നിരന്തര സേവനവുമായി സേവാഭാരതി

Friday 24 August 2018 1:25 am IST
"ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീടുകള്‍ തോറും വിതരണം ചെയ്യാനുള്ള സേവാഭാരതി കിറ്റുകള്‍ ബിഎംഎസ് സംസ്ഥാന ഓഫീസില്‍ സജ്ജീകരിക്കുന്ന തൃപ്പൂണിത്തുറയിലെ വനിതാ സേവാഭാരതി പ്രവര്‍ത്തകര്‍"

തിരുവനന്തപുരം: ജീവനുകള്‍ തിരിച്ചുപിടിച്ചു, ഇനി അവരുടെ ജീവിതത്തിലേക്ക്, സേവാഭാരതിയുടെ തീവ്രയജ്ഞം തുടരുന്നു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു ശേഷം ആരോഗ്യസംരക്ഷണത്തിലും ശുചീകരണ പ്രവര്‍ത്തനങ്ങളിലും സേവാഭാരതി ശ്രദ്ധയൂന്നുന്നു. ശുചീകരണത്തിനുവേണ്ട ഉപകരണങ്ങളും രാസവസ്തുക്കളും ശേഖരിക്കുകയും നിപുണതയുള്ള പ്രവര്‍ത്തകരെ ആവശ്യമായ മേഖലകളില്‍ വിന്യസിക്കുകയും ചെയ്യുന്നു. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകളുമെടുക്കുന്നുണ്ട്. 

തിരുവനന്തപുരം റവന്യു ജില്ലയില്‍ നിന്ന് ആയിരത്തോളം പ്രവര്‍ത്തകര്‍ ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ വിവിധ മേഖലകളിലായി പോയിക്കഴിഞ്ഞു. ഇതില്‍ പ്ലംബിങ്, ഗൃഹനിര്‍മാണം, ഇലക്ട്രിക്കല്‍, തടിപ്പണി തുടങ്ങിയ പണികള്‍ അറിയാവുന്നവരേയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

തിരുവനന്തപുരം നഗരത്തില്‍ ജഗതി, കുന്നുകുഴി, പാപ്പനംകോട്, കാലടി, കണ്ണമ്മൂല, കരുമം, ആറ്റുകാല്‍ തുടങ്ങിയ ഭാഗങ്ങളില്‍  സര്‍ക്കാര്‍ സംവിധാനങ്ങള്‍ എത്തുന്നതിനുമുമ്പ് സേവാഭാരതിയാണ് ഓടിയെത്തിയത്. വീടുകളില്‍ നിന്ന് രക്ഷപ്പെടുത്തി ആളുകളെ ക്യാമ്പുകളിലും ആശുപത്രികളിലും എത്തിച്ചു. ക്യാമ്പുകളില്‍ പൊതിച്ചോറുകള്‍ വീടുകളില്‍ നിന്ന് ശേഖരിച്ച് എത്തിച്ചു. വൈദ്യുതിയും കുടിവെള്ളവും മുടങ്ങിയ കള്ളിക്കാട്, വീരണകാവ് അമ്പൂരി, നെയ്യാറ്റിന്‍കര ഭാഗങ്ങളില്‍ കുടിവെള്ളമെത്തിക്കാനും മറ്റ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി അറുനൂറില്‍പ്പരം പ്രവര്‍ത്തകരാണ് രംഗത്തിറങ്ങിയത്. ആര്യനാട്, ഉഴമലയ്ക്കല്‍ ഭാഗങ്ങളില്‍ നിരവധി വീടുകള്‍ തകര്‍ന്നു. ഇവിടെയുള്ള 100 കുടുംബങ്ങള്‍ക്കായി നടത്തുന്ന മുന്നു ക്യാമ്പുകളില്‍ സേവാഭാരതി സഹായങ്ങള്‍ എത്തിക്കുന്നു. 

18ന് ജില്ലയിലെ എല്ലാ സ്ഥലങ്ങളിലും 19ന് നഗരത്തിലെ അഞ്ചു കേന്ദ്രങ്ങളിലും ഉത്പന്ന സമാഹരണം നടത്തി. നഗരത്തില്‍ അഞ്ചു കേന്ദ്രങ്ങളും 15 സബ് സെന്ററും, ആറ്റിങ്ങല്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, ബാലരാമപുരം, വീരണകാവ്, കാട്ടാക്കട എന്നീ പ്രധാന കേന്ദ്രങ്ങളും 25-ല്‍ പരം സബ്‌സെന്ററുകളും പ്രവര്‍ത്തിച്ചു. നെയ്യാറ്റിന്‍കര ജുമാ മസ്ജിദില്‍ നിന്നു സ്വരൂപിച്ച ഉത്പന്നങ്ങള്‍ സേവാഭാരതിക്ക് കൈമാറി. 

നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ വഴുതക്കാട് മൂകാംബിക സ്‌കൂളിലും ഫോര്‍ട്ട് ഹൈസ്‌കൂളിലും എത്തിച്ചാണ് ഉത്പന്നങ്ങള്‍ ദുരിതമേഖലയിലേക്ക് കൊണ്ടുപോകുന്നത്. ഇവിടെ എത്തിക്കുന്ന ഉല്‍പ്പന്നങ്ങള്‍ മരുന്ന്, തുണിത്തരങ്ങള്‍, ഭക്ഷണസാധനങ്ങള്‍ എന്നിങ്ങനെ തരംതിരിച്ച് പ്രത്യേകം കെട്ടുകളാക്കുന്നു. ഇവ ആവശ്യാനുസരണം ഓരോ സ്ഥലങ്ങളില്‍ എത്തിക്കും. ഇവിടെ അമ്പതോളം പ്രവര്‍ത്തകരാണ് കുടുംബസമേതം എത്തി ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്. ഒ. രാജഗോപാല്‍ എംഎല്‍എ, സുരേഷ്‌ഗോപി എംപി, സംവിധായകന്‍ രാജസേനന്‍ തുടങ്ങി  ജീവിതത്തിന്റെ നാനാതുറകളിലുള്ളവര്‍ ജാതിമത രാഷ്ട്രീയ ഭേദമെന്യേ സേവാഭാരതിയോട് സഹകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.