അടൽജി പുണ്യനദികളിൽ വിലയം പ്രാപിക്കും

Thursday 23 August 2018 3:10 am IST
"അന്തരിച്ച മുന്‍ പ്രധാനമന്ത്രി എ.ബി.വാജ്‌പേയിയുടെ ചിതാഭസ്മം സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള കേരളത്തില്‍ നിമജ്ജനം ചെയ്യാനായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചപ്പോള്‍ ഒ.രാജഗോപാല്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങുന്നു"

തിരുവനന്തപുരം: കഴിഞ്ഞ ദിവസം അന്തരിച്ച പ്രധാനമന്ത്രി എ.ബി.വാജ്‌പേയിയുടെ ചിതാഭസ്മം വിവിധ പുണ്യനദികളില്‍ നിമജ്ജനം ചെയ്യാനായി കേരളത്തില്‍ കൊണ്ടുവന്നു.  ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്.ശ്രീധരന്‍പിള്ള ദല്‍ഹിയില്‍ നിന്നുകൊണ്ടുവന്ന ചിതാഭസ്മ കലശം വിമാനത്താവളത്തില്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി.  ഒ. രാജഗോപാല്‍ എംഎല്‍എ, ജില്ലാ പ്രസിഡന്റ് അഡ്വ. എസ്.സുരേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തിച്ചു. കലശത്തില്‍ പ്രവര്‍ത്തകര്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചു. 

28 വരെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ സൂക്ഷിക്കും. 29, 30, 31 തീയതികളില്‍ സംസ്ഥാനത്തുടനീളം ചിതാഭസ്മ കലശയാത്ര. 31 ന് വിവിധ തീര്‍ഥങ്ങളില്‍ നിമജ്ജനം ചെയ്യും. ബിജെപി കേന്ദ്ര ആസ്ഥാനത്തു നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ സംസ്ഥാന ഘടകങ്ങള്‍ക്ക് ഭസ്മകലശങ്ങള്‍  കൈമാറി.ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, വാജ്‌പേയിയുടെ വളര്‍ത്തുമകള്‍ നമിതാ ഭട്ടാചാര്യ, ഭര്‍ത്താവ് നിരഞ്ജന്‍ ഭട്ടാചാര്യ എന്നിവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.