ഇരന്നു വാങ്ങിയ ദുരന്തം: ബിജെപി

Thursday 23 August 2018 3:19 am IST
"മണ്ണൊഴുകുന്നു....പുഴ ഒഴുകുന്ന വഴിയല്ല ഇത്. ദുരന്തം വിതച്ച് ഒഴുകിയ മണ്ണ്. ഈ മാസം പതിനേഴിന് ഇടുക്കി ജില്ലയിലെ ചെറുതോണി ഉപ്പുതോട്ടിലുണ്ടായ ഉരുള്‍പൊട്ടലിന്റെ ഈ ആകാശദൃശ്യം കേരളത്തിലാകെ നിരവധി ജീവനുകളെടുത്ത ഉരുള്‍പൊട്ടലുകളുടെ ഭയാനകത വ്യക്തമാക്കുന്ന ചിത്രമാണിത്. ഉപ്പുതോട്ടിലെ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. ഒരാളെക്കൂടി കണ്ടെത്താനുണ്ട്. ഇടുക്കിയില്‍ മാത്രം ചെറുതും വലുതുമായ മുന്നൂറോളം ഉരുള്‍പൊട്ടലുകളുണ്ടായി എന്നാണ് കണക്ക് "

ന്യൂദല്‍ഹി: സംസ്ഥാനത്തെ ബാധിച്ച പ്രളയദുരന്തത്തിന് ഉത്തരവാദി സര്‍ക്കാരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള. കേരളത്തിലുണ്ടായ ദുരന്തം സംസ്ഥാന സര്‍ക്കാര്‍ ഇരന്നു വാങ്ങിയതാണ്. ഡാമുകള്‍ പരമാവധി നിറച്ച് പണമുണ്ടാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമമാണ് ദുരന്തത്തിന് വഴിവച്ചത്. 

നിറഞ്ഞു കവിഞ്ഞ ഡാമുകള്‍ യഥാസമയം തുറന്നുവിടുന്നതില്‍ വലിയ വീഴ്ചയാണ് സംഭവിച്ചത്. രക്ഷാപ്രവര്‍ത്തനത്തിലും ഏകോപനമില്ലായിരുന്നു. സര്‍ക്കാര്‍ ഏറ്റെടുത്തു നടത്തുന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണം കിട്ടാത്ത അവസ്ഥയുണ്ട്. സര്‍ക്കാരിനേക്കാള്‍ ഉപരിയായി മത്സ്യത്തൊഴിലാളികളും സേവാഭാരതി അടക്കമുള്ള സന്നദ്ധ സംഘടനകളുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 

കേരളത്തെ സഹായിക്കാന്‍ അഭ്യര്‍ഥിച്ച് ബിജെപി സംസ്ഥാന ഘടകം എല്ലാ ബിജെപി സര്‍ക്കാരുകള്‍ക്കും കത്തുനല്‍കിയിരുന്നു. എല്ലാ ബിജെപി എംപിമാര്‍ക്കും മന്ത്രിമാര്‍ക്കും പ്രത്യേക സഹായം  തേടി  കത്തയച്ചിട്ടുണ്ട്. എല്ലാവര്‍ക്കും ഒത്തൊരുമിച്ച് പ്രളയക്കെടുതിയില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാം എന്ന നിലപാടാണ് ആദ്യം മുതല്‍ ബിജെപി സ്വീകരിച്ചത്. എന്നാല്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. ഇടത് വിദ്യാര്‍ഥി സംഘടനകള്‍ ദല്‍ഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രധാനമന്ത്രിക്കെതിരെ സമരങ്ങള്‍ നടത്തിയത് സിപിഎമ്മിന്റെ അറിവോടെയാണ്. 

യുഎന്നിലേക്ക് സഹായം തേടി പോകുന്ന തരൂരിന് 2004ല്‍ യുപിഎ സര്‍ക്കാര്‍ സ്വീകരിച്ച നയം എന്തെന്ന് എഐസിസി ഓഫീസിലെത്തി അന്വേഷിക്കാമായിരുന്നു. കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസ്സുകാരെ കാണാനില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.