കേന്ദ്രം തന്നതും തരാനിരിക്കുന്നതും

Thursday 23 August 2018 3:06 am IST
മഴക്കെടുതിയിൽ വലഞ്ഞ കേരളത്തിന് കേന്ദ്രസർക്കാർ കാര്യമായൊന്നും തന്നില്ല എന്നു പരാതിപ്പെടുന്നവരുണ്ട്. ശരിയോ? കേന്ദ്ര നടപടികളിലേക്ക് ഒന്ന് കണ്ണോടിക്കാം

കേരളത്തിലെ പ്രളയ ദുരിതം നേരിടാന്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായവും സഹകരണവും വന്നത് പലവഴിയിലൂടെയാണ്. പ്രഖ്യാപിച്ച പണത്തിന്റെ സംഖ്യയില്‍ മാത്രം അത് ഒതുങ്ങുന്നില്ല. പണത്തിന്റെ കണക്കു പറഞ്ഞു കേന്ദ്രത്തെ പഴിക്കുമ്പോള്‍ ഓര്‍ക്കണം, അതിനൊക്കെ എത്രയോ മേലേയാണ് കേന്ദ്രം കേരളത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളും ഇനി നടത്താനിരിക്കുന്ന പുനരധിവാസ-പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളും. പണമല്ല സഹായമാണു കേന്ദ്രം നല്‍കുന്നത്, നാളത്തെ കേരളത്തെകെട്ടിപ്പടുക്കാന്‍ വേണ്ടി. 

ഏതു സഹായത്തിലും ആരുടെ സഹായത്തിലും പണത്തിന്റെ കണക്ക് മാത്രമാണ് കൃത്യമായി പറയാനാവുന്നത്. ജീവന്‍ രക്ഷിച്ചതും ഭക്ഷണം കൊടുത്തതും ആത്മ വിശ്വാസം നല്‍കിയതും വഴിയൊരുക്കിയതുമെല്ലാം ഏതു കണക്കില്‍പ്പെടുത്തും? നോക്കാം സഹായം വന്ന വഴിയിലേയ്ക്ക്:

സഹായം പണമായി

മൂന്നു ഘട്ടമായി 760 കോടി രൂപയുടെ അടിയന്തര സഹായം. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 500 കോടിയും ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പ്രഖ്യാപിച്ച 100 കോടിയും  കൈമാറിക്കഴിഞ്ഞു. 

പ്രധാനമന്ത്രി എത്തിയപ്പോള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്:

1. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും.

2. സാമൂഹിക സുരക്ഷാ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം എളുപ്പമാക്കാന്‍ പ്രത്യേക ക്യാമ്പുകള്‍. 

3. ഫസല്‍ ബീമ യോജന പ്രകാരം കര്‍ഷകര്‍ക്കുള്ള ക്ലെയിമുകള്‍ വേഗം അനുവദിക്കാന്‍ നിര്‍ദ്ദേശം. 

4. തകര്‍ന്ന റോഡുകളില്‍ പ്രധാന ദേശീയ പാതകള്‍ ആദ്യം നന്നാക്കാന്‍ ദേശീയ ഹൈവേ അതോറിറ്റിക്ക് നിര്‍ദ്ദേശം. 

5. വൈദ്യുതിവിതരണം പുനഃസ്ഥാപിക്കാന്‍ എന്‍ടിപിസി, പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ തുടങ്ങിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം.

6. വീടു നഷ്ടപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമീണ്‍ ഭവന പദ്ധതിയില്‍, മുന്‍ഗണന. 

7. സംസ്ഥാനത്തിന് ഗ്രാമീണ തൊഴിലുറപ്പു പദ്ധതിപ്രകാരം അഞ്ചരക്കോടി തൊഴില്‍ ദിനങ്ങള്‍ 

8. തോട്ടക്കൃഷി നശിച്ച കര്‍ഷകര്‍ക്ക് മിഷന്‍ ഫോര്‍ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഓഫ് ഹോര്‍ട്ടിക്കള്‍ച്ചര്‍ സഹായം.

സൈന്യം ചെയ്തത്

വ്യോമസേന: 

• 663 പേരെ ഹെലികോപ്റ്റര്‍ വഴി രക്ഷിച്ചു

• റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ ടീമിനെ നിയോഗിച്ചു.

• 119 ഡോക്ടര്‍മാരെ കേരളത്തിലെത്തിച്ചു. 

• 63 ടണ്‍ മരുന്ന് ആകാശമാര്‍ഗം കൊണ്ടുവന്നു.

• വിവിധ ക്യാമ്പുകളില്‍ മെഡിക്കല്‍ സംഘം 410 പേര്‍ക്ക് ചികിത്സ നല്‍കി.

