അന്നൊരു വെള്ളപ്പൊക്കത്തില്‍

Friday 24 August 2018 1:19 am IST
99ലെ പ്രളയ ശേഷവും അതെങ്ങനെയുണ്ടായെന്ന വിലയിരുത്തലുകളും ചര്‍ച്ചകളും വിമര്‍ശനവുമൊക്കെയുണ്ടായി. അശാസ്ത്രീയമായ വികസനപ്രവര്‍ത്തനങ്ങള്‍ തന്നെയായിരുന്നു അവിടെയും വില്ലന്‍. കാട് വെട്ടിത്തെളിച്ച് അനുയോജ്യമല്ലാത്ത കൃഷി ചെയ്തതും പ്രകൃതിയെ വെല്ലുവിളിച്ച് കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കിയതുമൊക്കെ വിനയായി.

''നാട്ടിലെ പൊക്കംകൂടിയ സ്ഥലം ക്ഷേത്രമാണ്. അവിടെ, ദേവന്‍ കഴുത്തറ്റം വെള്ളത്തില്‍ നില്‍ക്കുന്നു. വെള്ളം! സര്‍വ്വത്ര വെള്ളം! നാട്ടുകാരെല്ലാം കര തേടിപ്പോയി. വീട്ടുകാവലിന് ഒരാള്‍, വീട്ടില്‍ വള്ളമുണ്ടെങ്കില്‍ ഉണ്ട്. ക്ഷേത്രത്തിലെ മൂന്നു മുറിയുള്ള മാളികപ്പുറത്ത് 67 കുട്ടികളുണ്ട്. 356 ആളുകള്‍, പട്ടി, പൂച്ച ആട്, കോഴി മുതലായ വളര്‍ത്തു മൃഗങ്ങളും എല്ലാം ഐക്യമത്യമായി കഴിയുന്നു. ഒരു ശണ്ഠയുമില്ല....'' മഴയുടെ ചരിത്രം പറയുന്നവരെല്ലാം പ്രതിപാദിക്കുന്ന 99ലെ വലിയ വെള്ളപ്പൊക്കത്തെ ആധാരമാക്കി വിഖ്യാത സാഹിത്യകാരന്‍ തകഴി ശിവശങ്കരപ്പിള്ളയെഴുതിയ വെള്ളപ്പൊക്കത്തില്‍ എന്ന കഥ തുടങ്ങുന്നതിങ്ങനെയാണ്.

മലയാള വര്‍ഷം 1099 കര്‍ക്കടക മാസത്തിലായിരുന്നു കേരളത്തെ തകര്‍ത്തെറിഞ്ഞ മഹാപ്രളയം ഉണ്ടായത്. 1924 ജൂലായ്-ഓഗസ്റ്റ് മാസങ്ങളില്‍. ഇരുപതാം നൂറ്റാണ്ടില്‍ കേരളം കണ്ട ഏറ്റവും വലിയ പ്രളയമായി 99ലെ വെള്ളപ്പൊക്കത്തെയാണ് 'വാഴ്ത്തുന്നത്'. കാലമിത്ര കഴിഞ്ഞ്, 94 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടുമൊരു മഹാപ്രളയത്തിന്റെ ദുരന്തസാഹചര്യത്തിലൂടെ കേരളം കടന്നുപോകുമ്പോള്‍ 99ലെ പ്രളയകാലമാണ് ചര്‍ച്ചയാകുന്നത്. ഇനി കുറച്ചുകാലങ്ങള്‍ കഴിയുമ്പോള്‍, പ്രളയചരിത്രമെഴുതുന്നവര്‍ക്ക് കൊല്ലവര്‍ഷം 1194ലെ പ്രളയവും കുറിച്ചു വെക്കാം. 

