ദുരന്തം സൃഷ്ടിച്ചത് സർക്കാർ

Thursday 23 August 2018 3:18 am IST
"പാത മാറി പമ്പ.... ത്രിവേണിയില്‍ ഗതിമാറിയ പമ്പാനദി രാമമൂര്‍ത്തിമണ്ഡപം പൂര്‍ണമായും തകര്‍ത്ത് ഒഴുകുന്നു"

തിരുവനന്തപുരം: കേരളത്തെ വന്‍ദുരന്തത്തിലേക്ക് തള്ളിയിട്ട മഹാപ്രളയത്തിന് കാരണം സംസ്ഥാന സര്‍ക്കാരിന്റെ ഗുരുതരമായ വീഴ്ച.  മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന ഡാം സുരക്ഷാ മാനേജ്‌മെന്റാണ് ഇത്രയും വലിയ വീഴ്ചവരുത്തിയത്.

 കെഎസ്ഇബിയുടെയും ജലവകുപ്പിന്റെയും അത്യാര്‍ത്തി കൂടിയായതോടെ മുന്നൂറിലേറെ ജീവനുകള്‍ പ്രളയമെടുത്തു,   ലക്ഷക്കണക്കിന് പേര്‍ വഴിയാധാരമായി, കോടാനുകോടികളുടെ നാശനഷ്ടം ഉണ്ടായി. വീഴ്ചയുടെ കാരണം തേടി   ഭരണ - പ്രതിപക്ഷ ഭേദമെന്യേ ജനപ്രതിനിധികളും ചീഫ്‌സെക്രട്ടറിയും പരസ്യമായി രംഗത്ത് വന്നു. ഒടുവില്‍ കെഎസ്ഇബി ചെയര്‍മാനെ മുഖ്യമന്ത്രി വിളിച്ചു വരുത്തി. ഡാമുകള്‍ മുന്നൊരുക്കമില്ലാതെയാണ് തുറന്നതെന്ന് ഇന്നലെ ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

 വൈദ്യുതി വകുപ്പിന്റെ അത്യാര്‍ത്തിയാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം വേനല്‍ കടുത്തതിനാല്‍ ഇക്കുറി ഡാമുകളില്‍ പരമാവധി വെള്ളം ശേഖരിക്കണമെന്നും ഡാമുകള്‍ തുറക്കരുതെന്നും മന്ത്രിമാരായ എം.എം. മണിയും മാത്യു ടി.തോമസും  നിര്‍ദ്ദേശിച്ചിരുന്നു.  മെയ് എട്ടുമുതല്‍ സംസ്ഥാനത്ത് നല്ല  മഴ ലഭിച്ചു. പ്രധാന ഡാമുകളുടെ  വൃഷ്ടി പ്രദേശത്തും  നല്ല മഴ കിട്ടി.  ഡാമുകളിലെ ജല നിരപ്പ് അടിക്കടി ഉയര്‍ന്നു. ജൂണില്‍  സംസ്ഥാന വ്യാപകമായി കനത്ത മഴയും കിട്ടി.  കോഴിക്കോടും വയനാടും ആലപ്പുഴയും മലപ്പുറവും അന്ന് മുതല്‍ കെടുതിയിലുമാണ്. 

തോരാ മഴയത്ത് ജല നിരപ്പ് ക്രമാതീതമായി ഉയരുന്നതായി ബന്ധപ്പെട്ടവരെ ധരിപ്പിച്ചെങ്കിലും ഡാം തുറക്കേണ്ട എന്നായിരുന്നു വകുപ്പുകളുടെ തീരുമാനം.  വെള്ളം ഒഴുക്കിക്കളഞ്ഞാല്‍ പ്രതിദിനം പത്ത് ലക്ഷം രൂപയുടെ നഷ്ടമുണ്ടാകുമെന്ന് കെഎസ്ഇബി വ്യക്തമാക്കി.  ജൂലൈയില്‍ തന്നെ മിക്ക ഡാമുകളും ഏറെക്കുറെ നിറഞ്ഞു. പക്ഷെ  സര്‍ക്കാര്‍ അനങ്ങിയില്ല. കാലാവസ്ഥാ മുന്നറിയിപ്പുകളും അവഗണിച്ചു. ആഗസ്റ്റ് ആദ്യം മഴ കനത്തു. ഡാമുകള്‍  നിറഞ്ഞു കവിഞ്ഞു. ഒടുവില്‍ നിവൃത്തിയില്ലാതെ ഡാമുകളുടെ സുരക്ഷ കണക്കിലെടുത്ത് എല്ലാ ഡാമുകളും ഒന്നിച്ച് തുറന്നു.  

സാധാരണ ട്രയല്‍ റണ്‍ നടത്തിയാണ് ഡാമുകള്‍ തുറക്കുക. പ്രദേശവാസികള്‍ക്ക്  മുന്നറിയിപ്പ് നല്‍കണം. ഇതൊന്നും പാലിച്ചില്ല. ബാണാസുരസാഗര്‍ തുറന്നത് ആരും അറിഞ്ഞില്ല. ശബരിഗിരി പദ്ധതിയിലെ  കക്കിയും പമ്പയും മുന്നറിയിപ്പില്ലാതെ ഒന്നിച്ചു തുറന്നു. ഡാമുകള്‍ തുറന്നാല്‍ അത് എത്രത്തോളം ജനങ്ങളെ ബാധിക്കുമെന്ന ധാരണയൊന്നും  ഉദ്യോഗസ്ഥര്‍ക്ക്  ഇല്ല.  ഇത് സംബന്ധിച്ച പഠനമൊന്നും സംസ്ഥാനം ഇതുവരെയും നടത്തിയിട്ടുമില്ല. അണക്കെട്ടുകള്‍ നിറഞ്ഞപ്പോള്‍ ഡാം സുരക്ഷാ മാനേജ്‌മെന്റ് നേരിട്ടെത്തി പരിശോധിച്ചുമില്ല.

കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് നേരത്തെ തന്നെ അണക്കെട്ടുകളിലെ ജലം ഘട്ടംഘട്ടമായി ഒഴുക്കിവിട്ട് ജലനിരപ്പ് ക്രമപ്പെടുത്തിയിരുന്നെങ്കില്‍  കേരളം പ്രളയത്തില്‍ മുങ്ങില്ലായിരുന്നു. തലസ്ഥാന ജില്ലയും കാസര്‍കോടുമാണ് ദുരന്തം അധികം ബാധിക്കാതിരുന്നത്. നെയ്യാര്‍, പേപ്പാറ, അരുവിക്കര ഡാമുകള്‍ നിറഞ്ഞു കവിഞ്ഞെങ്കിലും ഒരു ദിവസം കൊണ്ട് നിയന്ത്രണ വിധേയമായി.  മെയ് ആദ്യവാരം മുതല്‍ ഇവിടെ ചെറിയ രീതിയില്‍ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നിരുന്നു. ഇല്ലെങ്കില്‍ തലസ്ഥാനത്തെ സ്ഥിതിയും ചെങ്ങന്നൂര്‍ കണക്കെ  ആകുമായിരുന്നു.

അജി ബുധനൂര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.