കെ‌എസ്‌ഇബിക്ക് പാളിച്ച പറ്റിയിട്ടില്ലെന്ന് മന്ത്രി എം.എം മണി

Thursday 23 August 2018 1:09 pm IST
അപ്രതീക്ഷിതമായി കാലവര്‍ഷം കോരിച്ചൊരിഞ്ഞതോടെ ഡാം തുറക്കാന്‍ നിര്‍ബന്ധിതമാകുകയായിരുന്നു. വയനാട്ടിലെ ബാണാസുഗര സാഗര്‍ ഡാം തുറക്കുന്നതിന് മുമ്പ് ജില്ലാ ഭരണകൂടത്തിന് രേഖാമൂലം മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും മണി വിശദീകരിച്ചു.

കൊച്ചി:  മുന്നറിയിപ്പില്ലാതെ അണക്കെട്ടുകള്‍ തുറന്നതാണ് കേരളത്തിലെ പ്രളയത്തിന് കാരണമെന്ന ആരോപണങ്ങള്‍ തള്ളി വൈദ്യുതി മന്ത്രി എം.എം മണി. അണക്കെട്ട് തുറക്കുന്നതിന് എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിരുന്നു. തന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ കെഎസ്ഇബിക്ക് വീഴ്ച വന്നിട്ടില്ലെന്നും അദ്ദേഹം തൊടുപുഴയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മഴ ഇത്രയും കനക്കുമെന്ന് കരുതിയില്ല. അപ്രതീക്ഷിതമായി കാലവര്‍ഷം കോരിച്ചൊരിഞ്ഞതോടെ ഡാം തുറക്കാന്‍ നിര്‍ബന്ധിതമാകുകയായിരുന്നു. വയനാട്ടിലെ ബാണാസുഗര സാഗര്‍ ഡാം തുറക്കുന്നതിന് മുമ്പ് ജില്ലാ ഭരണകൂടത്തിന് രേഖാമൂലം മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും മണി വിശദീകരിച്ചു. ഡാമുകള്‍ തുറന്നത് സംബന്ധിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിക്കുന്ന ആരോപണങ്ങളില്‍ കഴമ്പില്ല. വിവാദങ്ങള്‍ക്ക് തനിക്ക് താല്‍പര്യമില്ല. നാട്ടില്‍ ഏത് ആഘോഷം വന്നാലും കോഴിക്ക് കിടക്കപ്പൊറുതിയില്ലെന്ന് പറയുന്നത് പോലെ എന്ത് പ്രശ്നം വന്നാലും കെഎസ്ഇബിയുടെ മേലേക്കാണ് കുതിര കയറുന്നതെന്നും മണി പറഞ്ഞു.

അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി കവിഞ്ഞപ്പോള്‍ അധികാരികളുടെ അനുമതിയോടെയാണ് ഡാം തുറന്ന് ജലം പുറത്തേക്ക് ഒഴുക്കിയതെന്നും മന്ത്രി കഴിഞ്ഞദിവസം ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു.  മഴ ഇത്ര കനക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. 2018 ആഗസ്റ്റ് ഏഴ് വരെയുള്ള ശരാശരി മഴ 13.8 മില്ലിമീറ്ററില്‍ നിന്നും ഉയര്‍ന്ന് 128.6 മില്ലി മീറ്റര്‍ ആയി. 

ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ആഗസ്റ്റ് 16ന് പെയ്ത മഴ 295മില്ലിമീറ്റര്‍ ആണ്. ജലനിരപ്പ് ഉയരുന്നത് കണക്കിലെടുത്ത് ജൂലൈ 25ന് തന്നെ കെ.എസ്.ഇ.ബി ഉന്നതതല യോഗം വിളിച്ച് സ്വീകരിക്കേണ്ട മുന്‍ കരുതലുകളും, നടപടികളും സംബന്ധിച്ച് തീരുമാനങ്ങള്‍ എടുക്കുകയും, നടപടിക്രമങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തുവെന്നും മന്ത്രി ഫേസ്‌ബുക്കില്‍ വ്യക്തമാക്കിയിരുന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.