വിദേശയാത്ര: തെറ്റ് സമ്മതിച്ച് മന്ത്രി കെ.രാജു

Thursday 23 August 2018 11:50 am IST
പ്രളയത്തെ കുറിച്ച്‌ അറിഞ്ഞപ്പോള്‍ തന്നെ യാത്ര റദ്ദാക്കി മടങ്ങാന്‍ ഒരുങ്ങിയതാണ്. എന്നാല്‍, പെട്ടെന്ന് മടങ്ങാന്‍ വിമാന ടിക്കറ്റ് കിട്ടിയില്ല. ടിക്കറ്റ് ലഭിച്ചിരുന്നെങ്കില്‍ ഒന്നര ദിവസം മുമ്പ് തന്നെ മടങ്ങിയെത്തുമായിരുന്നെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: പ്രളയ സമയത്ത് വിദേശ സന്ദര്‍ശനത്തിന് പോയ വനംമന്ത്രി കെ.രാജു തനിക്ക് പറ്റിയ തെറ്റ് സമ്മതിച്ച്‌ രംഗത്ത്. താന്‍ ജര്‍മനിയിലേക്ക് പോകുമ്പോള്‍ പ്രളയം ഇത്രയും രൂക്ഷമായിരുന്നില്ലെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രളയം മുന്‍‌കൂട്ടി കാണാന്‍ കഴിഞ്ഞില്ലെന്നും കേരളത്തിലെ വിവരങ്ങള്‍ കൃത്യമായി അറിഞ്ഞില്ലെന്നും രാജു വിശദീകരിച്ചു. പ്രളയത്തെ കുറിച്ച്‌ അറിഞ്ഞപ്പോള്‍ തന്നെ യാത്ര റദ്ദാക്കി മടങ്ങാന്‍ ഒരുങ്ങിയതാണ്. എന്നാല്‍, പെട്ടെന്ന് മടങ്ങാന്‍ വിമാന ടിക്കറ്റ് കിട്ടിയില്ല. ടിക്കറ്റ് ലഭിച്ചിരുന്നെങ്കില്‍ ഒന്നര ദിവസം മുമ്പ് തന്നെ മടങ്ങിയെത്തുമായിരുന്നെന്നും മന്ത്രി പറഞ്ഞു.

"താന്‍ 15ന് കോട്ടയത്ത് സ്വാതന്ത്ര്യദിന പരേഡില്‍ അഭിവാദ്യം സ്വീകരിച്ച ശേഷമാണു പോയത്. ആദ്യമുണ്ടായ പ്രകൃതിക്ഷോഭത്തിനു ശേഷം വെള്ളം കുറഞ്ഞുവന്ന സമയമായിരുന്നു അത്. ലോക മലയാളി കൗണ്‍സിലിന്റെ സമ്മേളനം മൂന്നുമാസം മുമ്പ് നിശ്ചയിച്ചതാണ്. മലയാളികള്‍ തന്നെയാണ് അതു സംഘടിപ്പിക്കുന്നത്. അവരുടെ പ്രിയപ്പെട്ടവര്‍ ഇവിടെയുണ്ടല്ലോ. അതുകൊണ്ട് അതില്‍ പങ്കെടുക്കുന്നത് ന്യായമായ ആവശ്യമായിട്ടാണു കരുതിയത്. എന്നാല്‍ പെട്ടെന്നു സ്ഥിതിഗതികള്‍ മാറി. അതു മുന്‍കൂട്ടി കണക്കിലെടുക്കാനായില്ല. ആ സാഹചര്യത്തിലാണ് തിരിച്ചുവന്നത്. പാര്‍ട്ടിയോടും മുഖ്യമന്ത്രിയോടും അനുമതി വാങ്ങിയാണു പോയത്" - രാജു വിശദീകരിച്ചു.

കേരളത്തില്‍ പ്രളയദുരിതത്തിനിടെ കോട്ടയം ജില്ലയുടെ ചുമതലയുള്ള മന്ത്രി വിദേശ യാത്ര പോയത് ഏറെ വിവാദമായിരുന്നു. ഓഗസ്റ്റ് 16നായിരുന്നു മന്ത്രി ജര്‍മനിയ്ക്ക് പോയത്. 22 വരെ നിശ്ചയിച്ചിരുന്ന യാത്ര റദ്ദാക്കി തിരികെ വരുകയായിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.