ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ നിലയ്ക്കല്‍ വരെയാക്കും

Friday 24 August 2018 1:11 am IST

പത്തനംതിട്ട: ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ നിലയ്ക്കല്‍ വരെയായി പരിമിതപ്പെടുത്താന്‍ ദേവസ്വം ബോര്‍ഡ് തീരുമാനം. അവിടെ നിന്ന് കെഎസ്ആര്‍ടിസി ബസ്സുകളോ ദേവസ്വം ബോര്‍ഡ് വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഇലക്ട്രിക്ക് വാഹനങ്ങളോ അയ്യപ്പന്മാരെ പമ്പയില്‍ എത്തിക്കും.

 കന്നിമാസ പൂജകള്‍ക്കായി നടതുറക്കുമ്പോള്‍ മുതല്‍ ഇത് നടപ്പാക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍ പറഞ്ഞു. മഹാപ്രളയത്തില്‍ പമ്പയിലെ പരിസ്ഥിതിക്ക് ഉണ്ടായ കനത്ത ആഘാതത്തെ തുടര്‍ന്നാണ് തീരുമാനം. പമ്പയില്‍ അടിയന്തരമായി താല്‍ക്കാലിക നടപ്പാലം നിര്‍മിക്കുന്ന കാര്യം ബോര്‍ഡിന്റെ പരിഗണനയിലാണ്. ഇന്ന് രാവിലെ 10ന് പമ്പയില്‍ നടക്കുന്ന മന്ത്രിതല യോഗത്തില്‍ ഇതടക്കമുള്ള എല്ലാ കാര്യങ്ങളും തീരുമാനിക്കും. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, മാത്യു ടി. തോമസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനോടും യോഗത്തില്‍ പങ്കെടുക്കാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും പദ്മകുമാര്‍ പറഞ്ഞു. 

ദേവസ്വം ബോര്‍ഡിന്റെ നിലയ്ക്കല്‍ ഇടത്താവളം 250 ഏക്കര്‍ വിസ്തൃതിയുള്ളതാണ്. എല്ലാ വാഹനങ്ങളും ഇവിടെ പാര്‍ക്ക് ചെയ്ത് അയ്യപ്പന്‍മാര്‍ പൊതുവാഹനത്തില്‍ പമ്പയില്‍ എത്തിയാല്‍ ഗതാഗതക്കുരുക്കും വനപ്രദേശത്തെ മലിനീകരണവും കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തല്‍. പമ്പയില്‍ 50 മീറ്റര്‍ വരെ ഉയരത്തില്‍ ചെളി അടിഞ്ഞിട്ടുണ്ട്. ത്രിവേണി പാലത്തിന് വലതു വശത്തുകൂടിയാണ് പമ്പ മറുകരയിലേക്ക് ഗതിമാറി ഒഴുകുന്നത്. ഇവിടെ മണല്‍ ചാക്ക് അടുക്കി നദിയുടെ ഗതി പഴയ പോലെ പാലത്തിന് അടിയിലൂടെ ആക്കാനാണ് ശ്രമിക്കുന്നത്. താല്‍ക്കാലിക നടപ്പാലം നിര്‍മിക്കാന്‍ രണ്ട് ഭക്തന്മാര്‍ 50 ലക്ഷം രൂപയുടെ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. സന്നിധാനത്തെ നിര്‍ദിഷ്ട മാലിന്യസംസ്‌ക്കരണ പ്ലാന്റിന്റെ സ്ഥാനം മാറ്റും. പമ്പയില്‍ ഇനി മണല്‍പ്പുറത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വേണ്ടെന്നാണ് തീരുമാനം. അപകട നിലയില്‍ ഉള്ള അന്നദാനമണ്ഡപം ആവശ്യമെങ്കില്‍ നീക്കം ചെയ്യുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.