മധു ബ്രാഹ്മണം ആരംഭിക്കുന്നു

Friday 24 August 2018 1:00 am IST

ഇയം പൃഥ്വീ സര്‍വേഷാം ഭൂതാനാം മധു, അസൈ്യ 

പൃഥൈ്വ സര്‍വാണി ഭൂതാനി മധു 

ഈ പൃഥ്വി എല്ലാ ഭൂതങ്ങളുടേയും മധുവാകുന്നു. എല്ലാ ഭൂതങ്ങളും പൃഥ്വിയുടെ മധുവാകുന്നു. ഭൂമിയിലെ തേജോമയനും അമൃതസ്വരൂപനുമായ പുരുഷനും എല്ലാ ഭൂതങ്ങളുടേയും മധുവാണ്. എല്ലാ ഭൂതങ്ങളും ആ പുരുഷന് മധുവാണ്. അദ്ധ്യാത്മമായി ഈ ശരീരത്തിലിരിക്കുന്ന തേജോമയനും അമൃതസ്വരൂപനുമായ പുരുഷനും എല്ലാ ഭൂതങ്ങളുടേയും മധുവാണ്. എല്ലാ ഭൂതങ്ങളും അവന് മധുവാണ്. ഇത് തന്നെയാണ് ആത്മാവ്. ഇത് തന്നെ അമൃതത്വത്തെ നല്‍കുന്ന ആത്മവിജ്ഞാനം. ഇത് തന്നെ ബ്രഹ്മം. ഇത് തന്നെയാണ് സര്‍വസ്വവുമായിത്തീര്‍ന്നത്.

ഭൂമിയും എല്ലാ ഭൂതങ്ങളും പാര്‍ഥിവ പുരുഷനും ശരീരത്തിലെ  പുരുഷനും ഇവ പരസ്പരം മധുവാണ്. തേനീച്ചകള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ച് തേന്‍ എന്ന ഫലത്തെ ഉണ്ടാക്കുന്നു. ഇത്തരം അന്യോന്യ സഹകരണ പ്രവൃത്തികളുടെ ഫലത്തെയാണ് മധു എന്ന് പറയുന്നത്. ഇവ നാലും എല്ലാ ഭൂതങ്ങളുടേയും കാരണമാണ്. ഭൂതങ്ങള്‍ ഇവയുടെ കാര്യവും. പരസ്പരം കാരണവും കാര്യവുമായിരിക്കുന്നതെല്ലാം ഒരു കാരണത്തില്‍ നിന്ന് ഉണ്ടായതാകണം. അങ്ങനെ ലോകമെല്ലാം ഉണ്ടായ ഏക കാരണമാണ് ആത്മാവ്. അതാണ് നിത്യവും അനശ്വരവുമായത്. ഈ ബ്രഹ്മം തന്നെയാണ് ഇതെല്ലാമായത്.

പാര്‍ഥിവ പുരുഷന്‍ എന്നാല്‍ സമഷ്ടി പുരുഷനായ ഹിരണ്യഗര്‍ഭനെന്നും ശാരീര പുരുഷന്‍ എന്നാല്‍ ജീവന്‍ എന്നും അറിയണം.

ഇമാ ആപഃ സര്‍വേഷാം ഭൂതാനാം മധു ആസാമപാം സര്‍വാണി ഭൂതാനി മധുഃ

ഈ അപ്പുകള്‍ (ജലം) എല്ലാ ഭൂതങ്ങളുടേയും മധുവാണ്. എല്ലാ ഭൂതങ്ങളും ഈ അപ്പുകള്‍ക്ക് മധുവാണ്. അപ്പുകളിലെ തേജോമയനും അമൃതസ്വരൂപനുമായ പുരുഷനും എല്ലാ ഭൂതങ്ങളുടേയും മധുവാണ്. എല്ലാ ഭൂതങ്ങളും ആ പുരുഷന് മധുവാണ്. അദ്ധ്യാത്മമായി രേതസ്സില്‍ സ്ഥിതി ചെയ്യുന്ന തേജോമയനും അമൃതമയനായ പുരുഷനും എല്ലാ ഭൂതങ്ങള്‍ക്കും മധുവാണ്. എല്ലാ ഭൂതങ്ങളും അവന് മധുവാണ്. ഇതു തന്നെയാണ് ആത്മാവ് ഇത് തന്നെ അമൃതസാധനമായ ആത്മവിജ്ഞാനം. ഇതു തന്നെ ബ്രഹ്മം. ഇതു തന്നെയാണ് സര്‍വവുമായത്. ജലം അദ്ധ്യാത്മമായി രേതസ്സിന്റെ രൂപത്തിലായതിനാലാണ് രൈതസനായ പുരുഷന്‍ എന്ന് പറഞ്ഞത്. ഇനിയുള്ള മന്ത്രങ്ങളില്‍ ഇതുപോലെ അദ്ധ്യാത്മമായി അഗ്‌നി വാക്കിലും വായു പ്രാണനിലും ആദിത്യന്‍ കണ്ണിലും ഇരിക്കുന്നതായി അറിയണം.

അയമഗ്‌നിഃ സര്‍വേഷാം ഭൂതാനാം മധു, അസ്യാഗ്‌നേഃ സര്‍വാണി ഭൂതാനി മധു

അഗ്‌നി എല്ലാ ഭൂതങ്ങളുടേയും മധുവാണ്. എല്ലാ ഭൂതങ്ങളും അഗ്‌നിയുടെ മധുവാണ്. അഗ്‌നിയിലെ തേജോമയനും അമൃതമയനുമായ പുരുഷനും എല്ലാ ഭൂതങ്ങളുടേയും മധുവാണ്. എല്ലാ ഭൂതങ്ങളും അവന് മധുവാണ്. അദ്ധ്യാത്മമായി വാക്കിലെ പരുഷനും ഭൂതങ്ങളുടെ മധുവാണ്. ഭൂതങ്ങള്‍ അവന് മധുവാണ്. ആത്മാവ് എന്നത് ഇത് തന്നെ. ആത്മവിജ്ഞാനവും ബ്രഹ്മവും സര്‍വ്വസ്വവും ഇത് തന്നെ .

അയം വായുഃ സര്‍വേഷാം ഭൂതാനാം മധു, 

അസ്യ വായോഃ സര്‍വാണി ഭൂതാനി മധു

വായു എല്ലാ ഭൂതങ്ങളുടേയും മധുവാണ്. എല്ലാ ഭൂതങ്ങളും വായുവിന്റെ മധുവാണ്. വായുവിലെ പുരുഷനും എല്ലാ ഭൂതങ്ങളുടേയും മധുവാണ്. എല്ലാ ഭൂതങ്ങളും ആ പുരുഷന് മധുവാണ്.

അദ്ധ്യാത്മമായി പ്രാണനായിരിക്കുന്ന പുരുഷനും എല്ലാ ഭൂതങ്ങള്‍ക്കും മധുവാണ്. എല്ലാ ഭൂതങ്ങളും ആ പുരുഷനും മധു തന്നെ. ആത്മാവെന്ന് പറയുന്നത് ഇത് തന്നെ. അമൃതത്ത്വ സാധനമായ ആത്മവിജ്ഞാനവും ബ്രഹ്മവും സര്‍വവും ഇത് തന്നെയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.