വെറുപ്പുണ്ടാക്കുന്ന മാധ്യമങ്ങള്‍

Friday 24 August 2018 1:18 am IST
അര്‍ദ്ധ സത്യങ്ങളും പച്ചക്കള്ളങ്ങളും പാതിവെന്ത വാര്‍ത്തകളും പ്രചരിപ്പിച്ച് സത്യങ്ങള്‍ മറച്ചുവച്ച്, കേന്ദ്രത്തോടും പരിവാര്‍ പ്രസ്ഥാനങ്ങളോടും വെറുപ്പുണ്ടാക്കുകയാണ് ഇക്കൂട്ടര്‍.

കേന്ദ്രം വെറും അഞ്ഞൂറു കോടിയേ നല്‍കിയുള്ളു, യുഎഇയുടെ സഹായം തടഞ്ഞു, തുടങ്ങി നൂറായിരം കുറ്റങ്ങള്‍ കണ്ടെത്തി നരേന്ദ്ര മോദി സര്‍ക്കാരിനെ വളഞ്ഞിട്ടാക്രമിക്കാനാണ് സൈബര്‍ പോരാളികളുടെ ശ്രമം. മുഖ്യധാരാമാധ്യമങ്ങളും ചാനലുകളും വ്യത്യസ്ഥമല്ല. ഇവര്‍ക്കാര്‍ക്കും കാര്യങ്ങള്‍ അറിയാത്തതല്ല. അറിഞ്ഞിട്ടും സത്യം കണ്ടില്ലെന്ന് നടിക്കുകയാണ്. എങ്കിലേ പരിവാര്‍ പ്രസ്ഥാനങ്ങളെ അടച്ചാക്ഷേപിക്കാന്‍ കഴിയൂ.

കേരളത്തെ മഹാപ്രളയം മുക്കിക്കൊന്ന സമയം മുതല്‍ കേള്‍ക്കുന്ന ഒന്നാണ് ദേശീയ ദുരന്ത പ്രഖ്യാപനം വേണമെന്ന്. പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചില്ലെന്നു പറഞ്ഞ് പ്രധാനമന്ത്രിയെയും കേന്ദ്രത്തെയും അതിന്റെ മറവില്‍ ആര്‍എസ്എസിനെയും അപഹസിക്കാനും മറന്നില്ല. അധിക്ഷേപങ്ങളും അട്ടഹാസങ്ങളും പലപ്പോഴും സഭ്യതയുടെ അതിര്‍വരമ്പുകള്‍ തന്നെ ലംഘിച്ചു. ഒടുവില്‍ ദേശീയ ദുരന്തമെന്ന് പ്രഖ്യാപിക്കാന്‍ നിയമമോ ചട്ടമോ ഇല്ലെന്നും അത് വലിയ ദുരന്തങ്ങളെ വിശേഷിപ്പിക്കാനുപയോഗിക്കുന്ന ഒരു പദം മാത്രമാണെന്നും കേന്ദ്രം ഹൈക്കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കി. ചില പത്രങ്ങളെങ്കിലും മനസ്സില്ലാ മനസോടെ ഇത്തരം വാര്‍ത്തകള്‍ നല്‍കിയതോടെയാണ് വ്യാജപ്രചാരണം ശമിച്ചത്. മാത്രമല്ല ആയിരങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ട ഉത്തരാഖണ്ഡ് ദുരന്തത്തില്‍ പോലും അങ്ങനെയൊരു പ്രഖ്യാപനം ഉണ്ടായില്ലെന്നും വെളിവായി. 

 വ്യാജപ്രചാരണം ശമിച്ചെങ്കിലും അതുണ്ടാക്കിയ അസ്വസ്ഥതയും രോഷവും അത്ര നിസ്സാരമല്ല. ഇത്തരം വാര്‍ത്തകള്‍ പടച്ചുവിടുന്നവരുടെ ലക്ഷ്യവും അതു മാത്രം. ജനമനസില്‍ ഇത്തരം അസ്വസ്ഥത പടര്‍ത്തുകയാണ് ഇടത്, ഇസ്ലാമിക തീവ്രവാദ കൂട്ടുകെട്ടുകളുടെ ഉദ്ദേശം.