ചേന്നപ്പറയന്‍ എന്ന കുട്ടനാടന്‍ കര്‍ഷക തൊഴിലാളിയെ പ്രളയം ബാധിച്ചതില്‍ നിന്നാണ് തകഴിയുടെ 'വെള്ളപ്പൊക്കത്തില്‍' തുടങ്ങുന്നത്. ചേന്നപ്പറയനിലാണ് കഥ തുടങ്ങുന്നതെങ്കിലും ചേന്നന്റെ വളര്‍ത്തുനായയാണ് കേന്ദ്ര കഥാപാത്രം. പൂര്‍ണ്ണമായും യജമാനനോട് കൂറുള്ള നായ. എല്ലാം മുക്കിയ പ്രളയജലത്തെ ഭയന്ന് മരണത്തെ മുന്നില്‍ കണ്ട്, കുടിലിന്റെ മുകളില്‍ അഭയം പ്രാപിച്ചിരിക്കുമ്പോഴും വെള്ളത്തില്‍ മുങ്ങി നില്‍ക്കുന്ന വാഴക്കുല മോഷ്ടിക്കാനെത്തുന്നവരെ തുരത്താന്‍ ശൗര്യം കാട്ടുന്ന നായ. പ്രളയത്തിന്റെ ഭീതിജനിപ്പിക്കുന്ന വര്‍ണ്ണനയും കുട്ടനാടന്‍ ജീവിതത്തിന്റെ ആശ്ചര്യപ്പെടുത്തുന്ന സാഹചര്യങ്ങളും വെള്ളപ്പൊക്കത്തില്‍ എന്ന കഥ വായനക്കാരന് പകര്‍ന്നു നല്‍കുന്നുണ്ട്. അപ്പോഴും ചേന്നന്റെ വളര്‍ത്തു നായയെക്കുറിച്ച് വേദനയോടെ ഓര്‍ക്കാതെ കഥയാര്‍ക്കും വായിച്ചവസാനിപ്പിക്കാനാകില്ല. 

പെരുവെള്ളത്തില്‍ ഒറ്റപ്പെട്ടുപോയ ചേന്നന്റെ കുടുംബത്തെ രക്ഷിക്കാന്‍ വള്ളവുമായി ആളുവന്നു. പക്ഷേ, നായക്ക് വള്ളത്തില്‍ കയറാനായില്ല. അവന്‍ പുരപ്പുറത്തു തന്നെ തങ്ങി. ചുടര്‍ച്ചയായി പെയ്യുന്ന മഴയില്‍, ചുറ്റും പരന്നൊഴുകുന്ന ജലത്തെ ഭയത്തോടെ നോക്കി അവന്‍ അവിടെ തന്നെ നിന്നും കിടന്നും ജീവിച്ചു. വാഴക്കുല മോഷ്ടിക്കാനെത്തിയ കള്ളന്മാരോട് പൊരുതി തളര്‍ന്ന് കിടക്കുമ്പോഴാണ്, ഒടുവില്‍ കുടിലും പ്രളയജലം മുക്കിയത്. വെള്ളമിറങ്ങിയപ്പോള്‍ ചേന്നന്‍ തന്റെ നായയെ അന്വേഷിച്ചു വന്നു....

''വെള്ളമിറക്കം തുടങ്ങി. ചേന്നന്‍ നീന്തിത്തുടിച്ചു പട്ടിയെ അന്വേഷിച്ചു കൊട്ടിലിലേക്കു വരുകയാണ്. ഒരു തെങ്ങിന്‍ചുവട്ടില്‍ പട്ടിയുടെ ശവശരീരം അടിഞ്ഞുകിടക്കുന്നു. ഓളങ്ങള്‍ അതിനെ മെല്ലെ ചലിപ്പിക്കുന്നുണ്ട്. പെരുവിരല്‍കൊണ്ടു ചേന്നന്‍ അതിനെ തിരിച്ചും മറിച്ചും ഇട്ടുനോക്കി. അതവന്റെ പട്ടിയാണെന്നു സംശയം തോന്നി. ഒരു ചെവി മുറിഞ്ഞിരിക്കുന്നു. തൊലി അഴുകിപ്പോയിരുന്നതിനാല്‍ നിറം എന്തെന്നറിഞ്ഞുകൂടാ.'' തകഴി കഥ അവസാനിപ്പിക്കുന്നതിങ്ങനെയാണ്.!

