കലിതുള്ളിപ്പാഞ്ഞ പമ്പ ത്രിവേണിയെ തകര്‍ത്തെറിഞ്ഞു

Thursday 23 August 2018 3:16 am IST

പത്തനംതിട്ട: കലിതുള്ളിപ്പാഞ്ഞ പമ്പാനദി ത്രിവേണിയെ തകര്‍ത്തെറിഞ്ഞു. ഇത് ശബരിമല തീര്‍ത്ഥാടനത്തെവരെ ബാധിക്കും.  പമ്പ ത്രിവേണിയില്‍ നിന്ന് വഴി മാറി പുതിയചാല്‍ വെട്ടിയാണ് പ്രവഹിക്കുന്നത്. ഇപ്പോള്‍ ത്രിവേണിയില്‍ നിന്നകന്ന്   മറുകരപറ്റി സര്‍വ്വീസ് റോഡിന്റെ ഭാഗത്തേക്ക് മാറി ശൗചാലയ കോംപ്ലക്‌സിനോട് ചേര്‍ന്നാണ് ഒഴുകുന്നത്. നേരത്തെ ത്രിവേണിയിലൂടെ പ്രവഹിച്ചിരുന്നിടം ഇപ്പോള്‍ മണല്‍പ്പരപ്പായി.

നേരത്തെ ഉണ്ടായിരുന്ന മണല്‍പ്പുറം കവര്‍ന്ന് ഒഴുകിയതോടൊപ്പം അയ്യപ്പന്‍മാരുടെ വിശ്രമകേന്ദ്രമായ രാമമൂര്‍ത്തി മണ്ഡപം പൂര്‍ണ്ണമായും തൂത്തെറിഞ്ഞു. രാമമൂര്‍ത്തി മണ്ഡപത്തിന് സമീപം നടപ്പന്തലിനോട് ചേര്‍ന്നുള്ള ശാസ്താ ബില്‍ഡിങ് ഭാഗികമായി ഇടിഞ്ഞുവീണു. ചാലക്കയം പമ്പാ റോഡില്‍ നിന്ന് പമ്പാമണല്‍പ്പുറത്തേക്ക് ഭക്തര്‍ക്കും വാഹനങ്ങള്‍ക്കും എത്തുന്നതിനുള്ള രണ്ട് പാലങ്ങളും ഇപ്പോള്‍ കാണാനില്ല. പമ്പാതീരത്തുണ്ടായിരുന്ന മീഡിയ ഇന്‍ഫര്‍മേഷന്‍ കേന്ദ്രങ്ങള്‍ ഒഴുക്കെടുത്തു.

പമ്പാതീരത്തു നിര്‍മ്മിച്ച അന്നദാനമണ്ഡപങ്ങള്‍ക്കിടയിലൂടെയാണിപ്പോള്‍ പമ്പാനദി പ്രവഹിക്കുന്നത്. പമ്പ പോലീസ് സ്റ്റേഷന്‍ മന്ദിരം വിണ്ടുകീറി അപകടനിലയിലായി. ഹില്‍ടോപ്പിലും മണ്ണിടിഞ്ഞു. ഇനി പമ്പാ ത്രിവേണിയെ പഴയനിലയിലാക്കാന്‍ ഏറെക്കാലം വേണ്ടിവരും. യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവൃത്തികള്‍ നീക്കിയാല്‍പ്പോലും വരുന്ന മണ്ഡലമകരവിളക്കുത്സവകാലത്തിന് മുമ്പ് പൂര്‍ത്തിയാക്കാനാകുമോ എന്ന ആശങ്കയും ഉണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.