യുഎഇയുടെ 700 കോടി

യുഎഇ ഭരണാധികാരി ഷെയ്ഖ് ബിന്‍ സെയ്ദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ 700 കോടി രൂപ ധനസഹായം പ്രഖ്യാപിച്ചെന്നാണ് വാര്‍ത്ത. യുഎഇ ഭരണാധികാരി ഇക്കാര്യം പറഞ്ഞിട്ടില്ല. അദ്ദേഹം സംസാരിച്ചെന്നു പറയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ലുലു ഗ്രൂപ്പുടമ എം.എ. യൂസഫലി പറഞ്ഞതു വച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് യുഎഇ 700 കോടി വാഗ്ദാനം ചെയ്തതായി പറയുന്നത്. 

ദുരന്തങ്ങളില്‍ വിദേശ സഹായം വാങ്ങേണ്ടെന്നു തീരുമാനിച്ചത് ബിജെപി സര്‍ക്കാരല്ല. 2002ല്‍ ഇടതു പക്ഷത്തിന്റെ പിന്തുണയോടെ ഭരിച്ച യുപിഎ സര്‍ക്കാരാണ്. അന്നത്തെ വിദേശകാര്യമന്ത്രി നട്‌വര്‍ സിങ്ങാണ് ഇത് പ്രഖ്യാപിച്ചതും. ആ തീരുമാനം മാറ്റണമെന്നാണ് എ.കെ ആന്റണിയുടെ ഉപദേശം. മുന്‍ സര്‍ക്കാരിന്റെ തീരുമാനമായിരുന്നുവെങ്കിലും പഴിയെല്ലാം മോദിക്ക്. 2016ല്‍ മോദി സര്‍ക്കാര്‍ തീരുമാനത്തില്‍ ദേഭഗതി വരുത്തിയെന്നും കേരളത്തോട് വിവേചനം കാട്ടുകയാണെന്നുമാണ് പുതിയ വാദം. 

 സാമൂഹ്യ മാധ്യമങ്ങളില്‍ ഉറഞ്ഞുതുള്ളിയുള്ള വിദ്വേഷ പ്രചാരണമാണ് നടക്കുന്നത്. ലുലു ഗ്രൂപ്പിന്റെ ഒമാനിലെ സ്ഥാപനത്തിലെ ജീവനക്കാരനായ ഏതോ ഒരു രാഹുല്‍ ( കോഴിക്കോട് നരിക്കുനി സ്വദേശി രാഹുല്‍ സി.പി. പുത്തലത്താണ് ഈ നരാധമന്‍, ഇയാളെ ലുലു പുറത്താക്കുകയും ചെയ്തു) വൃത്തികെട്ട ഒരു പോസ്റ്റിട്ടതിനും പഴി ആര്‍എസ്എസിന്. ആരെങ്കിലും ഒരു ഹിന്ദുനാമധാരി കാണിക്കുന്ന വൃത്തികേടുകള്‍ക്ക് ആര്‍എസ്എസ് എങ്ങനെയാണ് ഉത്തരവാദിയാകുക എന്ന് ആരും ചോദിക്കരുത്. ഒടുവില്‍ രാഹുലും കുടുംബവും പൂര്‍ണ്ണമായും സിപിഎമ്മുകാരണെന്ന് പുറത്തുവന്നതോടെയാണ് സംഘത്തിനെതിരായ പ്രചാരണം ശമിച്ചത്.

ഇതുപോലെ ഫേസ് ബുക്കിലും വാട്ട്‌സാപ്പിലും വളരെ മോശമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റുകള്‍ ധാരാളം പരക്കുന്നുണ്ട്. ഇവര്‍ക്കാര്‍ക്കും ആര്‍എസ്എസ് അടക്കമുള്ള പരിവാര്‍ പ്രസ്ഥാനങ്ങളുമായി ഒരു ബന്ധവുമില്ല. പക്ഷെ ഇത്തരം പോസ്റ്റിട്ടവരുടെ പേരും മതവും നോക്കിയാണ് പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കു നേരെ കുതിര കയറുന്നതും.