കാക്കനാടന്റെ 'ഓറോത' എന്ന നോവലിലും 99ലെ വെള്ളപ്പൊക്കത്തെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. മുഖ്യ കഥാപാത്രമായ ഒറോത മീനച്ചിലാറ്റിലെ പെരുവെള്ളത്തില്‍ ഒഴുകിയെത്തിയതാണ്. അന്ന്, കൊല്ലം വര്‍ഷം 99ല്‍ നാടിനെയാകെ മുക്കിയ വെള്ളപ്പൊക്കമായിരുന്നു.

99ലെ വെള്ളപ്പൊക്കത്തില്‍ കുട്ടനാട് മാത്രമായിരുന്നില്ല മുങ്ങിയത്. എല്ലായിടത്തും വെള്ളം കയറി. മധ്യകേരളത്തെയാണ് ഏറ്റവും കൂടുതല്‍ മഴ ബാധിച്ചത്. ആലപ്പുഴ മുഴുവനായി മുങ്ങി. എറണാകുളത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും പ്രളയത്തിനടിയിലായി. മഴ പെയ്ത് മലകളില്‍ നിറഞ്ഞവെള്ളവും കടല്‍ വെള്ളവും ഒരുപോലെ കേരളത്തെ ആക്രമിച്ചു. മധ്യ തിരുവിതാംകൂറില്‍ 20 അടിക്കു മുകളിലേക്കാണ് വെള്ളം ഉയര്‍ന്നത്. കര്‍ക്കിടകപ്പെയ്ത്തിന്റെ പകുതിയായപ്പോഴേക്കും മലബാര്‍ മേഖല പൂര്‍ണ്ണമായി വെള്ളത്തിലായി. കന്നുകാലികള്‍ക്കും വളര്‍ത്തു മൃഗങ്ങള്‍ക്കുമൊപ്പം മനുഷ്യരുടെയും മൃതദേഹങ്ങള്‍ ഒഴുകി വന്നു. ഭാരതപ്പുഴയുള്‍പ്പടെ വഴിമാറിയും കരകവിഞ്ഞും ഒഴുകി. കേരളത്തിന്റെ ഭൂപ്രകൃതിയും നദികളുടെ ഗതിയും വ്യത്യാസപ്പെട്ടു. 

സമുദ്രനിരപ്പില്‍ നിന്ന് 5000 മുതല്‍ 6500 വരെ അടി ഉയരത്തിലുള്ള മൂന്നാറിലെ തേയിലത്തോട്ടങ്ങളിലും വെള്ളപ്പൊക്കമുണ്ടായത് എല്ലാവരെയും അദ്ഭുതപ്പെടുത്തി. അന്ന് ബ്രിട്ടീഷുകാരുടെ പ്രിയപ്പെട്ട താവളമായിരുന്നു മൂന്നാര്‍. ഏഷ്യയിലെ സ്വിറ്റ്‌സര്‍ലാന്റ്!  മൂന്നാറില്‍ വെള്ളം കയറുമെന്ന് ആരും കരുതിയില്ല.  മണ്ണിടിഞ്ഞും മരങ്ങള്‍ കടപുഴകിയും മൂന്നാറിലും പരിസരത്തും വലിയ നാശമാണുണ്ടായത്. ഒഴുകിവന്ന മണ്ണും വെള്ളവും താങ്ങാനാവാതെ ബണ്ടുകള്‍ തകര്‍ന്നതോടെ അണക്കെട്ട് പൊട്ടിയപോലെയുള്ള വെള്ളപ്പാച്ചിലായിരുന്നു. മൂന്നാര്‍ പട്ടണം തകര്‍ന്നു. റോഡുകളെല്ലാം നശിച്ചു. റെയില്‍വേ സ്റ്റേഷനും റെയില്‍പാതയും നഷ്ടപ്പെട്ടു. രാവും പകലും പെയ്ത മഴയില്‍ അന്ന് പലസ്ഥലങ്ങളിലും ഉരുള്‍പൊട്ടലുമുണ്ടായി. 