• കുട്ടനാട്ടിലെ ചാത്തങ്കരിയില്‍ തുറന്ന മെഡിക്കല്‍ കേന്ദ്രം വഴി 1255 പേര്‍ക്ക് ചികിത്സയും മരുന്നും നല്‍കി.

• 974 ടണ്‍ ദുരിതാശ്വാസ വസ്തുക്കള്‍ വിതരണം ചെയ്തു.

കരസേന:

• രക്ഷിച്ചത് 32,000 പേരെ

• ചികിത്സ നല്‍കിയത് 3500 പേര്‍ക്ക്.

• 49 സ്ഥലങ്ങളില്‍ ഗതാഗതം തകര്‍ന്നത് പുന:സ്ഥാപിച്ചു.

• 22 മണ്ണിടിച്ചില്‍ പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനം നടത്തി.

• 18 താല്‍ക്കാലിക പാലം നിര്‍മ്മിച്ചു.

• 6.7 ടണ്‍ ദുരിതാശ്വാസ വസ്തുക്കള്‍ വിവിധ സ്ഥലങ്ങളില്‍ എത്തിച്ചു.

• എറണാകുളം, പത്തനംതിട്ട, തൃശൂര്‍ എന്നിവിടങ്ങളില്‍ ആറ് മെഡിക്കല്‍ ക്യാമ്പുകള്‍ തുറന്നു.

നാവികസേന:

• 41 ടണ്‍ ദുരിതാശ്വാസ വസ്തുക്കള്‍ വിവിധ സ്ഥലങ്ങളില്‍നിന്ന് എത്തിച്ചു.

• 1,69,200 ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു.

• ആലുവ, കൊച്ചി എന്നിവിടങ്ങളില്‍ ക്യാമ്പുകളും മെഡിക്കല്‍ ക്യാമ്പുകളും തുറന്നു. 

• മുംബൈയില്‍ നിന്ന് ആര്‍.ഒ. പ്ലാന്റും 310 ദുരിതാശ്വാസപ്പെട്ടികളും എത്തിച്ചു.

തീരദേശ സേന:

• ഐസിജിഎസ് വിജിത് വഴി 40 ടണ്ണും ഐസിജിഎസ് സങ്കല്‍പ്പ് വഴി 50 ടണ്ണും ദുരിതാശ്വാസ വസ്തുക്കള്‍ എത്തിച്ചു.

• നാലു കപ്പലുകള്‍ സേവനത്തില്‍ പങ്കുകൊണ്ടു.

• കൊച്ചിയില്‍ കമ്യൂണിറ്റി കിച്ചണ്‍ നടത്തി.

• തൃശൂരിലും ആലപ്പുഴയിലും മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി.

• 34,000 ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു.

• 10.7 ടണ്‍ ദുരിതാശ്വാസ വസ്തുക്കള്‍ എത്തിച്ചു.

കേന്ദ്ര ആരോഗ്യമന്ത്രാലയം

കേന്ദ്ര ആരോഗ്യമന്ത്രി, സംസ്ഥാന മന്ത്രി കെ.കെ. ശൈലജയുമായി ദിവസവും ആശയവിനിമയം നടത്തുന്നു. 

• കേരളത്തില്‍ 3757 മെഡിക്കല്‍ ക്യാമ്പുകള്‍ തുറന്നു.

• 90 ഇനം മരുന്നുകള്‍ ലഭ്യമാക്കി.

• അടിയന്തര സാഹചര്യം കണക്കിലെടുത്ത് 65 മെട്രിക് ടണ്‍ അവശ്യമരുന്നുകള്‍ വ്യോമസേനാ വിമാനം വഴി തിരുവനന്തപുരത്ത് എത്തിച്ചു. 

• ഒരു കോടി ക്ലോറിന്‍ ഗുളികകള്‍ എത്തിച്ചു. രണ്ടു കോടി കൂടി അയച്ചിട്ടുണ്ട്. ആകെ ആവശ്യപ്പെട്ട നാലു കോടി ഗുളികകളും ഘട്ടംഘട്ടമായി ലഭ്യമാക്കും. 

• ശുചീകരണത്തിന് 20 മെട്രിക് ടണ്‍ ബ്ലീച്ചിങ് പൗഡര്‍ എത്തിച്ചു. 40 മെട്രിക് ടണ്‍ കൂടി വരും. 

• ദുരിതം ബാധിച്ച 12 ജില്ലകള്‍ക്കുമായി 12 പൊതുജനാരോഗ്യ സംഘങ്ങള്‍ രൂപീകരിച്ചു. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് വിന്യസിക്കും. 

• 10 സ്പെഷ്യലിസ്റ്റ് വൈദ്യസംഘങ്ങളും രൂപീകരിക്കപ്പെട്ടു (30 സ്പെഷ്യലിസ്റ്റുകളും 20 ജി.ഡി.എം.ഒമാരും). പുറമെ, ആവശ്യമനുസരിച്ച് നിംഹാന്‍സില്‍ നിന്നുള്ള സൈക്കോ-സോഷ്യല്‍ സംഘങ്ങളെയും അയയ്ക്കും. 

