അല്‍പം ശ്രദ്ധിച്ചാല്‍ പകര്‍ച്ചവ്യാധികള്‍ തടയാം

Friday 24 August 2018 1:08 am IST

കലക്കവെള്ളം കുടിക്കരുത്; തിളപ്പിച്ച വെള്ളം ഫലപ്രദം 

തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളിലും വീടുകളിലും കുടിവെള്ളം ഉപയോഗിക്കേണ്ട വിധത്തെപ്പറ്റി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം ലളിതമായ മാര്‍ഗങ്ങള്‍ തയാറാക്കിയ വിശദീകരണം. 

ക്ലോറിനേഷന്‍ ചെയ്യേണ്ടവിധം (സൂപ്പര്‍ ക്ലോറിനേഷന്‍)

ആയിരം ലിറ്റര്‍ വെള്ളത്തിന് (ഏകദേശം കിണറിലെ ഒരു തൊടി/ഉറ/റിംഗ്) അഞ്ചു ഗ്രാം എന്ന കണക്കില്‍ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിക്കാവുന്നതാണ്. ആദ്യമായി ഒരു ബക്കറ്റില്‍ ആവശ്യമായ ബ്ലീച്ചിങ് പൗഡര്‍ (വെള്ളമുള്ള തൊടികളുടെ എണ്ണം ഗുണം അഞ്ചു ഗ്രാം) അളന്നെടുത്ത് കുറച്ചു വെള്ളം ചേര്‍ത്ത് അതിനെ ഒരു പേസ്റ്റ് പരുവത്തിലാക്കുക. ബക്കറ്റിന്റെ മുക്കാല്‍ഭാഗം വെള്ളം നിറച്ച് നന്നായി കലക്കിയ ശേഷം 10 മുതല്‍ 15 മിനിറ്റ് വരെ ബക്കറ്റ് അനക്കാതെ വയ്ക്കുക. മുകളിലെ തെളിഞ്ഞ വെള്ളം കിണറിലെ തൊട്ടിയിലേക്ക് ഒഴിച്ച് അത് താഴേക്കിറക്കി വെള്ളത്തില്‍ താഴ്ത്തി നന്നായി ഇളക്കിച്ചേര്‍ക്കുക. ഒരു മണിക്കൂറിനു ശേഷം മാത്രമേ ഈ കിണര്‍ വെളളം ഉപയോഗിക്കാന്‍ പാടുള്ളൂ.

ശേഖരിച്ച് വച്ച വെള്ളം ശുദ്ധമാക്കുന്ന വിധം

അഞ്ചു ശതമാനം വീര്യമുള്ള ക്ലോറിന്‍ ലായിനി ഉണ്ടാക്കുകയാണ് വേണ്ടത്. പതിനഞ്ച് ഗ്രാം പുതിയ ബ്ലീച്ചിംഗ് പൗഡര്‍ അര ഗ്ലാസ് (100 മില്ലിലിറ്റര്‍) വെള്ളത്തില്‍ കലര്‍ത്തി 15 മുതല്‍ 20 മിനിറ്റ് നേരം അനക്കാതെ വയ്ക്കണം. ഇതില്‍ നിന്നു തെളിഞ്ഞ് വരുന്ന വെള്ളം ക്ലോറിന്‍ ലായിനിയായി ഉപയോഗിക്കാവുന്നതാണ്.

കുടിവെള്ളം അണുവിമുക്തമാക്കാന്‍ ഒരു ലിറ്റര്‍ വെള്ളത്തിന് എട്ടു തുള്ളി (0.5 മില്ലിലിറ്റര്‍) ക്ലോറിന്‍ ലായനി ഉപയോഗിച്ചു അണുവിമുക്തമാക്കാം. 20 ലിറ്റര്‍ വെള്ളത്തിന് രണ്ട് ടീസ്പൂണ്‍ (10 മില്ലിലിറ്റര്‍) ക്ലോറിന്‍ ലായനി ഉപയോഗിക്കാവുന്നതാണ്. 

ക്ലോറിന്‍ ഗുളിക ലഭ്യമാണെങ്കില്‍ ഇരുപത് ലിറ്റര്‍ (ഏകദേശം ഒരു കുടം) വെള്ളത്തിന് ഒരു ക്ലോറിന്‍ ഗുളികയും (500 മില്ലിഗ്രാം) ഉപയോഗിക്കാം. ക്ലോറിന്‍ ലായനി ഉപയോഗിച്ച് ഒരു മണിക്കുറിനുശേഷം മാത്രമേ ഈ വെള്ളം കുടിക്കാവൂ.

പാത്രങ്ങളും പ്രതലങ്ങളും അണുവിമുക്തമാക്കാന്‍ ഇങ്ങനെയുണ്ടാക്കിയ അഞ്ചു ശതമാനം വീര്യമുള്ള ക്ലോറിന്‍ ലായിനി നാലിരട്ടി വെള്ളം ചേര്‍ത്താല്‍ ഒരു ശതമാനം വീര്യമുള്ള ക്ലോറിന്‍ ലായനി ലഭിക്കും. ഇത് പാത്രങ്ങളും പ്രതലങ്ങളും അണുവിമുക്തമാക്കാന്‍ ഉപയോഗിക്കാം. ഇത്തരത്തില്‍ തയാറാക്കുന്ന ക്ലോറിന്‍ ലായിനിയുടെ വീര്യം സമയം കഴിയുന്നതനുസരിച്ച് കുറഞ്ഞുവരും. അതു കൊണ്ടുതന്നെ ഓരോ ദിവസവും പുതുതായി ലായിനി തയാറാക്കേണ്ടതാണ്. അതേസമയം അണുവിമുക്തമാക്കിയ പാത്രങ്ങളില്‍ കൂടുതല്‍ നേരം ഇത് സൂക്ഷിക്കാവുന്നതാണ്.

തിളപ്പിക്കുന്നതിനോ ക്ലോറിനേറ്റ് ചെയ്യുന്നതിനോ തെളിഞ്ഞ വെള്ളം മാത്രമേ ഉപയോഗിക്കാവൂ. കിണറുകളിലോ പൈപ്പ് ലൈനിലോ തെളിഞ്ഞവെള്ളം ലഭ്യമാണോ എന്ന് പരിശോധിക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.