ഇന്നത്തെപ്പോലെ അന്ന് ചാനലുകള്‍ ഇല്ലായിരുന്നെങ്കിലും പത്രങ്ങളില്‍ ഓരോ പ്രദേശത്തെയും വാര്‍ത്തകള്‍ വരുന്നുണ്ടായിരുന്നു. എങ്കിലും എത്രപേര്‍ മരിച്ചെന്നോ എത്രത്തോളം നാശമുണ്ടായെന്നോ വ്യക്തമായ കണക്കുകള്‍ പുറത്തു വന്നില്ല. ഒരു പത്രവാര്‍ത്തയിങ്ങനെ-

''ഓരോ ദിവസം കഴിയുന്തോറും സംഭവത്തിന്റെ ഭയങ്കരാവസ്ഥ കൂടിക്കൂടിവരുന്നു. പന്തളം ആറില്‍കൂടി അനവധി ശവങ്ങള്‍, പുരകള്‍, മൃഗങ്ങള്‍ മുതലായവയും ഒഴികിപ്പോയ്‌ക്കൊണ്ടിരിക്കുന്നതായും പൂന്തല, ആറ്റുവ മുതലായ സ്ഥലങ്ങളില്‍ അത്യധികമായ നാശനഷ്ടങ്ങള്‍ സംഭവിച്ചതായും അതിനടുത്ത ചാരുപ്പാടം എന്ന പുഞ്ചയില്‍ അനവധി മൃതശരീരങ്ങള്‍ പോങ്ങിയതായും അറിയുന്നു. അധികവും ഇടനാട്, മംഗലം, കൊടയാട്ടുകര ഈ തീരങ്ങളിലാണ് അടിഞ്ഞിരിക്കുന്നത്...''

അന്ന് മലബാറും കൊച്ചിയും തിരുവിതാംകൂറുമെല്ലാം നഷ്ടങ്ങളുടെ കണക്കെടുക്കുകയും പരിഹാരം കാണുകയും ചെയ്തു. കാര്‍ഷിക മേഖലയാകെ 99ലെ വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോയതായി പറയുന്നുണ്ട്. കര്‍ഷകര്‍ക്ക് ആശ്വാസം പകരാനുള്ള പദ്ധതികളും ഭരണാധികാരികളില്‍ നിന്നുണ്ടായി. രക്ഷാ പ്രവര്‍ത്തനവും ദുരിതാശ്വാസവുമെല്ലാമുണ്ടായിരുന്നു. കര്‍ഷകര്‍ക്ക് കടാശ്വാസം നല്‍കിയും വീണ്ടും കൃഷി തുടങ്ങാന്‍ വായ്പ നല്‍കിയും അന്നത്തെ ഭരണസംവിധാനം പ്രളയബാധിതരെ സഹായിച്ചു. ഒലിച്ചുപോയ പാലങ്ങളും റോഡുകളും പുനര്‍നിര്‍മ്മിച്ചു. ഇന്നത്തെ അത്രയും സാങ്കേതിക സംവിധാനങ്ങളും വാര്‍ത്താവിനിമയ വളര്‍ച്ചയും ഇല്ലാതിരുന്ന കാലത്ത് പ്രളയത്തില്‍ മുങ്ങിയ നാടിനെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ മഹാപ്രയത്‌നം ചെയ്തിട്ടുണ്ടാകും അന്ന് ജനങ്ങളും ഭരണകൂടവുമെന്ന് ഉറപ്പ്. 

