്‍ന്നത് താങ്ങാനാവാതെ ഹൃദയംപൊട്ടി മരിച്ചവര്‍, ആത്മാഹൂതി ചെയ്തവര്‍... എല്ലാം കണ്ണില്‍തറയ്ക്കുന്ന കാഴ്ചകള്‍.

അച്ചടിമാധ്യമങ്ങള്‍ ഏറെക്കുറെ നിസ്സഹായമായ ഈ ദിനങ്ങളില്‍, ദൃശ്യമാധ്യമങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ താറുമാറായപ്പോള്‍ ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കാനും, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ട വിവരങ്ങള്‍ കൈമാറാനും വാര്‍ത്താചാനലുകള്‍ രാപകലില്ലാതെ പ്രയത്‌നിക്കുന്നത് കണ്ടപ്പോള്‍ അഭിമാനം തോന്നി. പക്ഷേ ചിലര്‍ തനിനിറം കാട്ടാതിരുന്നില്ല. മരണമുഖത്ത് നിലയുറപ്പിച്ചും മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചവര്‍ക്കിടയില്‍ സംഘപരിവാറില്‍പ്പെട്ട 'സേവാഭാരതി' സേവനത്തിന് പുതിയ നിര്‍വചനം തന്നെ നല്‍കി. രക്ഷാപ്രവര്‍ത്തനം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ 'സേവാഭാരതിയുടെ പ്രവര്‍ത്തകര്‍' എന്നു പറഞ്ഞുതുടങ്ങിയിട്ട് ക്ഷമിക്കണം 'സന്നദ്ധ സംഘടനകള്‍' എന്ന് ഒരു ചാനല്‍ തിരുത്തുകയുണ്ടായി.

കേരളം അനുഭവിച്ച പ്രളയം മനുഷ്യസൃഷ്ടിയായിരുന്നോ എന്ന, പിണറായി സര്‍ക്കാരിനെ കടലെടുക്കുന്ന ചോദ്യത്തിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല. പക്ഷേ ''ഒന്നും സംഭവിക്കില്ല, എല്ലാ മുന്‍കരുതലുമെടുത്തിട്ടുണ്ട്'' എന്നാണ് പിണറായിയുടെ ഒരു മന്ത്രിപുംഗവന്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. ഈ കൊലവെറിക്കാരന്റെ പൊടിപോലും ജനങ്ങള്‍ ദുരിതക്കയത്തില്‍ മുങ്ങിത്താണപ്പോള്‍ കണ്ടില്ല. അടിക്കണക്കിന് വെള്ളത്തിന്റെ വൈദ്യുതി വിറ്റ് കോടികളുടെ ലാഭമുണ്ടാക്കാന്‍ അണക്കെട്ടുകള്‍ യഥാസമയം തുറന്നുവിടാതിരുന്ന ഈ ജനശത്രു വിചാരണ ചെയ്യപ്പെടുമെന്ന് ഉറപ്പാണ്.

കാര്യങ്ങള്‍ കൈവിട്ടുപോവുകയാണെന്ന് അറിഞ്ഞനിമിഷം രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ വിളിക്കാന്‍ പലകോണുകളില്‍നിന്നും ആവശ്യമുയര്‍ന്നതാണ്. സഹജമായ രാഷ്ട്രീയ ദുഷ്ടലാക്കോടെ പിണറായി സര്‍ക്കാര്‍ ഈ ആവശ്യം അംഗീകരിച്ചില്ല. ഭരണം സൈന്യത്തെ ഏല്‍പ്പിക്കാനാവില്ലെന്നുതന്നെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിച്ചു. സൈന്യത്തിനു മാത്രമായി ഒന്നും ചെയ്യാനാവില്ലെന്ന് പിണറായിയും പറഞ്ഞുവച്ചു. രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്‍പ്പിച്ചാല്‍ സ്ഥിതിഗതികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുമെന്നും, അതിന്റെ ബഹുമതി നരേന്ദ്രമോദി സര്‍ക്കാരിനു പോകുമെന്നും കരുതിയാണ് ഈ രാഷ്ട്രീയ കഴുകന്മാര്‍ ദുര്‍മുഖം കാണിച്ചത്. എന്നിട്ടിപ്പോള്‍ ആവശ്യപ്പെട്ട  സൈന്യത്തെ തന്നില്ല, ഹെലികോപ്ടര്‍ തന്നില്ല എന്നാണ് യാതൊരു ഉളുപ്പുമില്ലാതെ പാര്‍ട്ടിക്കാരെക്കൊണ്ട് താഴെത്തട്ടില്‍ പ്രചാരണം നടത്തുന്നത്.

പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നതായിരുന്നു തികച്ചും രാഷ്ട്രീയ പ്രേരിതമായ മറ്റൊരു ആവശ്യം. 'ദേശീയ ദുരന്തം' എന്നത് നിയമപരമായ സാധുതയൊന്നുമില്ലാത്ത ആലങ്കാരിക പ്രയോഗമാണെന്നറിഞ്ഞിട്ടും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ പപ്പു ഉള്‍പ്പെടെ ഈ ആവശ്യം ഉന്നയിച്ചുകൊണ്ടിരുന്നു. സ്വാഭാവികമായും കേന്ദ്രസര്‍ക്കാര്‍ ആവശ്യം നിരസിക്കും. അങ്ങനെ വന്നാല്‍ നരേന്ദ്ര മോദിയെ പൂര്‍വ്വാധികം ആക്ഷേപിക്കാമല്ലോ. ഇതായിരുന്നു തന്ത്രം. 'ദേശീയ ദുരന്തം' എന്നൊന്നില്ലെന്ന് സ്വന്തം പാര്‍ട്ടി എംപിയായ ശശിതരൂര്‍ പ്രഖ്യാപിച്ചിട്ടും പപ്പുവിന് കുലുക്കമൊന്നുമില്ല.

ജനങ്ങള്‍ പ്രളയത്തില്‍പ്പെട്ടതറിഞ്ഞ് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് എത്തി 100 കോടി രൂപ അടിയന്തര സഹായം പ്രഖ്യാപിച്ചു. ഒട്ടുംവൈകാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തി. ഉന്നതതല യോഗം ചേര്‍ന്നു. പ്രളയ ദുരന്തം നേരില്‍ക്കാണാന്‍ വ്യോമ നിരീക്ഷണം നടത്തി. 500 കോടിരൂപകൂടി അടിയന്തര സഹായം പ്രഖ്യാപിച്ചു.  തകര്‍ന്ന റോഡുകളും വീടുകളും നിര്‍മിക്കുമെന്ന് ഉറപ്പു നല്‍കി. ദുരന്തത്തില്‍നിന്ന് കരകയറാന്‍ കേരളത്തിന് ആവശ്യമുള്ളതെല്ലാം നല്‍കുമെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി മടങ്ങിയത്.

ഉടന്‍ തുടങ്ങി ദുഷ്പ്രചാരണം. 20000 കോടി വേണ്ടിടത്ത് മോദി തന്നത് വെറും 500കോടി! ദുരന്തത്തിന്റെ വ്യാപ്തി എത്രയെന്ന് അറിയാതിരിക്കെ ഇരുപതിനായിരം കോടിയുടെ കണക്ക് തട്ടിക്കൂട്ടിയുണ്ടാക്കുകയായിരുന്നില്ലേ? ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുക്കുന്നതിന് മുന്‍പേ വിടുവായത്തത്തില്‍ ഡോക്ടറേറ്റ് എടുത്ത ഒരു മന്ത്രി പുലഭ്യം പറയാന്‍ തുടങ്ങി. ''ഇരുപതിനായിരം കോടി വേണം, തന്നാലെന്താ?'' എന്നാണ് ഈ കൊജ്ഞാണന്‍ മന്ത്രി ചോദിച്ചത്.

പ്രധാനമന്ത്രി 500 കോടിയും ആഭ്യന്തര മന്ത്രി 100 കോടിയും പ്രഖ്യാപിച്ചത് അടിയന്തര സഹായമെന്ന നിലയ്ക്കാണ്. ബാക്കി വരുന്ന തുകയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സാവകാശം വേണം. എന്നാല്‍ ഈ സാഹചര്യം മറച്ചുപിടിച്ച് മോദി കേരളത്തെ അവഗണിച്ചു, വഞ്ചിച്ചു എന്നൊക്കെയുള്ള പ്രചാരണത്തിന് വഴിമരുന്നിടുകയാണ് സര്‍ക്കാരും സിപിഎമ്മും ചെയ്തത്.