ടി.ജി മോഹന്‍ദാസിനു നേരെ നടന്ന സംഘടിത ആക്രമണമാണ് മറ്റൊന്ന്. ആര്‍ക്കും ആരുടെ പേരിലും വ്യാജ അക്കൗണ്ടുകള്‍ തുടങ്ങാം. വ്യാജസന്ദേശം പരത്താം എന്നതാണ് സാമൂഹ്യ മാധ്യമങ്ങളിലെ അവസ്ഥ. തന്റെ പേരില്‍ ഇട്ട വിദേ്വഷം വമിക്കുന്ന പോസ്റ്റ് താനിട്ടതല്ലെന്ന് ടി.ജി മോഹന്‍ദാസ് വ്യക്തമാക്കിയിട്ടും സ്വഭാവഹത്യ നിലയ്ക്കുന്നില്ല. 

കേസരി വാരികയുടെ വെബ് സൈറ്റ് ഹാക്ക് ചെയ്ത് വ്യാജമുഖപ്രസംഗം ചേര്‍ത്തതാണ്  ഒടുവിലത്തെ സംഭവം. കേന്ദ്രത്തെ വിമര്‍ശിക്കുന്ന മുഖപ്രസംഗം കേസരി പ്രസിദ്ധീകരിച്ചതോ പ്രസിദ്ധീകരിക്കുന്നതോ അല്ലെന്ന് കൃത്യമായി ചൂണ്ടിക്കാട്ടിയിട്ടും സാമൂഹ്യ മാധ്യമങ്ങളിലെ പ്രതികരണക്കാര്‍ക്ക് മാത്രമല്ല മനോരമയടക്കമുള്ള  മാധ്യമങ്ങള്‍ക്കും അസ്വസഥത ശമിച്ചിട്ടില്ല. ഹാക്ക് ചെയ്‌തെന്നാണ് പറയുന്നത്, എന്നാണ് വിശദീകരണം തുടങ്ങിയ തരത്തിലുള്ള പ്രയോഗങ്ങളിലൂടെ മുഖപ്രസംഗം കേസരിയില്‍ തന്നെ കെട്ടിവയ്ക്കാനുള്ള ശ്രമങ്ങളാണ് വാര്‍ത്തയിലുടനീളം. 

ദുരന്ത ഭുരിതാശ്വാസ പ്രവര്‍ത്തനം

ദുരന്തമുണ്ടായ സമയത്ത് ആദ്യം കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു വന്ന സമയത്ത് രണ്ടു തവണയായി 160 കോടിയാണ് പ്രഖ്യാപിച്ചിരുന്നത്. പിന്നെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ് പ്രഖ്യാപിച്ചത് നൂറു കോടി. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത് 500 കോടി. അങ്ങനെ മൊത്തം 760 കോടി. ഒടുവില്‍ പ്രഖ്യാപിച്ച 600 കോടി വരെ ചൊവ്വാഴ്ച( ആഗസ്ത് 21) കേരളത്തിന് കൈമാറുകയും ചെയ്തു. ഇത് പ്രാഥമിക സഹായമാണെന്നും കൃത്യമായ കണക്ക് നല്‍കുന്ന മുറയ്ക്ക് പിന്നീട് സഹായമുണ്ടാകുമെന്നും കേന്ദ്രം പറഞ്ഞത് ആരും ചെവിക്കൊണ്ടിട്ടുപോലുമില്ല. പലരും 500 കോടിയേ നല്‍കിയിയുള്ളുവെന്നു പറഞ്ഞ് വിദ്വേഷം വിളമ്പുകയാണ്. ഫേസ്ബുക്കിലെ ഒരു പോസ്റ്റില്‍ പ്രധാനമന്ത്രിയെ, ചന്തകളില്‍ പോലും ആരും വിളിക്കാത്ത അസഭ്യമാണ് വിളിച്ചിരിക്കുന്നത്. 

