മഹാദുരന്തത്തിന്റെ ബാക്കിപത്രം

Friday 24 August 2018 1:20 am IST

നാടിനെ നടുക്കിയ മഹാപ്രളയത്തിന് ഒരറുതി വന്നപ്പോള്‍ ആ ദുരന്തത്തിന്റെ കാര്യകാരണങ്ങളെക്കുറിച്ചുള്ള തര്‍ക്കങ്ങളായി. വീഴ്ച, ജാഗ്രതക്കുറവ് എന്നീ പദങ്ങള്‍ പ്രയോഗിക്കുമ്പോള്‍ അവയുണ്ടാക്കിയ പ്രത്യാഘാതം അനുഭവിച്ചവര്‍ക്കേ അറിയൂ. സര്‍വ്വസ്വവും നഷ്ടപ്പെട്ട് മരണത്തെ മുഖാമുഖം കണ്ട ആ നാളുകളെ നിസ്സാരമായ വാക്കുകളിലൂടെ വിലയിരുത്തുമ്പോള്‍, ഉത്തരവാദികളെ നാളേയ്ക്കുള്ള ഒരു മാതൃകയാക്കി നിയമത്തിന് മുന്നിലെത്തിക്കുവാനുള്ള ആര്‍ജ്ജവം ആരുകാണിക്കും?

രക്ഷാപ്രവര്‍ത്തനം, ശുചീകരണം, പുനരധിവാസം എന്നീ മൂന്ന് ഘട്ടങ്ങളില്‍ ആദ്യഘട്ടം ഒരുവിധം പൂര്‍ത്തിയാക്കി. ശുചീകരണവും നടക്കും. നടന്നല്ലേ മതിയാവൂ. എന്നാല്‍ പുനരധിവാസമെത്തുമ്പോള്‍ കേരളത്തിന്റെ സ്ഥായിയായ സ്വഭാവങ്ങള്‍ കാണേണ്ടി വരും. കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്കും വാസയോഗ്യമല്ലാതായി തീര്‍ന്നവര്‍ക്കും ഒരു പരിഹാരം എന്നുണ്ടാകും? അതുവരെ അവരെ ആര് സംരക്ഷിക്കും?

പ്രളയത്തില്‍ വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കും നശിച്ചവര്‍ക്കും അവ വീണ്ടും നേടുവാന്‍ എന്ന് ധനസഹായം ലഭിക്കും? ആ സഹായത്തിനായി അവര്‍ അനന്തമായി കാത്തരിക്കുമോ? ഇനി സഹായം നല്‍കുമ്പോള്‍ രാഷ്ട്രീയ വേര്‍തിരിവും സ്വജനപക്ഷപാതവും അഴിമതിയും ഇല്ലെന്ന് ആര് ഉറപ്പു വരുത്തും?. നമ്മുടെ നാട്ടില്‍ എല്ലാ രംഗത്തും കണ്ടു വരുന്ന ഈ സ്വഭാവ വിശേഷങ്ങള്‍ ആവര്‍ത്തിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. 

അതില്ലാതാക്കുവാനുള്ള ഇച്ഛാശക്തി ഭരണകൂടം പ്രകടിപ്പിക്കുമോ? ഇപ്പോഴുണ്ടായ ദുരിതം ആര്‍ക്കും തീരാദുരിതമാകാതിരിക്കട്ടെ. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത നല്‍കുവാന്‍ വിവിധ വകുപ്പുകള്‍ ഒന്നായി പ്രവര്‍ത്തിച്ചെ മതിയാകു. അത് അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ എത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും വേണം.

ടി. സംഗമേശന്‍, തൃശൂര്‍

മന്ത്രിയുടെ നടപടി വിമര്‍ശന വിധേയം

സംസ്ഥാനമൊട്ടാകെ പ്രളയത്തില്‍ മുങ്ങി ദുരിതമനുഭവിച്ചപ്പോള്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ വനം മന്ത്രി കെ.രാജു ജര്‍മ്മിനിയില്‍ പോയത് അത്യതികം വിമര്‍ശന വിധേയമാണ്. 

ജനങ്ങളുടെ വോട്ടുവാങ്ങി അധികാരത്തിലെത്തിയ മന്ത്രിമാര്‍ കാട്ടുന്ന ഇത്തരം അനാസ്ഥകള്‍ ജനങ്ങളോടു തന്നെയുള്ള വെല്ലുവിളിയാണ്. മന്ത്രിയെ തിരിച്ചു വിളിച്ചപ്പോഴും താന്‍ ചെയ്ത കാര്യം തെറ്റാണെന്നു തോന്നുന്നില്ല എന്ന ധാര്‍ഷ്ട്യത്തിലാണ് മന്ത്രി ഇപ്പോഴും. കേരളം ദുരന്തമുഖത്ത് നില്‍ക്കുമ്പോള്‍ വിവേചനബുദ്ധിയോടെ പ്രവര്‍ത്തിക്കാന്‍ മന്ത്രിക്ക് കഴിഞ്ഞിട്ടില്ല. 

 

റഹ്മാന്‍, കോഴിക്കോട്‌

 

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.