സാധ്യമായതെല്ലാം കേരളത്തിനുവേണ്ടി ചെയ്യുമെന്ന് പ്രധാനമന്ത്രി വെറുതെ പറഞ്ഞതല്ല. അദ്ദേഹം തിരിച്ചുപോയ ഉടന്‍ കേന്ദ്രസര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളില്‍നിന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയുള്ള സാധന സാമഗ്രികള്‍ എത്താന്‍ തുടങ്ങി. ആരോഗ്യമന്ത്രാലയവും പ്രതിരോധമന്ത്രാലയവും റെയില്‍വേ മന്ത്രാലയവും ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്തവിധം സഹായങ്ങള്‍ എത്തിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇതിനുപുറമെയാണ് വിവിധ സംസ്ഥാനങ്ങള്‍ പണമായും ഭക്ഷ്യധാന്യങ്ങളായും മറ്റും എത്തിക്കുന്ന സഹായങ്ങള്‍.

പക്ഷേ പിണറായി സര്‍ക്കാരിനും സിപിഎമ്മിനും സഹായങ്ങള്‍ വേണ്ട. അവര്‍ക്ക് പണം മതി. പണം മാത്രം മതി. പണം ചെലവഴിച്ച് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങളാണ് അഞ്ച് പൈസപോലും മുടക്കില്ലാതെ കേന്ദ്രസര്‍ക്കാര്‍ ചെയ്തുകൊടുക്കുന്നത്. ദുരിത്വാശ്വാസമാണ് ലക്ഷ്യമെങ്കില്‍ ഇതിനെ സ്വാഗതം ചെയ്യുകയും നന്ദി പറയുകയുമാണ് വേണ്ടത്.  ഇതിനുപകരം കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ പഴുതുണ്ടാക്കുകയാണ് മുഖ്യമന്ത്രി പിണറായിയും മറ്റും ചെയ്യുന്നത്. 

യുഎഇ 700 കോടിരൂപയുടെ സഹായവാഗ്ദാനംനല്‍കിയിട്ടുണ്ടെന്നും, അത് പ്രധാനമന്ത്രി മോദിയെ അറിയിച്ചിട്ടുണ്ടെന്നും പിണറായി വിജയനാണ് ആദ്യം പറഞ്ഞത്. ഇപ്പോഴത്തെ അവസ്ഥയില്‍ കേരളത്തെ സഹായിക്കാന്‍ ഐക്യരാഷ്ട്രസഭ തയ്യാറാണെന്നും, എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇതിന് സമ്മതിക്കുന്നില്ല എന്ന വാര്‍ത്തയും പിന്നാലെയെത്തി. കേന്ദ്രം അരി നല്‍കുന്നത് നികുതി ഒഴിവാക്കിയല്ലെന്ന വ്യാജവാര്‍ത്തയും ചില ചാനലുകള്‍ പ്രചരിപ്പിച്ചു. ദിവസങ്ങള്‍ക്കുമുന്‍പ് പ്രളയദുരന്തത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ മാലാഖമാരായി പ്രത്യക്ഷപ്പെട്ടവരാണ് ന്യൂസ് റൂമിലിരുന്ന് ഈ കൊള്ളരുതായ്മകള്‍ ചെയ്തുകൂട്ടിയത്. ദൈവത്തിന്റെ നാട്ടിലെ കമ്യൂണിസ്റ്റ് ചെകുത്താന്മാരുടെ പിന്തുണയും ഇതിനു ലഭിക്കുന്നു.

