സുവർണം സർനോബത്ത്

Thursday 23 August 2018 3:07 am IST

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന റെക്കോഡ് രാഹി സര്‍നോബത്തിന് സ്വന്തം. 25 മീറ്റര്‍ പിസ്റ്റളില്‍ ഗെയിംസ് റെക്കോഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് രാഹി ചരിത്രമെഴുതിയത്. ആവേശകരമായ ഫൈനലില്‍ നേരിയ വ്യത്യാസത്തിന് രാഹി തായ്‌ലന്‍ഡിന്റെ നഫാസ്‌വാനെ പരാജയപ്പെടുത്തി. 

ഈ ഇനത്തില്‍ ഇന്ത്യയുടെ മറ്റൊരു മെഡല്‍ പ്രതീക്ഷയായ മനു ഭാക്കര്‍ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 34 പോയിന്റ് നേടിയാണ് രാഹി ഗെയിംസ് റെക്കോഡിട്ടത്. ഷൂട്ടിങ്ങില്‍ ഇന്ത്യ നേടുന്ന രണ്ടാം സ്വര്‍ണമാണിത്. കഴിഞ്ഞ ദിവസം സൗരഭ് ചൗധരി പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സ്വര്‍ണം നേടിയിരുന്നു. ഇന്ത്യക്ക് ഇതോടെ നാല് സ്വര്‍ണമെഡലുകളായി.

ഇഞ്ചിയോണില്‍ 2014 ല്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ രാഹി വെങ്കലം നേടിയിരുന്നു. കോമണ്‍ വെല്‍ത്ത് ഗെയിംസുകളിലും രാഹി മെഡലുകള്‍ നേടി. 2010, 2014 ഗെയിംസുകളില്‍ സ്വര്‍ണം സ്വന്തമാക്കിയിട്ടുണ്ട്.

ഗെയിംസ് റെക്കോഡോടെ ഫൈനലിന് യോഗ്യത നേടിയ പതിനാറുകാരിയായ മനു ഭാക്കറിന് ഫൈനലില്‍ മികവ് നിലനിര്‍ത്താനായില്ല. ആറാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 

മെഡല്‍ നിലയില്‍ ഇന്ത്യ ഏഴാം സ്ഥാനത്താണ്.

നാലു സ്വര്‍ണവും മൂന്ന് വെള്ളിയും എട്ട് വെങ്കലവും നേടിയ ഇന്ത്യക്ക് മൊത്തം പതിനഞ്ച് മെഡലുകളുമുണ്ട്. 36 സ്വര്‍ണവുമായി ചൈനയാണ് മുന്നില്‍. 29 വെള്ളിയും 15 വെങ്കലവുമുള്‍പ്പെടെ അവര്‍ക്ക് 80 മെഡലുകളായി.

ജപ്പാനാണ് രണ്ടാം സ്ഥാനത്ത്. 20 സ്വര്‍ണം ലഭിച്ച അവര്‍ക്ക് 23 വെള്ളിയും അത്രയും തന്നെ വെങ്കലവും കിട്ടി- മൊത്തം 66 മെഡലുകള്‍.

 കൊറിയ റിപബ്‌ളിക്കാണ് മൂന്നാം സ്ഥാനത്ത്. അവര്‍ക്ക് പത്ത് സ്വര്‍ണവും പതിനഞ്ച് വെള്ളിയും 21 വെങ്കലവും ലഭിച്ചു. ഇറാന്‍ ഏഴു സ്വര്‍ണവും മൂന്ന് വെള്ളിയും ആറ് വെങ്കലവുമായി നാലാം സ്ഥാനത്തുണ്ട്. ആതിഥേയരായ ഇന്തോനേഷ്യ ആറു സ്വര്‍ണവും മൂന്ന് വെള്ളിയും ആറ് വെങ്കലവും നേടി അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.