ദുരിതാശ്വാസ നിധിയുടെ മറവില്‍ വ്യാജപിരിവ്: മൂന്നുപേര്‍ അറസ്റ്റില്‍

Thursday 23 August 2018 8:40 pm IST

 

കണ്ണൂര്‍: പ്രളയത്തില്‍പ്പെട്ടവരെ സഹായിക്കാനെന്ന പേരില്‍ കണ്ണൂരിലെ പെരളശേരിയില്‍ ബക്കറ്റ് പിരിവുമായി ഇറങ്ങിയ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ പോലീസ് മൈതാനിയില്‍ വച്ച് ബുധനാഴ്ച വൈകുന്നേരമാണ് മുന്നു പേരെയും ടൗണ്‍ പോലീസ് പിടികൂടിയത്. കക്കാട് കുഞ്ഞിപ്പള്ളിയിലെ സുബൈദ മന്‍സിലില്‍ മുഹമ്മദ് ഇര്‍ഫാന്‍ (26), പെരളശ്ശേരിയിലെ കൃഷ്ണ നിവാസില്‍ കെ.പി.റിഷഭ്(27), അലവില്‍ പുതിയാപ്പറമ്പില്‍ ആഷിയ മന്‍സിലില്‍ സഫ്‌വാന്‍ (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വ്യാപകമായി പണം പിരിക്കുന്നതായുള്ള വിവരത്തെത്തുടര്‍ന്ന് ടൗണ്‍ എസ്‌ഐ ശ്രീജിത്ത് കൊടേരിയും സംഘവും സ്ഥലത്തെത്തുകയായിരുന്നു. ഇവരില്‍ നിന്ന് രണ്ട് ബക്കറ്റുകളില്‍ നിന്നായി 3400 രൂപയും പിടിച്ചെടുത്തു. വളപട്ടണം സ്റ്റേഷനില്‍ കഞ്ചാവ് കടത്തിയതിനും പിടിച്ചുപറിക്കേസിലും ഉള്‍പ്പെടെ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സഫ്‌വാന്‍. കണ്ണൂര്‍ ടൗണ്‍, ചക്കരക്കല്ല് സ്റ്റേഷനുകളില്‍ അടിപിടിക്കേസുകള്‍ ഉള്‍പ്പടെ പത്തോളം കേസുകളിലും പ്രതിയാണ് പിടിയിലായ പെരളശ്ശേരി മൂന്നുപെരിയ സ്വദേശിയായ ഋഷഭ്. ചക്കരക്കല്‍ സ്റ്റേഷനില്‍ അടിപിടിക്കേസുകള്‍ ഉള്‍പ്പെടെ പത്തോളം കേസുള്ള റിസ്‌വാന്‍ നാലു മാസം മുമ്പാണ് ഗള്‍ഫില്‍ നിന്നെത്തിയത്. 

കണ്ണൂര്‍ നഗരത്തില്‍ നടത്തുന്ന ഉപഭോക്തൃമേളയില്‍ ധാരാളം പേര്‍ വരുന്ന അവസരം മുതലെടുത്തായിരുന്നു തട്ടിപ്പ്. ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യുക എന്നെഴുതിയ ബക്കറ്റുമായി ഇവര്‍ പിരിവിനിറങ്ങുകയായിരുന്നു. ഓണനാളില്‍ മദ്യം വാങ്ങാനാണ് പണപ്പിരിവ് നടത്തിയതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. പെരുന്നാള്‍ തലേന്ന് താവക്കര ബീവറേജില്‍ മദ്യം വാങ്ങാനെത്തിയപ്പോഴാണ് പ്രതികളില്‍ ഒരാളായ ഋഷഭ് പിരിവ് നടത്താന്‍ പദ്ധതിയിട്ടതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.