പ്രതിഷേധം ഭയന്ന് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം മാറ്റി

Friday 24 August 2018 1:09 am IST

ആലപ്പുഴ: നേരത്തെ ആലപ്പുഴയിലെ വെള്ളപ്പൊക്കം കൊല്ലം കളക്‌ട്രേറ്റിലിരുന്ന് അവലോകനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശനത്തിലും കാട്ടിയത് നാടകം. രാവിലെ ക്രിസ്ത്യന്‍ കോളേജിലെ ക്യാമ്പിലെത്തിയ മുഖ്യമന്ത്രി ഏതാനും മിനിറ്റുകള്‍ മാത്രമാണ് ദുരിതബാധിതരുമായി സംവദിച്ചത്.

പിന്നീട് ആലപ്പുഴ ലിയോ തേര്‍ട്ടീന്ത് സ്‌കൂളിലെ ക്യാമ്പ് സന്ദര്‍ശിക്കുമെന്നായിരുന്നു മാധ്യമങ്ങളെ അറിയിച്ചിരുന്നത്. എന്നാല്‍ നിശ്ചയിച്ചതിനും അര മണിക്കൂര്‍ മുമ്പ് ലജനത്തുല്‍ മുഹമ്മദീയ ഹയര്‍ സെക്കന്‍ഡറി സ്ൂകളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച് മുഖ്യമന്ത്രി മടങ്ങി. പോലീസ് ഗ്രൗണ്ടിലെ ഹെലിപ്പാഡില്‍ നിന്ന് ഏറ്റവും അടുത്ത സ്‌കൂളെന്ന നിലയിലാണ് ലീയോ തേര്‍ട്ടീന്ത് സ്‌കൂളിലെ ക്യാമ്പ് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ പൊടുന്നനെ അകലെയുള്ള സ്‌കൂള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചതില്‍ ദുരൂഹതയുണ്ട്. 

ലീയോ തേര്‍ട്ടീന്ത് സ്‌ക്കൂളിലെ ക്യാമ്പില്‍ ദുരിതബാധിതര്‍ മുഖ്യമന്ത്രിക്ക് സുഖകരമല്ലാത്ത ചോദ്യങ്ങള്‍ ഉന്നയിക്കുമെന്ന് വിവരം ലഭിച്ചതിനാലാണ് സന്ദര്‍ശനം മാറ്റിയതെന്നാണ് വിവരം, ലജ്‌നത്ത് സ്‌കൂളില്‍ ഏതാനും പേരെ നേരത്തെ തന്നെ തയാറാക്കി നിര്‍ത്തി മുഖ്യമന്ത്രിക്ക് അരികിലെത്തിക്കുകയായിരുന്നു. പരമാവധി പത്തു മിനിറ്റിനുള്ളില്‍ മുന്‍കൂട്ടി തയാറാക്കിയ തിരക്കഥ അനുസരിച്ച് മുഖ്യമന്ത്രി മടങ്ങുകയും ചെയ്തു. 

തകര്‍ന്നുപോയ വീടുകള്‍ പുനര്‍നിര്‍മിക്കുമെന്നും, തകരാതെ നില്‍ക്കുന്ന വീടുകള്‍ വൃത്തിയാക്കുന്നതിന് അടിയന്തര പ്രാധാന്യം നല്‍കുമെന്നും പിണറായി പറഞ്ഞു. മന്ത്രിമാരായ ജി. സുധാകരന്‍, തോമസ് ഐസക്, പി. തിലോത്തമന്‍ എന്നിവരും മറ്റ് ജനപ്രതിനിധികളും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.