കേരളത്തിന് വേണ്ടതെല്ലാം നല്‍കിയത് ക്രൈസിസ് മാനേജ്‌മെന്റ് സമിതി

Friday 24 August 2018 1:28 am IST

ന്യൂദല്‍ഹി: പ്രളയ ദുരന്തത്തില്‍പ്പെട്ട കേരളത്തിന് ആവശ്യമായ സഹായങ്ങളെല്ലാം ഒരുക്കിയത് കേന്ദ്രസര്‍ക്കാരിന്റെ ക്രൈസിസ് മാനേജ്‌മെന്റ് സമിതി. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി പി.കെ. സിന്‍ഹയുടെ അധ്യക്ഷതയിലുള്ള ക്രൈസിസ് മാനേജ്‌മെന്റ് സമിതി പ്രളയദുരന്തമുണ്ടായത് മുതല്‍ എല്ലാ ദിവസവും ദല്‍ഹിയില്‍ യോഗം ചേര്‍ന്ന് കേരളത്തിനാവശ്യമായതെല്ലാം എത്തിച്ചു. ചീഫ് സെക്രട്ടറി വീഡിയോ കോണ്‍ഫറന്‍സ് വഴി ആവശ്യപ്പെട്ട എല്ലാ സാധനങ്ങളും സഹായങ്ങളും ക്രൈസിസ് മാനേജ്‌മെന്റ് സമിതി ഇതിനകം കേരളത്തില്‍ എത്തിച്ചു കഴിഞ്ഞു. മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം കേന്ദ്രമന്ത്രാലയങ്ങളുടെ ഏകോപനമാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം ഇത്തവണ സാധ്യമാക്കിയത്. 

കേരളത്തിന് പണമായി ഇതുവരെ നല്‍കിയത് 600 കോടി രൂപയാണ്. ഈ തുക സംസ്ഥാന ധനവകുപ്പിന് കൈമാറിക്കഴിഞ്ഞു. എന്നാല്‍ തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണം അടക്കം ഏകദേശം 15,000 കോടി രൂപയുടെ കേന്ദ്രപദ്ധതികളാണ് സംസ്ഥാനത്ത് നടപ്പാക്കാന്‍ ആരംഭിച്ചിരിക്കുന്നത്. ദുരിതാശ്വാസനിധിയായി പണം നല്‍കിയാല്‍ പകുതി മാത്രം ചെലവഴിച്ച് ബാക്കി തുക വകമാറ്റുന്ന സംസ്ഥാനങ്ങളുടെ സ്ഥിരം പരിപാടി ഇത്തവണ സംഭവിക്കാതിരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ചുമതലകളെല്ലാം ക്യാബിനറ്റ് സെക്രട്ടറിയുടെ കീഴിലുള്ള ക്രൈസിസ് മാനേജ്‌മെന്റ് സമിതിയെ ഏല്‍പ്പിച്ചത്. മരുന്നായും ഭക്ഷ്യവസ്തുക്കള്‍ ആയും മറ്റു സഹായങ്ങളായും കേന്ദ്രസമിതിയുടെ മേല്‍നോട്ടത്തിലാണ് കേരളത്തില്‍ എത്തിച്ചിരിക്കുന്നത്. തുടര്‍ന്നുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങളും ക്രൈസിസ് മാനേജ്‌മെന്റ് സമിതിയുടെ മേല്‍നോട്ടത്തിലാകും. ദുരിതാശ്വാസനിധി വകമാറ്റുന്നതടക്കമുള്ള യാതൊരു വിധ പരാതികളും ഉണ്ടാകാതിരിക്കാന്‍ നിതാന്ത ജാഗ്രതയാണ് സമിതി പുലര്‍ത്തുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.