ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ഓണ വിപണിയില്‍ ജനത്തിരക്ക്: ഇന്ന് ഉത്രാടം നാളെ തിരുവോണം

Thursday 23 August 2018 8:41 pm IST

 

കണ്ണൂര്‍: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ഉത്രാട തലേന്നാളായ ഇന്നലെ കണ്ണൂര്‍ നഗരത്തിലെ ഓണവിപണിയില്‍ വന്‍ ജനതിരക്ക് അനുഭവപ്പെട്ടു. ഇന്ന് ഉത്രാടം നാളില്‍ കൂടുതല്‍ ജനങ്ങള്‍ നഗരത്തിലോക്കൊഴുകിയെത്തുന്നതോടെ നഗരം ഓണത്തിരക്കില്‍ വീര്‍പ്പുമുട്ടും. ഇന്നലെ തന്നെ നഗരം രാവിലെ മുതല്‍ പല ഘട്ടങ്ങളിലും ഗതാഗത കുരുക്കിലമര്‍ന്നു. പതിവു വര്‍ഷങ്ങളിലേതുപോലെ നഗരത്തിലെ വഴിയോരങ്ങളെല്ലാം അന്യസംസ്ഥാന കച്ചവടക്കാരേയും നാട്ടുകാരായ കച്ചവടക്കാരേ കൊണ്ടും നിറഞ്ഞു.

വഴിയോരങ്ങളില്‍ പൂവിപണിയും ഇന്നലെ സജീവമായി. നൂറുകണക്കിന് പൂവില്‍പ്പനക്കാരാണ് നഗരത്തിലെ വിവിധ മേഖലകളില്‍ സ്ഥാനം പിടിച്ചത്. കുഞ്ഞുടുപ്പുകള്‍ മുതല്‍ സാരിയും വിരിപ്പും ചൂരിദാറുകളും ഷര്‍ട്ടുകളും ബാഗുകളും ചെരിപ്പുകളും ചട്ടിയും കലവും ഉള്‍പ്പെടെ ഒട്ടുമിക്ക സാധനങ്ങളും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നതിനാല്‍ വഴിയോര കച്ചവട കേന്ദ്രങ്ങളില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. നഗരത്തിലെ ഷോപ്പിംങ്ങ് മാളുകളിലും ഇലക്‌ട്രോണിക്‌സ്-വസ്ത്ര വ്യാപാര വാണിജ്യ സ്ഥാപനങ്ങളിലെല്ലാം മോശമല്ലാത്ത തിരക്കാണ്. പോലീസ് മൈതാനിയില്‍ നടക്കുന്ന ഓണം ഫെസ്റ്റിലും കലക്‌ട്രേറ്റ് മൈതാനിയിലെ കൈത്തറി പ്രദര്‍ശന വിപണന മേളയിലും കാര്‍ഷിക-വ്യവസായിക വിപണന മേളകളിലും ഖാദി കേന്ദ്രത്തിലും ഉള്‍പ്പെടെ ദിവസങ്ങള്‍ക്ക് ശേഷം ഇന്നലെ നല്ല ജനത്തിരക്ക് അനുഭവപ്പെട്ടു. മേളകള്‍ ആരംഭിച്ച് ദിവസങ്ങള്‍ പിന്നിട്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ വില്‍പ്പന വളരെ കുറവായിരുന്നു. ഇന്നലെ മാത്രമാണ് വിപണിയില്‍ അല്‍പ്പം ചലനമുണ്ടായതെന്ന് മേള നടത്തിപ്പുകാര്‍ പറഞ്ഞു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.