പ്രകൃതിദുരന്തങ്ങളുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശസഹായം വേണ്ടെന്ന് തീരുമാനിച്ചത് 2004-ല്‍ കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന യുപിഎ സര്‍ക്കാരാണ്. സുനാമി ദുരന്തത്തിനു ശേഷമായിരുന്നു ഈ തീരുമാനം. ഇക്കാര്യം മറച്ചുപിടിച്ച് മതന്യൂനപക്ഷങ്ങള്‍ ജനസംഖ്യയില്‍ പകുതിവരുന്ന, ഇടതുപക്ഷം ഭരിക്കുന്ന കേരളത്തെ ദ്രോഹിക്കാന്‍ മോദി സര്‍ക്കാര്‍ വിദേശസഹായം മനഃപൂര്‍വം തടയുകയാണെന്ന് വരുത്താനാണ് തല്‍പ്പരകക്ഷികള്‍ ശ്രമിക്കുന്നത്.

ജനങ്ങള്‍ ദുരന്തത്തിലകപ്പെട്ടിരിക്കെ കേരളം സന്ദര്‍ശിച്ച ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനു മുന്നില്‍ ദുരിതാശ്വാസത്തിന് പിണറായി സര്‍ക്കാര്‍ വച്ചത് 8316 കോടി രൂപയുടെ കണക്കാണ്. നഷ്ടം കണക്കാക്കാന്‍ മാസങ്ങള്‍ വേണ്ടിവരുമെന്ന് ചീഫ് സെക്രട്ടറി പ്രഖ്യാപിച്ച സമയമായിരുന്നു ഇത്. ഈ തുകയാണ് പ്രധാനമന്ത്രി വന്നപ്പോള്‍ 19512 കോടിയായത്! ഇതുംപോരാതെ മറ്റ് ചില കണക്കുകളും ആവശ്യങ്ങളും അവതരിപ്പിക്കുന്നുണ്ട്.

കേരളത്തിലെ ജനങ്ങളെ ഇപ്പോഴത്തെ ദുരിതത്തില്‍നിന്ന് മോചിപ്പിക്കാന്‍ എത്രകോടി വേണ്ടിവന്നാലും അത് ചെലവഴിക്കപ്പെടണം. ജനങ്ങളുടെ ജീവനെക്കാള്‍ വലുതല്ല പണം. പക്ഷേ സിപിഎമ്മിന്റെയും പിണറായി സര്‍ക്കാരിന്റെയും അജണ്ട ദുരിതാശ്വാസമല്ല, മറ്റ് ചിലതാണ്. പണത്തിന്റെ കാര്യം വരുമ്പോള്‍ സിപിഎമ്മിനെ വിശ്വസിക്കാന്‍ ആ പാര്‍ട്ടിയുടെ ചരിത്രമറിയാവുന്ന ആര്‍ക്കുമാവില്ല. ഒറ്റയിടപാടില്‍ 300 കോടിയിലേറെ രൂപയുടെ അഴിമതി നടത്തിയെന്ന് കേസുള്ളയാളാണ് ഭരണത്തിന് നേതൃത്വം  നല്‍കുന്നത്. ഈ അവസരം ഉപയോഗിച്ച് എങ്ങനെ പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാമെന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. 

അഴിമതി ഉത്സവമാക്കിയ ജനകീയാസൂത്രണത്തിന്റെ ചരിത്രവും, ഓഖി ഫണ്ട് ദുരുപയോഗിച്ചതുമെല്ലാം ജനങ്ങള്‍ക്കു മുന്നിലുണ്ട്. സിപിഎമ്മും  പിണറായി സര്‍ക്കാരും മുന്നില്‍ക്കാണുന്നത് പ്രളയദുരിതാശ്വാസമല്ല, അടുത്ത പൊതുതെരഞ്ഞെടുപ്പാണെന്ന് ഇക്കൂട്ടരെ അറിയുന്നവര്‍ക്ക് എളുപ്പം മനസ്സിലാവും. ദുരിതാശ്വാസത്തിനായി ഇപ്പോള്‍ ഒഴുകിയെത്തുന്ന പണം പാര്‍ട്ടി ഫണ്ടായി മാറിയെങ്കിലെന്ന് ആഗ്രഹിക്കുന്നവരാണ് കോടികള്‍കൊണ്ട് അമ്മാനമാടുന്ന കോടിയേരിമാര്‍ എന്നതല്ലേ വാസ്തവം?.

മുരളി പാറപ്പുറം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.