മുന്‍‌ഗണന ക്യാമ്പുകളിലുള്ളവരുടെ പുനരധിവാസം - മുഖ്യമന്ത്രി

Thursday 23 August 2018 12:48 pm IST
പ്രളയ ബാധിതരെ തിരികെ ജീവിതത്തിലേക്കു കൊണ്ടുവരുന്നതിനുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തും. പലരുടേയും വീടുകള്‍ തകര്‍ന്നതിനാല്‍ വെറുതെ മടങ്ങാനാകില്ല. അതിനാല്‍ തന്നെ വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് ഒരു കിറ്റ് നല്‍കിയാണ് മടക്കി അയയ്ക്കുന്നത്.

ചാലക്കുടി: വെള്ളപ്പൊക്കത്തില്‍ വീടുകള്‍ നഷ്ടമായവര്‍ക്കും കേടുപാടുകള്‍ വന്നവര്‍ക്കും സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്യാമ്പുകളിലുള്ളവരുടെ പുനരധിവാസത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. വീടുകളിലേക്ക് മടങ്ങുന്നവര്‍ക്കായി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രളയബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിണറായി.

പ്രളയ ബാധിതരെ തിരികെ ജീവിതത്തിലേക്കു കൊണ്ടുവരുന്നതിനുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തും. പലരുടേയും വീടുകള്‍ തകര്‍ന്നതിനാല്‍ വെറുതെ മടങ്ങാനാകില്ല. അതിനാല്‍ തന്നെ വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് ഒരു കിറ്റ് നല്‍കിയാണ് മടക്കി അയയ്ക്കുന്നത്. വീടുകള്‍ പൂര്‍ണമായി തകര്‍ന്നവര്‍ക്ക് അത് പുനര്‍നിര്‍മിച്ച്‌ നല്‍കേണ്ടതുണ്ട്. ഭാഗികമായി തകര്‍ന്ന വീടുകള്‍ അറ്റക്കുറ്റപ്പണിയും നടത്തേണ്ടതുണ്ട്. അതിനായിരിക്കും സര്‍ക്കാര്‍ ഇനി മുന്‍ഗണന നല്‍കുന്നത്. ഇത് സംബന്ധിച്ച്‌ ചെയ്യേണ്ട കാര്യങ്ങള്‍ സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്- മുഖ്യമന്ത്രി പറഞ്ഞു. 

സ്‌കൂളുകളിലാണ് മിക്ക ദുരിതാശ്വാസ ക്യാമ്പുകളും സംഘടിപ്പിച്ചിട്ടുള്ളത്. സ്‌കൂള്‍ തുറക്കുമ്പോള്‍ ഇതിനു ബദല്‍ സംവിധാനമുണ്ടാക്കും. അതതു പ്രദേശത്തെ ഹാളുകളോ മറ്റ് സൗകര്യങ്ങളോ ഇതിന് ഉപയോഗിക്കും. സ്‌കൂളുകള്‍ തുറക്കും മുമ്പ് കുറെപ്പേര്‍ക്ക് വീടുകളിലേക്കു തിരിച്ചുപോവാനാവും. കുറെപ്പേര്‍ക്ക് അതിനു കഴിയില്ല. അങ്ങനെയുള്ളവരുണ്ടെങ്കില്‍ ക്യാമ്പുകള്‍ ബദല്‍ സംവിധാനത്തിലേക്കു മാറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പത്തനംതിട്ടയിലെയും എറണാകുളത്തെയും ക്യാംപുകള്‍ സന്ദര്‍ശിച്ച ശേഷമാണ് മുഖ്യമന്ത്രി ചാലക്കുടിയിലെത്തിയത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.