• ജലജന്യ രോഗങ്ങളില്‍നിന്നുമുള്ള രക്ഷയ്ക്ക് ദേശീയ രോഗ നിയന്ത്രണ കേന്ദ്രം (എന്‍സിഡിസി) ആരോഗ്യസംബന്ധിയായ അറിവുകള്‍ പുറത്തുവിടുന്നുണ്ട്.

ഭക്ഷ്യവസ്തുക്കള്‍ ലോപമില്ലാതെ

• ഭക്ഷ്യ, പൊതുവിതരണ വകുപ്പ് 89,540 മെട്രിക് ടണ്‍ അരി കൂടി സൗജന്യമായി അനുവദിച്ചു.  

• നേരത്തേ ലഭ്യമാക്കിയ 100 മെട്രിക് ടണ്‍ പയറിനങ്ങള്‍ക്കു പുറമെ, ഉപഭോക്തൃ മന്ത്രാലയം കൂടുതല്‍ ചെറുപയറും തൂവരയും നല്‍കും.

• പൊതുമേഖലാ എണ്ണക്കമ്പനികള്‍ 25 കോടി രൂപ സംഭാവന ചെയ്തു. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം പാചകവാതക വിതരണത്തിന് കൂടുതല്‍ കേന്ദ്രങ്ങള്‍ തുറന്നു. 

• പാചകവാതക സിലിണ്ടറുകള്‍ എത്തിക്കാന്‍ വാഹനങ്ങള്‍ക്ക് പ്രത്യേക അനുമതി നല്‍കി. 

• മന്ത്രാലയം 3.2 ലക്ഷം പാചകവാതക സിലിണ്ടറുകളും 2.2 ലക്ഷം റെഗുലേറ്ററുകളും ലഭ്യമാക്കി.

• റെയില്‍വേ 38 ലക്ഷം ലിറ്റര്‍ കുടിവെള്ളവും 2.7 ലക്ഷം കുപ്പിവെള്ളവും എത്തിച്ചു. 

• വിരിപ്പുകളും പുതപ്പുകളും ആവശ്യപ്പെട്ടതനുസരിച്ച് റെയില്‍വേ നല്‍കി. ദുരിതാശ്വാസത്തിനുള്ള വസ്തുക്കള്‍ റെയില്‍വേ സൗജന്യമായെത്തിക്കുന്നു.

• 94 % ടെലികോം ടവറുകളും പ്രവര്‍ത്തനക്ഷമമായി. 

• ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ഇറക്കുമതി വഴി ലഭിക്കുന്ന വസ്തുക്കള്‍ക്ക് കസ്റ്റംസ് തീരുവയും ഐജിഎസ്ടിയും ഒഴിവാക്കി.

• പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം 21,000 കിലോലിറ്റര്‍ മണ്ണെണ്ണ ലഭ്യമാക്കി.

ഭക്ഷ്യസംസ്‌കരണ വകുപ്പ് ചെയ്യുന്നത്

• കേന്ദ്ര ഭക്ഷ്യസംസ്‌ക്കരണ വ്യവസായ മന്ത്രി ഹര്‍ സിമ്രത് ബാദല്‍, പ്രമുഖരായ ഭക്ഷ്യവസ്തു ഉല്‍പ്പാദകരായ ഐടിസി, കൊക്കകോള, പെപ്സി, ഹിന്ദുസ്ഥാന്‍ യുണി ലിവര്‍, ഡാബര്‍, എംടിആര്‍, നെസ്ലേ, ബ്രിട്ടാനിയ, മാരിക്കോ മുതലായ കമ്പനികളുമായി സംസാരിച്ച് സഹായങ്ങള്‍ ഉറപ്പാക്കി.

• ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന ലക്ഷക്കണക്കിന് ശിശുക്കള്‍ക്ക് ബേബി ഫുഡ് അടിയന്തിരമായി എത്തിക്കും.

സാങ്കേതികം

• തിരുവനന്തപുരത്ത് ഒരു മാസത്തിനകം ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം സ്ഥാപിക്കും.

• കേരളത്തിന്റെ വടക്കന്‍ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന മറ്റൊരു സി-ബാന്റ് ഡോപ്ലര്‍ വെതര്‍ റഡാര്‍ ഈ വര്‍ഷം അവസാനത്തോടെ മംഗലാപുരത്ത് സ്ഥാപിക്കും. ഇത് മൂന്ന് മണിക്കൂര്‍ മുതല്‍ 20 ദിവസം വരെ കാലാവസ്ഥ പ്രവചിക്കാന്‍ സഹായിക്കും

കാവാലം ശശികുമാര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.