99ലെ പ്രളയ ശേഷവും അതെങ്ങനെയുണ്ടായെന്ന വിലയിരുത്തലുകളും ചര്‍ച്ചകളും വിമര്‍ശനവുമൊക്കെയുണ്ടായി. അശാസ്ത്രീയമായ വികസനപ്രവര്‍ത്തനങ്ങള്‍ തന്നെയായിരുന്നു അവിടെയും വില്ലന്‍. കാട് വെട്ടിത്തെളിച്ച് അനുയോജ്യമല്ലാത്ത കൃഷി ചെയ്തതും പ്രകൃതിയെ വെല്ലുവിളിച്ച് കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കിയതുമൊക്കെ വിനയായി. ബ്രിട്ടീഷുകാര്‍ റോഡും റെയിലുമെല്ലാം നിര്‍മ്മിക്കാന്‍ വന്‍തോതില്‍ കുന്നിടിക്കുകയും പാടങ്ങള്‍ നികത്തുകയും ചെയ്തത് ദുരന്തത്തിനു കാരണമായതായി വിലയിരുത്തി. പാടങ്ങളും തോടുകളും നികത്തിയപ്പോള്‍ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെട്ടതാണ് വെള്ളപ്പൊക്കത്തിനു കാരണമായത്. 

സമാന സാഹചര്യങ്ങളാണ് 94 വര്‍ഷങ്ങള്‍ക്കിപ്പുറമുണ്ടായ പ്രളയ ശേഷവും വിലയിരുത്തപ്പെടുന്നത്. മലയായ മലയെല്ലാം തുരന്നെടുത്തു. പാടങ്ങളും തണ്ണീര്‍ത്തടങ്ങളും നികത്തി. ജൈവപ്രകൃതിയെയാകെ കൊള്ളയടിച്ചു. കാലാവസ്ഥയെപ്പോലും വെറുതെ വിട്ടില്ല. മനുഷ്യന്‍ ക്രൂരനായ ചൂഷകനായി. അതിനെല്ലാം കൊടിവ്യത്യാസമില്ലാതെ ഭരണക്കാര്‍ ഒപ്പം നിന്നു. നമ്മള്‍ ചെയ്ത പ്രവര്‍ത്തിയുടെ ഫലം നമ്മള്‍ തന്നെ അനുഭവിക്കുമ്പോള്‍, വരാനിരിക്കുന്നത് ഇതിലും വലിയ വിപത്തുകളാണെന്ന തിരിച്ചറിവുണ്ടാകണം.

എങ്കിലും കേരളം അതിജീവനത്തിന്റെ വലിയ ചരിത്രമാണെഴുതുന്നത്. എല്ലാവരും ഒരുമിച്ചുനിന്ന് ഒരുമനസ്സോടെ ദുരന്തത്തിന്റെ ആഘാതത്തെ നേരിടുന്നു. അവിടെ ഭേദവിചാരങ്ങള്‍ക്ക് സ്ഥാനമില്ല.... ഇനി മഴയുടെ ചരിത്രമെഴുതുന്നവര്‍ 99ലെ വെള്ളപ്പൊക്കത്തെകുറിച്ചാകില്ല ഓര്‍ക്കുന്നത്, 1194ലെ വെള്ളപ്പൊക്കത്തെ കുറിച്ചാകും. അതില്‍ ഒത്തൊരുമയുടെ മനോഹര ഓര്‍മ്മകള്‍കൂടി ചേര്‍ത്തുവയ്ക്കപ്പെടും. കേരളത്തില്‍ മാനുഷരെല്ലാരും ഒന്നുപോലെ വാണ കുറച്ചു ദിവസങ്ങള്‍. അതൊരൊണക്കാലത്തെ പ്രളയനാളുകളായിരുന്നു!

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.