യുഎഇ 700 കോടി നല്‍കി, കേന്ദ്രം 500 എന്ന് ചൂണ്ടിക്കാട്ടിയാണ് അസഭ്യ വര്‍ഷം. ഇത്തരം പോസ്റ്റിടുന്നവരുടെ പശ്ചാത്തലവും പേരും തിരഞ്ഞാല്‍, പഴയ പോസ്റ്റുകള്‍ തപ്പിനോക്കിയില്‍ ഇവരാരെന്ന് വ്യക്തമാകും. മോദിയോടും കേന്ദ്രത്തോടും പരിവാര്‍ പ്രസ്ഥാനങ്ങളോടും ഇവര്‍ക്കുള്ള പ്രഖ്യാപിത ശത്രുതയാണ് ഇവയിലൂടെ പുറത്തുവരുന്നത്. ഇത്തരം ശത്രുതാ മനോഭാവം വളര്‍ത്തുന്നതില്‍ ഏഷ്യാനെറ്റും ന്യൂസ് 18നും മാതൃഭൂമിക്കും മനോരമയ്ക്കും (പത്രങ്ങള്‍ അടക്കം) വലിയ പങ്കാണുള്ളത്. സത്യം മറച്ചുവച്ച് അര്‍ദ്ധസത്യങ്ങളും നുണകളും  പാതിവെന്ത വാര്‍ത്തകളും വിളമ്പുന്നതിന്റെ ഫലമാണിത്. 

സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങളെ ചാനലുകളും മനോരമ, മാതൃഭൂമി പത്രങ്ങളും പുകഴ്‌ത്തേണ്ട, അക്കാര്യം വാര്‍ത്തകളിലെ പരാര്‍മശങ്ങളില്‍ പോലും വരാതിരിക്കാന്‍ ഇക്കൂട്ടര്‍ അങ്ങേയറ്റം ശ്രമിക്കുന്നുമുണ്ട്. ഇതിനെയാണ് വാര്‍ത്ത മുക്കുകയെന്നു വിളിക്കുക. മാത്രമല്ല സാമൂഹ്യ മാധ്യമങ്ങളില്‍ സേവാഭാരതിയെ ഇകഴ്ത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. അയ്യോ മഹാദുരന്തം, രാഷ്ട്രീയം പറയരുതെന്ന് വിളിച്ചു പറയും എന്നിട്ട് സേവാഭാരതിയെ താറടിക്കും. 

എംപിമാരുടെ യോഗം

ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു എംപിമാരുടെ യോഗം വളിച്ചിരുന്നു. കേരളത്തിലെ മഹാപ്രളയം വിലയിരുത്തിയ യോഗത്തിനു ശേഷം എല്ലാ എംപിമാരും എംപി ഫണ്ടില്‍ നിന്ന് ഒരു കോടി നല്‍കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. അങ്ങനെ ലഭിക്കുന്നത് 790 കോടിയാണ്. ഈ വാര്‍ത്തയ്ക്ക് മലയാളം മാധ്യമങ്ങള്‍ ഒരു പ്രാധാന്യവും നല്‍കിയില്ല. എന്‍ഡിഎ ഭരിക്കുന്നതടക്കമുള്ള സംസ്ഥാനങ്ങള്‍ വലിയ തുകകളും മറ്റു സഹായങ്ങളുമാണ് എത്തിച്ചത്. 

കേന്ദ്രത്തില്‍ നടക്കുന്നത് കാണുന്നില്ല

കേരളത്തെ മഹാപ്രളയം ഗ്രസിച്ച ശേഷം ആറു ദിവസമായി കേന്ദ്രത്തില്‍ കൃത്യമായ ക്രൈസിസ് മാനേജ്‌മെന്റ് യോഗം ചേരുന്നുണ്ട്. ഒരു ചാനലും ഒരു പത്രവും ഇത് കൃത്യമായി നല്‍കുന്നില്ല. അവിടെ തീരുമാനങ്ങളുണ്ടാകുന്നുണ്ട്, ചെയ്ത കാര്യങ്ങള്‍, എത്തിച്ച സഹായങ്ങള്‍ കൃത്യമായി വിശദീകരിക്കുന്നുണ്ട്. പക്ഷെ കേരളത്തിലെ മാധ്യമങ്ങള്‍ അവയൊന്നും കണ്ടില്ല.  

