പ്രളയവുമായി ബന്ധപ്പെട്ട് കേന്ദ്രം കേരളത്തോട് കാണിച്ചത് മികച്ച സഹകരണം: മന്ത്രി ഇ.പി.ജയരാജന്‍

Thursday 23 August 2018 8:40 pm IST

 

കണ്ണൂര്‍: പ്രളയവുമായി ബന്ധപ്പെട്ട് കേന്ദ്രം കേരളത്തോട് മികച്ച സഹകരണമാണ് കാണിച്ചതെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു. കണ്ണൂര്‍ പ്രസ്സ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യം കേന്ദ്ര ആഭ്യന്തരമന്ത്രിയും പിന്നീട് പ്രധാനമന്ത്രി നേരിട്ടും പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. കേരളത്തിനു പരമാവധി സഹായം ചെയ്യുന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. കൂടുതല്‍ കേന്ദ്രസഹായം നേടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കും. വിദേശ രാജ്യങ്ങളുടെ ധനസഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും എല്ലാ സഹായവും കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. 

മന്ത്രി കെ.രാജുവിന്റെ വിദേശ യാത്ര വിവാദമാക്കേണ്ടതില്ലെന്നും മന്ത്രി രാജു വിദേശത്തേക്ക് പോകുമ്പോള്‍ സ്ഥിതി ഇത്രയും വഷളായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഉണ്ടായത് മഹാ പ്രളയമാണ്. ആരും പകച്ചുപോകുന്ന ദുരന്തം. ഉദ്യോഗസ്ഥതലത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ് മരണസംഖ്യ കുറയ്ക്കാന്‍ കഴിഞ്ഞതെന്നും മന്ത്രി പറഞ്ഞു. വിവാദങ്ങള്‍ ഉണ്ടാക്കുന്നത് ഒഴിവാക്കണമെന്നും പുനര്‍നിര്‍മ്മാണത്തെക്കുറിച്ചാണ് ഒറ്റക്കെട്ടായി ഇപ്പോള്‍ ആലോചിക്കേണ്ടതെന്നും കോര്‍പ്പറേറ്റുകള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗവും സംസ്ഥാന സര്‍ക്കാരുമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി നല്ല രീതിയില്‍ സഹകരിക്കുന്നതായും അദ്ദേഹം പറഞ്ഞു. സാധ്യതകള്‍ക്കനുസരിച്ച് ആധുനിക വ്യവസായ പദ്ധതിക്കായി പരിശ്രമിക്കുമെന്നും കെല്‍ട്രോണ്‍ ഉള്‍പ്പെടെയുളള പൊതുമേഖലാ സ്ഥാപനങ്ങളെ പഴയ പ്രതാപത്തിലേക്ക് ഉയര്‍ത്താനുള്ള നടപടികളുണ്ടാവും. ചൈനാക്ലേ പൂട്ടിയപ്പോള്‍ തൊഴില്‍ നഷ്ടപ്പെട്ട 340 തൊഴിലാളികളെ പുതിയ സംവിധാനത്തിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.