മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് ജയം; ഇംഗ്ലണ്ടിനെ തകര്‍ത്തത് 203 റണ്‍സിന്

Thursday 23 August 2018 3:10 am IST

നോട്ടിങ്ങ്ഹാം: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി വാക്ക് പാലിച്ചു. ആദ്യ ടെസ്റ്റുകളില്‍ തകര്‍ന്ന ആരാധകരെ അദ്ദേഹം കൈവിട്ടില്ല. മൂന്നാം ടെസ്റ്റില്‍ വിജയമൊരുക്കി ആരാധകര്‍ക്ക് ആശ്വാസമേകി. ഒപ്പം വിമര്‍ശകരുടെ വായ്മൂടിക്കെട്ടുകയും ചെയ്തു. ട്രെന്റ് ബ്രിഡ്ജ് ടെസറ്റില്‍ 203 റണ്‍സിനാണ് കോഹ്‌ലിപ്പട വിജയതീരമണഞ്ഞത്. ഇതോടെ അഞ്ചു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്ക് പുതു ജീവനായി. ശേഷിക്കുന്ന രണ്ട് ടെസ്റ്റിലും ജയം നേടിയാല്‍ പരമ്പര ഇന്ത്യക്ക് സ്വന്തമാകും. നിലവില്‍ 2-1 ന് ഇംഗ്ലണ്ടാണ് മുന്നില്‍. നാലാം ടെസ്റ്റ് സതാംപ്ടണില്‍ അടുത്ത വ്യാഴാഴ്ച ആരംഭിക്കും.

അവസാന ദിനത്തില്‍ 2.5 ഓവറില്‍ ഇംഗ്ലണ്ടിന്റെ അവസാന വിക്കറ്റും പിഴുതെടുത്താണ് ഇന്ത്യ 203 റണ്‍സിന്റെ വിജയമാഘോഷിച്ചത്. പത്താമനായ ആന്‍ഡേഴ്‌സന്‍ (11) അശ്വിന്റെ പന്തില്‍ അജിങ്കേ രഹാനെക്ക് പിടികൊടുത്തു- ഇംഗ്ലണ്ട് 317 റണ്‍സിന് പുറത്ത്. ഒമ്പത് വിക്കറ്റിന് 311 റണ്‍സെന്ന സ്‌കോറിനാണ് ഇംഗ്ലണ്ട് ഇന്നലെ കളി തുടങ്ങിയത്. പത്ത് മിനിറ്റിനുള്ളില്‍ കളിയവസാനിച്ചു. ഇംഗ്ലണ്ടിന് ജയിക്കാന്‍ രണ്ടാം ഇന്നിങ്ങ്‌സില്‍ 521 റണ്‍സ് വേണ്ടിയിരുന്നു. സ്‌കോര്‍: ഇന്ത്യ:329, ഏഴിന് 352 ഡിക്ലയേര്‍ഡ്, ഇംഗ്ലണ്ട് 161, 317.

എഡ്ജ്ബാസ്റ്റണിലും ലോര്‍ഡ്‌സിലും തോറ്റ ഇന്ത്യയുടെ  ഒറ്റക്കെട്ടായ പ്രകടനമാണ് മൂന്നാം ടെസ്റ്റില്‍ വിജയം സമ്മാനിച്ചത്. മുന്നില്‍ നിന്ന് നയിച്ച നായകന്‍ കോഹ്‌ലി 97, 103 റണ്‍സുകള്‍ നേടി കളിയിലെ കേമനായി. ഓപ്പണര്‍മാരായ കെ.എല്‍. രാഹുലും ശിഖര്‍ ധവാനും രണ്ട് ഇന്നിങ്ങ്‌സിലും മികച്ച തുടക്കം നല്‍കി. ഉപനായകന്‍ അജിങ്ക്യേ രഹാനയും (ആദ്യ ഇന്നിങ്ങ്‌സില്‍ 81 റണ്‍സ്), ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാര ( രണ്ടാം ഇന്നിങ്ങ്‌സില്‍ 72 റണ്‍സ് എന്നിവരും ബാറ്റിങ്ങില്‍ തിളങ്ങി.

പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയ പേസര്‍ ബുംറ ഇംഗ്ലണ്ട് ബാറ്റിങ്ങ്‌നിരയുടെ നടുവൊടിച്ചു. രണ്ടാം ഇന്നിങ്ങ്‌സില്‍ അഞ്ചു വിക്കറ്റുകള്‍ ഈ പേസര്‍ വീഴ്ത്തി. ആദ്യ ഇന്നിങ്ങ്‌സില്‍ രണ്ടു വിക്കറ്റും നേടി. മറ്റ് പേസര്‍മാരായ ഇഷാന്ത് ശര്‍മയും ( 2-32, 2-70), മുഹമ്മദ് ഷമി ( 1-56, 1-78) എന്നിവരും മോശമായില്ല. രണ്ടാം ഇന്നിങ്ങ്‌സില്‍ 52 റണ്‍സുമായി കീഴടങ്ങാതെ നിന്ന ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ആദ്യ ഇന്നിങ്ങ്‌സില്‍  28 റണ്‍സിന് അഞ്ചു വിക്കറ്റും വീഴ്ത്തി.

ഇംഗ്ലണ്ടിന്റെ ജോസ് ബട്ട്‌ലര്‍ രണ്ടാം ഇന്നിങ്ങ്‌സില്‍ സെഞ്ചുറി (106) നേടി. ബട്ട്‌ലറുടെ ആദ്യ ടെസ്റ്റ് സെഞ്ചുറിയാണിത്.  മൂന്ന് ടെസ്റ്റുകളില്‍ നിന്നായി 440 റണ്‍സ് നേടിയ കോഹ് ലി റണ്‍വേട്ടയില്‍ മുന്നിട്ടുനില്‍ക്കുകയാണ്. ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരില്‍ ഒരാളായ കോഹ്‌ലി ഈ പരമ്പരയില്‍ രണ്ട് സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറിയും നേടിയിട്ടുണ്ട്.

സ്‌കോര്‍ബോര്‍ഡ്: ഇന്ത്യ ഒന്നാം ഇന്നിങ്ങ്‌സ് 329, ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്ങ്‌സ് 161, ഇന്ത്യ രണ്ടാം ഇന്നിങ്ങ്‌സ് ഏഴിന് 352 ഡിക്ലയേര്‍ഡ്.

ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്ങ്‌സ്: എ.എന്‍.കുക്ക് സി രാഹുല്‍ ബി ശര്‍മ 17, കെ്.കെ. ജെ്ന്നിങ്ങ്‌സ് സി പന്ത് ബി ശര്‍മ 13, ജെ.ഇ. റൂട്ട് സി രാഹുല്‍ ബി ബുംറ 13, ഒ.ജെ.പോപ്പ് സി കോഹ് ലി ബി മുഹമ്മദ് ഷമി 16, ബി.എ. സ്‌റ്റോക്ക്‌സ് സി രാഹുല്‍ ബി പാണ്ഡ്യ 62,ജെ.സി. ബട്ട്‌ലര്‍ എല്‍ബിഡബ്‌ളിയു ബുംറ 106, ജെ.എം.ബയര്‍സ്‌റ്റോ ബി ബുംറ 0, സി.ആര്‍.വോക്‌സ് സി പന്ത് ബി ബുംറ 4, എ.യു.റാഷിദ് നോട്ടൗട്ട് 33, എസ്.സി.ജെ.ബ്രോഡ് സി രാഹുല്‍ ബി ബുംറ 20, ജെ.എം.ആന്‍ഡേഴ്‌സണ്‍ സി രഹാനെ ബി അശ്വിന്‍ 11. എക്‌സ്ട്രാസ് 22, ആകെ 317.

വിക്കറ്റ് വീഴ്ച: 1-27, 2-32, 3-62, 4-62, 5-231, 6-231, 7-241, 8-241, 9-291.

ബൗളിങ്: ബുംറ: 29-8-85-5, ഇഷാന്ത് ശര്‍മ 20-4-70-2, ആര്‍.അശ്വിന്‍ 22.5-8-44-1, മുഹമ്മദ് ഷമി 19- 3-78-1, എച്ച്.എച്ച്. പാണ്ഡ്യ 14-5-22-1.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.