 സൈന്യത്തെ യുദ്ധകാലാടിസ്ഥാനത്തില്‍ അയച്ചത് കേന്ദ്രമാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെ ഇതുവരെയുള്ള ഏറ്റവും വലിയ രക്ഷാ പ്രവര്‍ത്തനമാണ് കേരളത്തില്‍ നടന്നത്. 58 സംഘങ്ങളെയാണ് അവര്‍ കേരളത്തിലേക്ക് അയച്ചത്. ആയിരക്കണക്കിന് ജീവനുകളാണ് അവര്‍ രക്ഷിച്ചത്. വ്യോമസേനയും നാവിക സേനയും കരസേനയും തീരരക്ഷാ സേനയും അതിശക്തമായ പ്രവര്‍ത്തനമാണ് നടത്തിയത്. ഇവരെ ഇങ്ങോട്ടയച്ചതും കേന്ദ്രമാണല്ലോ.

 പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ പ്രധാനമന്ത്രി ആവാസ് യോജനയില്‍പെടുത്തി സൗജന്യമായി നിര്‍മ്മിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്തത് പ്രധാനമന്ത്രി തന്നെയാണ്. കേരളത്തിലേക്കുള്ള റേഷന്‍ സൗജന്യമായി നല്‍കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിട്ടും മാധ്യമങ്ങള്‍ക്ക് സംശയമാണ്. ഉത്തരവില്ല, പണം നല്‍കണമെന്നുതന്നെയാണ് പഴയ ഉത്തരവില്‍... അങ്ങനെ പോകുന്നു വാര്‍ത്തകള്‍. എന്നാല്‍ യുഎഇ 700 കോടി പ്രഖ്യാപിച്ചെന്ന വാര്‍ത്തയില്‍ ആര്‍ക്കും സംശയവുമില്ല.

വായ്പ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത് ബാങ്കുകളാണ്. ആര്‍ബിഐയുടെ നിര്‍ദ്ദേശമില്ലാതെ, കേന്ദ്രത്തിന്റെ അനുമതിയില്ലാതെ മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ ആര്‍ക്കും സാധിക്കില്ല. എന്താ ഇത് കേന്ദ്ര സഹായമല്ലേ? ഇനി 20,000 കോടിയുടെ നാശമുണ്ടായിയെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. അതില്‍ പതിനായിരത്തോളം കോടി രൂപയുടെ നഷ്ടം ഉണ്ടായത് റോഡുകള്‍ക്കാണെന്നും കേരളം പറയുന്നു. തകര്‍ന്ന റോഡുകള്‍ നിര്‍മ്മിച്ചുനല്‍കുമെന്ന് കേന്ദ്രം വ്യക്തമാക്കിയതാണ്. ദേശീയ പാതകള്‍ ദേശീയ പാതാ അറോറിറ്റിയും ഗ്രാമങ്ങളിലെ റോഡുകള്‍ ഗ്രാമ വികസന മന്ത്രാലയത്തിനു കീഴിലുള്ള ഗ്രാമീണ റോഡ് വികസന പദ്ധതി പ്രകാരവും നിര്‍മ്മിച്ചുനല്‍കുമെന്നാണ് വ്യക്തമാക്കിയത്. എന്താ ഇത് കേന്ദ്ര സഹായമല്ലേ? 

കേരളത്തിന് ആവശ്യമുള്ളത്ര മരുന്നുകള്‍ ആരോഗ്യമന്ത്രാലയം എത്തിക്കുന്നുണ്ട്. ഇതിനു പുറമേ സൈന്യം ഇതിനകം നാലു കപ്പലുകളിലാണ് ദുരിതാശ്വാസ സാമഗ്രികള്‍ എത്തിച്ചത്. ഭക്ഷണം, വസ്ത്രം, പുതപ്പ്, മരുന്നുകള്‍, ശുചീകരണ വസ്തുക്കള്‍, സാനിറ്ററി നാപ്കിനുകള്‍ തുടങ്ങിയവ. എന്താ ഇതൊന്നും കേന്ദ്ര സഹായമല്ലേ? 

 എന്തായാലും മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും, പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും ഇതുവരെ കേന്ദ്രം ഒന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞിട്ടില്ല. കേന്ദ്രം ഒപ്പം നിന്നില്ലെന്നും പരാതിപ്പെട്ടിട്ടില്ല. 

