നികൃഷ്ടവും നാണംകെട്ടതുമായ രാഷ്ട്രീയ മുതലെടുപ്പിന് സിപിഎം ശ്രമം: ബിജെപി

Friday 24 August 2018 1:14 am IST
കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്ന് എല്ലാവിധ സഹായ സഹകരണങ്ങളും ഉണ്ടായിട്ടും കേന്ദ്രവിരുദ്ധവികാരം സംസ്ഥാനത്തു വളര്‍ത്താനും മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുന്നതിനുമുള്ള കോടിയേരിയുടെ ഈ ഹീനശ്രമം വിലപ്പോവില്ല. കേരളത്തിലെ ജനങ്ങള്‍ ഇത്തരം ജല്‍പ്പനങ്ങള്‍ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുക തന്നെ ചെയ്യും.

തിരുവനന്തപുരം: അങ്ങേയറ്റം നികൃഷ്ടവും നാണംകെട്ടതുമായ  രാഷ്ട്രീയ മുതലെടുപ്പിനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. അതു ജനലക്ഷങ്ങളെ ബാധിച്ച പ്രളയദുരന്തത്തിന്റെ മറവിലാണെന്നും അദ്ദേഹം പറഞ്ഞു. 

സിപിഎം സംസ്ഥാന സെക്രട്ടറിക്കല്ലാതെ മറ്റൊരു രാഷ്ട്രീയ പ്രവര്‍ത്തകനും  ഇത്രയേറെ തരംതാഴാന്‍ കഴിയില്ല. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിന് യുഎഇ നല്‍കാമെന്ന് വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച തുക സ്വീകരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തടസ്സം നില്‍ക്കുന്നത് ആര്‍എസ്എസ്സിന്റെ ഇടപെടല്‍ മൂലമാണെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന അടുത്തകാലത്ത് കേട്ട ഏറ്റവും വലിയ നുണയാണ്.

കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്ന് എല്ലാവിധ സഹായ സഹകരണങ്ങളും ഉണ്ടായിട്ടും കേന്ദ്രവിരുദ്ധവികാരം സംസ്ഥാനത്തു വളര്‍ത്താനും മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുന്നതിനുമുള്ള  കോടിയേരിയുടെ ഈ ഹീനശ്രമം വിലപ്പോവില്ല. കേരളത്തിലെ ജനങ്ങള്‍ ഇത്തരം ജല്‍പ്പനങ്ങള്‍ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുക തന്നെ ചെയ്യും.

ഏതാണ്ട് 15,000 കോടി രൂപയുടെ സഹായമാണ് വിവിധ ആവശ്യങ്ങള്‍ക്കായി ദുരന്തബാധിതകേരളത്തില്‍ ചെലവഴിക്കാമെന്നു പ്രധാനമന്ത്രി നേരിട്ട് വാഗ്ദാനം ചെയ്തിട്ടുള്ളത്. സാമ്പത്തിക  സഹായത്തിനു പുറമെ ഭക്ഷ്യധാന്യങ്ങള്‍, മണ്ണെണ്ണ തുടങ്ങിയ വസ്തുക്കളും വീടുകള്‍ നിര്‍മിക്കാനും റോഡുകള്‍ പണിയുന്നതിനുമൊക്കെയുള്ള സഹസ്ര കോടികളുടെ കേന്ദ്രസഹായവുമാണ് ഇതിനകം പ്രധാനമന്ത്രി  പ്രഖ്യാപിച്ചിട്ടുള്ളത്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്കും  പരിക്കേറ്റവര്‍ക്കും ധനസഹായവും പ്രധാനമന്തി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതര സംസ്ഥാന സര്‍ക്കാരുകളുടെ സഹായധനവും പ്രവഹിച്ചുകൊണ്ടിരിക്കയാണ്. സമാന ദുരന്തങ്ങള്‍ മറ്റു സംസ്ഥാനങ്ങളില്‍  സംഭവിച്ചപ്പോഴൊന്നും കേരളം ഒരു സഹായവും ചെയ്തില്ലെന്നതും  ഓര്‍ക്കേണ്ടതുണ്ട്. 

വിദേശരാജ്യങ്ങളില്‍ നിന്നും വിദേശ ഏജന്‍സികളില്‍ നിന്നും ഇത്തരം സന്ദര്‍ഭങ്ങളില്‍ ധനസഹായം സ്വീകരിക്കുന്നത് സംബന്ധിച്ച് രാജ്യത്തു നിയമങ്ങളും കീഴ്‌വഴക്കങ്ങളും നിലവിലുണ്ട്. വിദേശസഹായം സ്വീകരിക്കേണ്ട എന്ന് തീരുമാനിച്ചത് കഴിഞ്ഞ മന്‍മോഹന്‍ സിംഗ് സര്‍ക്കാരാണ്. ഇത്തരം നിയമങ്ങളും കീഴ്‌വഴക്കങ്ങളും  മാറ്റണമെന്നുണ്ടെങ്കില്‍ അത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. ഒരു വിദേശ രാജ്യത്ത് നിന്ന് സഹായധനവാഗ്ദാനം വന്നതായി പ്രഖ്യാപിക്കാന്‍  മുഖ്യമന്ത്രിയെ ആര് ചുമതലപ്പെടുത്തിയെന്നതും ആലോചിക്കേണ്ടതാണെന്നും പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.