ചാനലുകള്‍ അടക്കമുള്ള മാധ്യമങ്ങളുടെ ഇത്തരം വിവേചനങ്ങളും അസഹിഷ്ണുതയും അസഹനീയമാണ്. സത്യങ്ങളെ പോലും വളച്ചൊടിക്കാനുള്ള വ്യഗ്രതയും വാര്‍ത്തകളെ ഏകപക്ഷീയമാക്കാനുള്ള ശ്രമങ്ങളും ചില വാര്‍ത്തകള്‍ അപ്പാടെ തമസ്‌ക്കരിക്കുന്നതും സമൂഹത്തിന് നല്ലതല്ല. സമൂഹത്തില്‍ വിഷവിത്തുകളാണ് ഇവര്‍ വിതക്കുന്നത്.

അവര്‍ നോ പറഞ്ഞില്ല

കേന്ദ്ര സഹായം നമ്മള്‍ ഉദ്ദേശിച്ച തരത്തില്‍ കിട്ടിയില്ലെങ്കിലും ഒരുകാര്യം വ്യക്തമാണ്. അവര്‍ നോ പറഞ്ഞില്ല. അവര്‍ കൈ നീട്ടി നമ്മുടെ കൈ പിടിച്ചു. 

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പതിനെട്ടാം തീയതി ദല്‍ഹിയില്‍ മോദിയെ കണ്ടു, അതില്‍ ഞാനുമുണ്ടായിരുന്നു. അവിടെ അദ്ദേഹത്തിന്റെ ഇടപെടലില്‍ അസംതൃപ്തിയുണ്ടായിരുന്നു. ഞങ്ങള്‍ അതൊന്നും പറയാന്‍ പോയില്ല. മൂന്നാം ദിവസം കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനെ കുട്ടനാട്ടിലേക്ക് അയച്ചു.  നല്ല യാത്രയായിരുന്നു. അദ്ദേഹം ഭംഗിയായി പാര്‍ലമെന്റിലും അതിനു മുമ്പ് ക്യാമ്പിലും സംസാരിച്ചു. ഇത്ര നല്ല ക്യാമ്പ് മറ്റൊരിടത്തും കണ്ടിട്ടില്ലെന്നു പറഞ്ഞു. പാര്‍ലമെന്റിലും ഗംഭീരമായാണ് സംസാരിച്ചത്. 80 കോടി സഹായവും പ്രഖ്യാപിച്ചു.

പ്രധാനമന്ത്രി കഴിഞ്ഞാല്‍ പ്രധാനപ്പെട്ട മന്ത്രിയല്ലേ രാജ്‌നാഥ് സിങ്. അദ്ദേഹം വന്നു, കണ്ടു.  അദ്ദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ  കോണ്‍ഫറന്‍സ് ഹാളില്‍ മീറ്റിങ് വിളിച്ചു. ഞാനും പങ്കെടുത്തിരുന്നു. അദ്ദേഹം അതില്‍ 200 കോടി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി 500 കോടി പ്രഖ്യാപിച്ചു. 

ഇതെല്ലാം പ്രാഥമികമാണെന്നാണ് പറയുന്നത്. നമുക്ക് വേണ്ടത് 20,000 കോടിയാണ്. നമ്മള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു. അപ്പോള്‍ കേന്ദ്രം സഹായിച്ചു. പിന്നെ നേവി വന്നു, ഹെലിക്കോപ്റ്റര്‍ വന്നു, ആര്‍മി വന്നു. എന്തെല്ലാം വന്നു. കുറേ കാര്യങ്ങള്‍ ചെയ്തു. കുറച്ചുകൂടി നേരത്തേ ആകാമായിരുന്നു. പക്ഷേ ചെയ്തുവെന്നത് ഒരു യാഥാര്‍ഥ്യമാണ്. മുമ്പെങ്ങും ഉണ്ടാകാത്തവിധം കേന്ദ്രത്തില്‍ നിന്ന് സഹായം കിട്ടിയത് മുഖ്യമന്ത്രിയുടെ ഇടപെടല്‍ കൂടിയാണത്. അത് കുടുതല്‍ വേണം, ആവശ്യാനുസരണം ഉണ്ടാവണം എന്നതാണ് ഞങ്ങടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.